മാര്‍ ലൂയിസ് പഴേപറമ്പില്‍ – ഓര്‍മ്മകള്‍ക്ക് നൂറു വയസ്

    മാതൃസഭയ്ക്കു വേണ്ടി മഹാത്യാഗങ്ങള്‍ ഏറ്റെടുത്ത് ഏഴ് വ്യാകുലങ്ങളില്‍ പ്രഥമനായി മാറിയ ലൂയിസ് പഴേപറമ്പില്‍ മെത്രാന്റെ ചരമ ശതാബ്ദിക്ക് ഈ ഡിസംബര്‍ 9-ന് നാന്ദി കുറിക്കുകയാണ്. സുറിയാനി സഭാ ചരിത്രത്താല്‍ നിര്‍മ്മിക്കപ്പെട്ടവനും അതിനെ നിര്‍മ്മിച്ചവനുമായ അദ്ദേഹം കാലത്തിനു മുമ്പേ കാല്‍നീട്ടി നടന്ന കര്‍മ്മയോഗിയാണ്. ഭഗീരഥന്‍ ഗംഗയെ എന്നപോലെ സുറിയാനി സഭാചരിത്രപ്രവാഹത്തെ മറ്റൊരു ഗതിക്ക് തിരിച്ചുവിടാന്‍ ആ കരുത്തുറ്റ കരങ്ങള്‍ക്ക് സാധിച്ചു.

    ജീവിതം

    പുളിങ്കുന്ന് ഇടവകയില്‍ പഴേപറമ്പില്‍ മാമ്മന്‍-ത്രേസ്യാ ദമ്പതികളുടെ ഏകമകനായി 1847 മാര്‍ച്ച് 25-ന് മത്തായി ജനിച്ചു. കര്‍മ്മലീത്താ സഭയില്‍ (ഇന്നത്തെ സി.എം.ഐ) ചേര്‍ന്ന് ലൂയിസ് എന്ന പേര് സ്വീകരിച്ചു. 1870 ഡിസംബര്‍ 4-ന് വൈദികപട്ടം സ്വീകരിച്ചു. റോമില്‍ നിന്ന് അയച്ച അപ്പസ്‌തോലിക് വിസിറ്റര്‍ ലെയോ മൊയ്‌റീന്‍ മെത്രാന്റെ പരിഭാഷകനായി സേവനം ചെയ്തു. തുടര്‍ന്ന് കോട്ടയം വികാരി അപ്പസ്‌തോലിക്ക ചാള്‍സ് ലവീഞ്ഞ് മെത്രാന്റെ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു. 1876 ഓഗസ്റ്റ് 11-ന് എറണാകുളം വികാരി അപ്പസ്‌തോലിക്ക ആയി നിയമിതനായി. ഒക്‌ടോബര്‍ 25-ന് മെത്രാനായി അഭിഷിക്തനായി. 1919 ഡിസംബര്‍ 9 ചൊവ്വാഴ്ച രാവിലെ 8 മണിക്ക് പരിശുദ്ധ കുര്‍ബാന മധ്യേ മരണമടഞ്ഞു. എറണാകുളം ബസിലിക്ക ദൈവാലയത്തില്‍ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നു.

    ഒരു ഉത്കൃഷ്ട കുടുംബത്തിലെ ഏകപുത്രനായി ജനിച്ച് തന്റെ മാതാപിതാക്കന്മാരുടെ ഏകശരണമായി വളര്‍ന്ന് അനവധി സ്വത്തുക്കളുടെ ഏക അവകാശിയായി തീര്‍ന്ന ഈ വന്ദ്യപിതാവ് ബാല്യത്തില്‍ തന്നെ ലൗകീകസുഖങ്ങളെല്ലാം ഉപേക്ഷിച്ച് സ്വമനസ്സാലെ തന്നെ ദൈവിക ശുശ്രൂഷയ്ക്കായി പ്രതിഷ്ഠിച്ചു. സന്യാസാശ്രമത്തില്‍ ചേര്‍ന്ന് അവിടെ ലൗകികവും ദൈവികവുമായ ശാസ്ത്രങ്ങളും നാട്ടുഭാഷകളും പരദേശ ഭാഷകളും അഭ്യസിച്ച് ആശ്രമത്തിലെ ജീവിതമുറകളെല്ലാം ക്രമമായി അനുഷ്ഠിച്ച് ഒരു ഉത്തമ സന്യാസിയുടെ ജീവിതം നയിച്ചു പോന്നു. എന്നാല്‍ മാതൃസഭയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി സ്വീകരിച്ച ധീരമായ നിലപാടുകള്‍ അദ്ദേഹത്തിന്റെ ജീവിതവും സഭയുടെ ചരിത്രവും മാറ്റിമറിച്ചു. ഈ ചരമശതാബ്ദിയില്‍ അദ്ദേഹം വിസ്മരിക്കപ്പെട്ടു പോയാല്‍ അത് നാം സഭാചരിത്രത്തോട് തന്നെ ചെയ്യുന്ന ക്രൂരതയായിരിക്കും.

