മരിയ ഭക്തിയില്‍ ആഴപ്പെട്ട് പോളണ്ട്

ക്രൈസ്തവ രാജ്യങ്ങളില്‍ മരിയ ഭക്തിയുടെ ഏറ്റവും മികച്ച ഉദാഹരണമായി മാറുകയാണ് പോളണ്ട്. പരിശുദ്ധ അമ്മയോടുള്ള ഭക്തിപ്രകടമാക്കി കൊണ്ട് പ്രസിദ്ധ മരിയന്‍ ചിത്രമായ ”ബ്ലാക്ക് മഡോണ” യുടെ കിരീട ധാരണത്തിന്റെ 300-ാം വാര്‍ഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ആ രാജ്യം. അതിനായി പ്രത്യേക ജുബിലീ വര്‍ഷവും പ്രഖ്യാപിച്ചിരിക്കുന്നു. ഇതിനുവേണ്ടി പോളണ്ട് പാര്‍ലമെന്റ് പ്രത്യേക പ്രമേയം പാസാക്കിയിട്ടുണ്ട്.

‘ഔര്‍ ലേഡി ഓഫ് സെസ്റ്റോചോവ’ എന്ന ചിത്രമാണ് ബ്ലാക്ക് മഡോണ എന്ന് അറിയപ്പെടുന്നത്. ഈ ചിത്രം വിശുദ്ധ ലൂക്ക വരച്ചതായി കരുതപ്പെടുന്നു.  വിശ്വാസികളെ ഏറെ സ്വാധീനിക്കുന്ന ഈ മരിയന്‍ ചിത്രം കാണപ്പെടുന്നത് പോളണ്ടിലെ സ്റ്റൊചോവയിലെ കത്തീഡ്രലിലാണ്.

പോളണ്ട് ജനതയുടെ രാജ്യസ്‌നേഹത്തിന്റെ തന്നെ പ്രതീകമായി മാറിയ ചിത്രമാണ്  ലേഡി ഓഫ് സെസ്റ്റോചോവ. മതപരമായ ഒരു ചിത്രമായിട്ടല്ല രാജ്യം ഇതിനെ നോക്കി കാണുന്നത്. ഒരു രാജ്യത്തിന്റെ എല്ലാ മേഖലകളെയും ഈ ചിത്രം സ്വാധീനിക്കുന്നു. അതുകൊണ്ട് തന്നെയാണ്  2017-ല്‍ മാതാവിന്റെ ചിത്രത്തിന്റെ 300-ാം വാര്‍ഷികം ആഘോഷിക്കുന്ന വര്‍ഷത്തെ പ്രത്യേക വര്‍ഷമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഒരു രൂപതയുടെയോ പ്രദേശത്തിന്റെയോ വിശ്വാസത്തെ ആഴത്തില്‍ സ്വാധീനിക്കുന്ന മരിയന്‍ ചിത്രങ്ങള്‍ക്കായി മാര്‍പാപ്പ തന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് നല്‍കുന്ന പദവിയാണ് കാനോനികമായ കിരീടധാരണം. റോമിന് പുറത്ത് ഈ പദവി ആദ്യമായി ലഭിച്ചത് പോളണ്ടിലെ ‘ബ്ലാക്ക് മഡോണ’ എന്ന ചിത്രത്തിനായിരുന്നു. ക്ലെമന്റ് പതിനൊന്നാമന്‍ മാര്‍പാപ്പയാണ് 1717 സെപ്റ്റംബര്‍ എട്ടാം തീയതി മാതാവിന്റെ ഈ ചിത്രത്തെ കാനോനികമായ കിരീടധാരണത്തിലേക്ക് ഉയര്‍ത്തിയത്. ഈ സംഭവത്തിന്റെ 300-ാം വാര്‍ഷികമാണ് പോളണ്ട് ഇപ്പോള്‍ ആഘോഷിക്കുന്നത്.

രാജ്യത്തിന്റ അമൂല്യമായ സമ്പത്തെന്നാണ് പോളണ്ട് പാര്‍ലമെന്റ് ഈ മരിയന്‍ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. പോളണ്ടിന്റെ ആകെ ജനസംഖ്യയുടെ 94 ശതമാനവും കത്തോലിക്ക വിശ്വാസികളാണ്.  സര്‍ക്കാര്‍ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്ന പുതിയ നടപടിയെ ഏറെ സ്വാഗതം ചെയ്യുന്നതായി ഫാദര്‍ മരിയന്‍ വാലിഗോര പ്രതികരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.