യുദ്ധമേഖലകളിൽ സൈനിക ചാപ്ലിൻ ആയിരുന്ന ബിഷപ്പ്

ഇന്ന് അമേരിക്കയിൽ, സൈന്യത്തിൽ സേവനമനുഷ്ഠിച്ച് മരിച്ചുപോയവർക്ക് ആദരാഞ്ജലി അർപ്പിക്കുന്ന ദിനമാണ്. ഇന്നേ ദിനം, നിരവധി വർഷങ്ങൾ യുദ്ധമേഖലകളിൽ സൈനിക ചാപ്ലിൻ ആയി സേവനമനുഷ്ഠിക്കാൻ സാധിച്ചതിന് ദൈവത്തിന് നന്ദി പറയുകയാണ് അലാസ്കയിലെ ഫെയർബാങ്ക് ബിഷപ്പ് ചാഡ് സീലിൻസ്കി. വളരെയേറെ സംഘർഷമേഖലകളായ അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും യുദ്ധമുഖത്ത് പ്രാർത്ഥനയോടെ അദ്ദേഹമുവുണ്ടായിരുന്നു.

“2014 ഡിസംബർ 15 -ന് എന്നെ ബിഷപ്പായി നിയമിച്ചപ്പോൾ, ഞാൻ സൈനിക ചാപ്ലിനായി സേവനം ചെയ്തുവരികയായിരുന്നു. എനിക്ക് മറ്റൊരു സൈനികദൗത്യം നൽകുമെന്ന് ഞാൻ കരുതി. പക്ഷേ ദൈവഹിതം മറ്റൊന്നായിരുന്നു. വടക്കൻ അലാസ്കയിലെ ബിഷപ്പായി എന്നെ നിയമിക്കുകയായിരുന്നു. ഞാൻ അലാസ്കയിലെ എന്റെ ചെറിയ സൈനിക ലോകത്തിലായിരുന്നു. വളരെ സങ്കടകരവും അക്രമാസക്തവുമായ യുദ്ധസാഹചര്യങ്ങളിൽ സൈനിക ചാപ്ലിനായിരിക്കാൻ ദൈവം എനിക്ക് അവസരം തന്നിട്ടുണ്ട്” – ബിഷപ്പ് വെളിപ്പെടുത്തി.

57 വയസായ ബിഷപ്പ് ചാഡ് സീലിൻസ്‌കി 1996 ജൂൺ എട്ടിനാണ് വൈദികനായി അഭിഷിക്തനായത്. അഞ്ച് വർഷങ്ങൾക്കു ശേഷം, 2001 സെപ്റ്റംബർ 11 -നുണ്ടായ തീവ്രവാദി ആക്രമണത്തോടെയാണ്, ദൈവശുശ്രൂഷയോടൊപ്പം സൈനികരുടെ ജീവിതത്തിന്റെ ഭാഗമാകാനും അദ്ദേഹം തീരുമാനിച്ചത്. 2002-ൽ നോർത്ത് ഡക്കോട്ടയിലെ ഗ്രാൻഡ് ഫോർക്‌സ് എയർഫോഴ്‌സ് ബേസിൽ ചാപ്ലിൻ ആയി സേവനം ആരംഭിച്ചു. 2003 -നും 2005 -നുമിടയിൽ അദ്ദേഹം ഇംഗ്ലണ്ടിൽ ഉണ്ടായിരുന്നു. തുടർന്ന് അമേരിക്കയിലേക്കു മടങ്ങി. അവിടെ അദ്ദേഹത്തെ ടെക്സാസിലെ ഒരു സൈനികതാവളത്തിലേക്ക് നിയമിച്ചു.

2012 -ൽ ഫെയർബാങ്കിലെ ഈൽസൺ ബേസിൽ ചാപ്ലിൻ ആയി സേവനമനുഷ്ഠിക്കാൻ അദ്ദേഹത്തെ അലാസ്കയിലേക്ക് വിളിച്ചു. 2013 ജൂലൈയിൽ അദ്ദേഹത്തെ മേജർ പദവിയിലേക്ക് ഉയർത്തി. ഇറാഖും അഫ്ഗാനിസ്ഥാനും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ യുദ്ധമേഖലയിൽ അദ്ദേഹം സേവനം ചെയ്തിരുന്നു.

“സഭ എന്നെ സൈന്യത്തിനും സൈന്യം സഭക്കും വേണ്ടി എന്നെ ഒരുക്കിയിരിക്കുന്നുവെന്ന് ഞാൻ കരുതുന്നു. ഞങ്ങൾക്ക് ഓർഡറുകൾ ലഭിക്കുന്നു, ഞങ്ങൾ പോകുന്നു. അത് ചിലപ്പോൾ മാർപാപ്പയിൽ നിന്നാകാം, മറ്റു ചിലപ്പോൾ സൈനിക ജനറലിൽ നിന്നും” – ബിഷപ്പ് വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.