    ഏഴു വ്യാകുലങ്ങളില്‍ ഒന്നാമന്‍

    വരാപ്പുഴ അതിരൂപതയുടെ കീഴില്‍ കര്‍മ്മലീത്താ സഭ (ഒ.സി.ഡി) അംഗമായി വൈദികശുശ്രൂഷ ചെയ്യുന്ന അവസരത്തില്‍ കര്‍മ്മലീത്ത സഭ (സി.എം.ഐ) അംഗങ്ങള്‍ തന്നെയായ വരാപ്പുഴ അധികാരികള്‍ക്കെതിരെ റോമിലേയ്ക്ക് പരാതി എഴുതി അയച്ചു എന്നതാണ് അദ്ദേഹം ചെയ്ത ധീരകൃത്യം. ഇത് മാന്നാനം ഹര്‍ജി (1875) എന്ന പേരില്‍ അറിയപ്പെടുന്നു. കര്‍മ്മലീത്താക്കാര്‍ വിദ്യാഭ്യാസത്തിന് യാതൊരു പ്രാധാന്യവും നല്‍കുന്നില്ല, അതിനാല്‍ തങ്ങളുടെ സമുദായം അധഃപതിക്കുകയും മറ്റ് സമുദായങ്ങള്‍ ഉന്നതി പ്രാപിക്കുകയും ചെയ്യുന്നു. ഇതിനൊരു പരിഹാരം എന്ന നിലയില്‍ സൂര്യനു കീഴിലുള്ള എല്ലാ സമുദായങ്ങള്‍ക്കുമെന്ന പോലെ തങ്ങള്‍ക്കും സ്വസമുദായത്തില്‍ നിന്ന് ഒരു നേതാവിനെ വേണം എന്നതായിരുന്നു ആ കത്തിന്റെ ഉള്ളടക്കം. ഈ കത്തിലൂടെ അദ്ദേഹം ഒരു നാട്ടുമെത്രാനെ ആവശ്യപ്പെട്ടു. അത് ഉടനെ സാധ്യമല്ലെങ്കില്‍ വിദ്യാഭ്യാസ കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ നല്‍കുന്ന ജസ്യൂട്ട് സഭയില്‍ നിന്ന് ഒരു മെത്രാനെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു. ഒരു കാലത്ത് ജസ്യൂട്ടുകാര്‍ക്കെതിരെ പ്രക്ഷോഭം നടത്തിയവരുടെ പിന്‍തലമുറക്കാര്‍ അവരെ തന്നെ വീണ്ടും ആവശ്യപ്പെട്ടു എന്ന വിധിവൈപരീത്യം ഇവിടെ സംഭവിച്ചു. എങ്കിലും ഭാരതസഭയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി ഈ നിവേദനം മാറി. ഇതിനോട് വരാപ്പുഴ അധികാരികള്‍ വളരെ രൂക്ഷമായാണ് പ്രതികരിച്ചത്. ലൂയിസ് അച്ചനെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്ന മറ്റു വൈദികരെയും കൊവേന്തകളില്‍ നിന്ന് പുറത്താക്കി. ഇവര്‍ക്ക് ആശ്രമവാസവും ആശ്രമവസ്ത്രവും ഉപേക്ഷിച്ച് സ്വഭവനങ്ങളിലോ മറ്റിടങ്ങളിലോ പോയി ദീര്‍ഘനാള്‍ താമസിക്കേണ്ടതായി വന്നു. ഇത് അവര്‍ക്ക് സമൂഹത്തിന്റെയും കുടുംബത്തിന്റെയും മുമ്പില്‍ അപമാനത്തിന് കാരണമായി തീര്‍ന്നു. ഇവരില്‍ തങ്ങളുടെ തീരുമാനങ്ങളില്‍ ഉറച്ചുനിന്നവരാണ് ഏഴു വ്യാകുലങ്ങള്‍ എന്ന് അറിയപ്പെടുന്നത്. പക്ഷേ ഈ സാഹചര്യം അവര്‍ക്ക് ആളുകളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നതിനും അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനും അങ്ങനെ പ്രക്ഷോഭം ശക്തമാക്കുന്നതിനും സര്‍വ്വസ്വാതന്ത്ര്യവും നല്‍കി.

