ഇറാക്കിനുവേണ്ടി സഭാദ്ധ്യക്ഷന്മാരുടെ സമാധാനാഭ്യര്‍ത്ഥന

അക്രമത്തിന്‍റെ മാര്‍ഗ്ഗം വെടിഞ്ഞ് നവീകരണത്തിന് തയ്യാറാകണമെന്ന് ഇറാക്കി സര്‍ക്കാരിനോട് അവിടത്തെ കത്തോലിക്കാ സഭാപ്രതിനിധികള്‍ അഭ്യര്‍ത്ഥിച്ചു. ജനങ്ങളുടെ സമാധാനപൂര്‍ണ്ണമായ പ്രതിഷേധത്തിന് എതിരെ സര്‍ക്കാരിന്‍റെ അനീതിപരവും അക്രമാസക്തവുമായ പ്രതികരണത്തെ അപലപിച്ചുകൊണ്ടാണ് ബാഗ്ദാദിലെ അല്‍-മന്‍സൂര്‍ ആസ്ഥാനത്തു ചേര്‍ന്ന സ്ഥലത്തെ കൽദായ സഭാ മെത്രാന്മാരുടെയും അല്‍മായ പ്രതിനിധികളുടെയും സംഗമം ജനങ്ങളുടെ പേരില്‍ നീതിക്കായി അഭ്യര്‍ത്ഥന നടത്തിയത്.

ഇറാക്കിലെ കല്‍ദായ കത്തോലിക്ക പാത്രിയര്‍ക്കിസ്, കര്‍ദ്ദിനാള്‍ ലൂയി സാഖോ പ്രഥമന്‍റെ അദ്ധ്യക്ഷതയിലാണ് ദേശീയ തലത്തിലും അന്യനാടുകളില്‍നിന്നുമുള്ള സഭാ പ്രതിനിധികളും മെത്രാന്മാരും ഇറാക്കിന്‍റെ സുസ്ഥിതിക്കായി സര്‍ക്കാരിനോട് അപേക്ഷിച്ചത്. പൗരാണികവും ചരിത്രപരവുമായ ഇറാക്കിന്‍റെ ഭരണാധികാരം അഞ്ജാത ശക്തികളുടെ കൈകളില്‍ അമര്‍ന്നുപോകാതിരിക്കണമെന്ന് സഭാദ്ധ്യക്ഷന്മാര്‍ അപേക്ഷിച്ചു. മാത്രമല്ല അഴിമതിയും അനീതിയും അക്രമവുമില്ലാത്ത ഒരു സര്‍ക്കാര്‍ നാടുഭരിക്കണം എന്ന സദുദ്ദേശത്തോടെയും സമാധാനപരമായും നടത്തുന്ന ജനങ്ങളുടെ പ്രതിഷേധത്തെ അല്‍മായ നേതാക്കളും സഭാദ്ധ്യക്ഷന്മാരും പിന്‍താങ്ങുന്നതായും പ്രസ്താവന വെളിപ്പെടുത്തി.

പ്രതിഷേധിക്കുന്ന സാധാരണ പൗരന്മാരെ തോക്കുകൊണ്ടും അതിക്രമങ്ങള്‍കൊണ്ടും നേരിടുന്ന ധാര്‍ഷ്ട്യത്തിന്‍റെ മുറ മാറ്റിവയ്ക്കണമെന്നും, സംവാദത്തിന്‍റെയും നീതിയുടെയും വഴികള്‍ സ്വീകരിക്കണമെന്നും സഭാദ്ധ്യക്ഷന്മാര്‍ അഭ്യര്‍ത്ഥനയില്‍ വ്യക്തമാക്കി. സര്‍ക്കാരിന് എതിരെ പ്രതിഷേധിക്കുന്ന ജനങ്ങളും യുവതീയുവാക്കളും നാടിന്‍റെ മക്കളും ഭാവിയുമാണ്. അതുപോലെ ഇറാക്കിലെ ജനങ്ങളുടെ മതപരവും സാംസ്കാരികവുമായ ബഹുത്വവും വലിപ്പവും മനസ്സിലാക്കി, സംസ്കാര സമ്പന്നമായ നാടിനെ പൊതുഭവനമായി ഉള്‍ക്കൊള്ളണമെന്നും കര്‍ദ്ദിനാള്‍ സാഖോയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മ അഭ്യര്‍ത്ഥിച്ചു. സംഘര്‍ഷത്തില്‍ മരണമടഞ്ഞവരുടെ ആത്മശാന്തിക്കായും, മുറിപ്പെട്ടവരുടെ സൗഖ്യത്തിനായും, ഇറാക്കിനെ സമാധാനപൂര്‍ണ്ണവും മഹത്വമാര്‍ന്നതുമായ രാഷ്ട്രമാക്കി മാറ്റണമേയെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊണ്ടാണ് പാത്രിയേര്‍ക്കേറ്റിന്‍റെ മാധ്യമപ്രസ്താവന ഉപസംഹരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.