ജീവന് നേരെ ഭീഷണികളുയരുമ്പോൾ നിശബ്ദത പാലിക്കുവാൻ സാധിക്കുകയില്ല: ബ്രസീലിയൻ മെത്രാൻ സമിതി 

ഗുരുതരമായ ആരോഗ്യ- സാമ്പത്തിക- രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന ബ്രസീലിൽ സമൂഹത്തിൽ വേരൂന്നിയ ഘടനാപരമായ അസമത്വങ്ങൾ രൂക്ഷമാണെന്നും നീതി നിഷേധങ്ങളും അവകാശലംഘനങ്ങളും ജീവന് ഭീഷണിയാകുമ്പോൾ നിശബ്ദത പാലിക്കുവാൻ സാധിക്കുകയില്ലെന്നും വ്യക്തമാക്കി ബ്രസീലിയൻ ബിഷപ്‌സ് കോൺഫറൻസ്. ദരിദ്രരുടെയും ദുർബലരുടെയും ജീവിതത്തിൽ കോവിഡ് വളരെ രൂക്ഷമായാണ് ബാധിച്ചിരിക്കുന്നത്.

ഇത് ബ്രസീലിൽ വലിയ വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്. ഈ കഷ്ടതയുടെ യാഥാർഥ്യം ക്രിസ്തുവിന്റെ ശിഷ്യൻമാരുടെ ഹൃദയത്തിൽ പ്രതിധ്വനിക്കണം. ജീവിതത്തെ പ്രോത്സാഹിപ്പിക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ എന്തും ക്രൈസ്തവരെന്ന  നിലയിൽ നമ്മുടെ ദൗത്യത്തെ ബാധിക്കുന്നുണ്ടെന്നും കോൺഫറൻസ് വ്യക്തമാക്കി. ജീവന് ഭീഷണിയാകുമ്പോൾ നാം നിശബ്ദത പാലിക്കരുത്. അവകാശങ്ങൾ പലപ്പോഴും മാനിക്കപ്പെടുന്നില്ല. അക്രമങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ പൊയ്ക്കൊണ്ടിരിക്കുന്നത്. സുവിശേഷത്തിന്റെ അടിസ്ഥാനത്തിൽ നാം ഇതിന് പ്രതിവിധികൾ കണ്ടെത്തണം എന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഏപ്രിൽ 12 മുതൽ 16 വരെയായിരുന്നു ഓൺലൈൻ ബിഷപ്‌സ് കോൺഫറൻസ് നടന്നത്.

സഭാ ശുശ്രൂഷകളിൽ ദൈവ ജനത്തിന്റെ പരിമിതമായ പങ്കാളിത്തം മാത്രമേ നിലവിലുള്ളൂ എങ്കിൽപോലും മനുഷ്യ ജീവിതത്തിന്റെ പവിത്രതയ്ക്ക് നമ്മുടെ പങ്കാളിത്തം ആവശ്യമാണ്. അതിനാൽ ആരാധനകളിലും മറ്റു കാര്യങ്ങളിലും പങ്കെടുക്കുമ്പോൾ ആരോഗ്യപരമായ നിബന്ധനകൾ പാലിക്കണം എന്നും രാജ്യത്തിന്റെ ഭരണാധികാരികൾ എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കണമെന്നും ബിഷപ്പുമാർ ഓർമിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.