    ലെയോ മൊയ്‌റീന്റെ പരിഭാഷകന്‍

    കേരളത്തിലെ സഭാകാര്യങ്ങള്‍ അന്വേഷിക്കുന്നതിന് ബോംബെ മെത്രാനായിരുന്ന ലെയോ മൊയിറീനെ മാര്‍പ്പാപ്പാ നിയമിച്ചു. അദ്ദേഹത്തിന് രണ്ട് ദൗത്യങ്ങളാണ് ഉണ്ടായിരുന്നത്:

    1. കേരളസഭയെ പിടിച്ചുകുലുക്കി കൊണ്ടിരിക്കുന്ന മേലൂസ് ശീശ്മയെ അമര്‍ച്ച ചെയ്യുക. അത് അദ്ദേഹം നിധീരിക്കല്‍ മാണിക്കത്തനാര്‍, ലൂയിസ് പഴേപറമ്പില്‍ എന്നിവരുമായി സഹകരിച്ച് ഭംഗിയായി നിര്‍വ്വഹിച്ചു.

    2. ഏഴു വ്യാകുലങ്ങള്‍ എഴുതിയയച്ച പരാതികള്‍ പരിശോധിച്ച് റോമില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. മൊയിറീന്‍ മെത്രാന്‍ ലൂയിസ് അച്ചന്റെ സഹായത്തോടെ ഇതും നിര്‍വ്വഹിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അല്ലിയാര്‍ദ്രി എന്ന അപ്പസ്‌തോലിക ഡലഗേറ്റിനെ റോമില്‍ നിന്ന് കേരളത്തിലേയ്ക്ക് അയച്ചു. അദ്ദേഹം വന്നപ്പോള്‍ നടന്ന ഏറ്റവും രസകരമായ സംഗതി എതിര്‍പക്ഷത്തിന്റെ തലവനായ വരാപ്പുഴ മെത്രാന്‍ മര്‍സലിനോസിനെക്കൊണ്ട് തന്നെ സുറിയാനിക്കാര്‍ക്ക് ഒരു നാട്ടുമെത്രാനെ വേണം എന്ന ഹര്‍ജി ഡലഗേററ്റിനു സമര്‍പ്പിക്കാന്‍ ലൂയിസ് അച്ചനും മാണിയച്ചനും കഴിഞ്ഞു എന്നുള്ളതാണ്. 1887 മെയ് 20-ന് സുറിയാനിക്കാര്‍ക്കായി കോട്ടയം, തൃശൂര്‍ വികാരിയാത്തുകള്‍ സ്ഥാപിക്കപ്പെട്ടു. വീണ്ടും ലൂയിസ് അച്ചന്റെ ശക്തമായ ഇടപെടല്‍ മൂലമാണ് കര്‍മ്മലീത്താക്കാര്‍ക്ക് പകരം ജസ്യൂട്ട് മെത്രാനെ ലഭിച്ചത്. നാട്ടുമെത്രാനെ ലഭിക്കുകയില്ലെങ്കില്‍ രണ്ടാമത്തെ സാധ്യത എന്ന നിലയിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. ജസ്യൂട്ടുകാര്‍ വിദ്യാഭ്യാസത്തിന് നല്‍കിയിരുന്ന പ്രാധാന്യമാണ് അദ്ദേഹത്തെക്കൊണ്ട് ഇപ്രകാരം ചിന്തിപ്പിച്ചത്.

    ചാള്‍സ് ലവീഞ്ഞ് മെത്രാന്റെ സെക്രട്ടറി

    ജസ്യൂട്ടുകാരനായ ചാള്‍സ് ലവീഞ്ഞ് കോട്ടയം വികാരിയാത്തിന്റെ മെത്രാനായതോടു കൂടി ഏറ്റവും അധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നത് ലൂയിസ് അച്ചനായിരുന്നു. പാലാക്കുന്നേല്‍ വലിയച്ചന്‍ തുടങ്ങിയവര്‍ പണ്ട് സഭ പിളര്‍ത്തിയ ജസ്യൂട്ടുകാര്‍ വീണ്ടും വന്നത് ലൂയിസ് അച്ചന്‍ കാരണമാണെന്ന് വിമര്‍ശിച്ചു. സ്വജാതി മെത്രാനെ ലഭിക്കണമെന്ന് പറഞ്ഞ് ജനത്തെ കബളിപ്പിച്ച് പ്രക്ഷോഭങ്ങള്‍ നടത്തിയിട്ട് സഭയെ വീണ്ടും ജസ്യൂട്ടുകാരുടെ കാല്‍ക്കീഴില്‍ കൊണ്ടുവച്ചു എന്ന വിമര്‍ശനവും ഏല്‍ക്കേണ്ടി വന്നു. എന്നാല്‍ അദ്ദേഹം സെക്രട്ടറി എന്ന നിലയില്‍ ലവീഞ്ഞ് മെത്രാന്റെ ഭരണം ശ്രേയസ്‌ക്കരമാകുന്നതിനു വേണ്ടി കഠിനമായി പരിശ്രമിച്ചു. അവര്‍ തമ്മില്‍ ആഴമായ ഒരു ബന്ധം നിലനിന്നിരുന്നു. ലവീഞ്ഞ് മെത്രാന്റെ പല നയപരമായ തീരുമാനങ്ങളെയും ലൂയിസ് അച്ചന്‍ സ്വാധീനിച്ചിരുന്നു. അദ്ദേഹത്തന്റെ ഉത്സാഹത്തിലാണ് വികാരിയാത്തിന്റെ ആസ്ഥാനം ചങ്ങനാശേരിയായി ലവീഞ്ഞ് മെത്രാന്‍ നിശ്ചയിച്ചതും എസ്. ബി. സ്‌കൂള്‍ പോലെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചതും. ഒന്‍പതു വര്‍ഷം അദ്ദേഹം സെക്രട്ടറിയായി സേവനം ചെയ്തു. ഈ അവസരത്തില്‍ അദ്ദേഹം യൂറോപ്പ് സന്ദര്‍ശിക്കുകയും വികാരിയാത്തനു വേണ്ടി സാമ്പത്തിക സഹായങ്ങള്‍ സ്വീകരിക്കുകയും ചെയ്തു.

