ശ്രീലങ്കയിലെ ഈസ്റ്റർ ദിന സ്ഫോടനം: പ്രസിഡന്റിന്റെ പ്രതികരണം ആവശ്യപ്പെട്ട് ബിഷപ്പുമാർ

2019 -ൽ ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ പള്ളികൾക്കെതിരെ നടന്ന തീവ്രവാദ ആക്രമണങ്ങളിൽ സർക്കാർ നടത്തിയ അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ശ്രീലങ്കയിലെ മെത്രാന്മാർ. ജൂലൈ 12 -നാണ് ഇത് സംബന്ധിച്ച് പ്രതികരണമാവശ്യപ്പെട്ട് മെത്രാൻ സമിതി ശ്രീലങ്കൻ പ്രസിഡന്റിന് കത്തയച്ചു.

ആക്രമണത്തെ തുടർന്ന് നടത്തിയ ഔദ്യോഗിക അന്വേഷണം നടത്തിയ ശുപാർശകൾ ഇതുവരെ പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്നും ബിഷപ്പുമാർ കത്തിലൂടെ ചോദിച്ചു. കൊളംബോ അതിരൂപതയും ശ്രീലങ്കയിലെ കർദിനാൾ ആൽ‌ബർട്ട് മാൽക്കം രഞ്ജിത്തും നിരവധി ബിഷപ്പുമാരും 30 -ഓളം പുരോഹിതന്മാരും ഈ കത്തിൽ ഒപ്പിട്ടു. ഒരു മാസത്തിനുള്ളിൽ ഈ കത്തിനോട് പ്രസിഡന്റ് പ്രതികരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

2019 ഏപ്രിലിൽ ഈസ്റ്റർ ഞായറാഴ്ച മൂന്ന് പള്ളികളിലും നാല് ഹോട്ടലുകളിലും ഭവന സമുച്ചയത്തിലുമായി നടന്ന ചാവേർ ബോംബാക്രമണങ്ങളിൽ 260 ൽ അധികം ആളുകൾ കൊല്ലപ്പെടുകയും 500 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന് മുമ്പ് വിദേശ രഹസ്യാന്വേഷണ വിഭാഗം സർക്കാരിനു മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, അധികാര പോരാട്ടവും അന്നത്തെ പ്രസിഡന്റും പ്രധാനമന്ത്രിയും തമ്മിലുള്ള ആശയവിനിമയത്തിലെ പരാജയവുമാണ് അടിയന്തര സുരക്ഷ ഒരുക്കുന്നതിനുള്ള പരാജയത്തിന് കാരണം.

നിലവിൽ കേസിലെ 42 പ്രതികളിൽ ആക്രമണത്തിന്റെ സൂത്രധാരന്മാരുണ്ടോ എന്നും ബിഷപ്പുമാർ കത്തിലൂടെ ചോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.