    കന്യാമഠങ്ങളുടെ സമാരംഭകന്‍

    ലവീഞ്ഞ് മെത്രാന്‍ ലൂയിസ് അച്ചനെ കന്യാമഠങ്ങളുടെ ഡയറക്ടര്‍ ആയി നിയമിച്ചു. എന്നാല്‍ അന്ന് ഒരു കന്യാമഠം പോലും വികാരിയാത്തില്‍ ഉണ്ടായിരുന്നില്ല. ഉള്ള മഠങ്ങളെ ഭരിക്കുക എന്നതല്ല, ഇല്ലാത്ത മഠങ്ങളെ ഉണ്ടാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. ചാവറയച്ചന്‍ സ്ഥാപിച്ച കൂനമ്മാവ് മഠത്തില്‍ നിന്ന് സന്യാസിനികളെ കൊണ്ടുവന്ന് മുത്തോലിയില്‍ മഠം ഉണ്ടാക്കി അവിടെ താമസിപ്പിച്ചു. തുടര്‍ന്ന് ചങ്ങനാശേരിയിലും വൈക്കത്തും ആരക്കുഴയിലും മഠങ്ങള്‍ സ്ഥാപിച്ചു. ഇവയെല്ലാം കര്‍മ്മലീത്താ (സി.എം.സി) മഠങ്ങള്‍ ആയിരുന്നു. ഇവയ്ക്ക് നിയമസംഹിതകളും ഉണ്ടാക്കി. ക്ലാരമഠത്തിന്റെ ആവിര്‍ഭാവത്തിലും ലൂയിസ് അച്ചന്‍ ഉത്സാഹിച്ചിരുന്നു. കണ്ണാടി ഉറുമ്പില്‍ ആരംഭിച്ചിരുന്ന പ്രസ്ഥാനത്തെ വ്യവസ്ഥാപിതമായ ഒരു മഠമായി മാറ്റാന്‍ വേണ്ട സഹായങ്ങള്‍ ചെയ്തു. ചങ്ങനാശേരിയിലും ക്ലാരമഠം ആരംഭിച്ചു. സമുദായോത്ക്കര്‍ഷത്തിനു കന്യാമഠങ്ങള്‍ ആവശ്യമാണെന്നും അവ സ്ഥാപിക്കുകയും സംരക്ഷിക്കുകയും ചെയ്യുക ഉന്നതമായ ഒരു കാര്യമാണെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു.

    എറണാകുളത്തിന്റെ പ്രഥമ മെത്രാന്‍

    1896-ല്‍ കോട്ടയം തൃശൂര്‍ വികാരിയാത്തുകള്‍ പുനര്‍വിഭജനം ചെയ്ത് എറണാകുളം വികാരിയാത്ത് സ്ഥാപിക്കുകയും മാര്‍ ലൂയിസ് പഴേപറമ്പില്‍ പ്രഥമ വികാരി അപ്പസ്‌തോലിക്കയായി നിയമിക്കപ്പെടുകയും ചെയ്തു. പുതിയ രൂപതയായിരുന്നതിനാല്‍ എറണാകുളത്തിന് അടിസ്ഥാനകാര്യങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ലൂയിസ് മെത്രാന്‍ ആദ്യമായി അരമന പണികഴിപ്പിച്ചു. വിദ്യാലയങ്ങള്‍ ആരംഭിച്ചു. സാമ്പത്തിക ഉന്നമനത്തിനു വേണ്ടി യത്‌നിച്ചു. അദ്ദേഹം രൂപതക്കുള്ളില്‍ തന്നെ വന്‍തോതില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി. മാര്‍ പഴേപറമ്പില്‍ ഭരണമേല്‍ക്കുമ്പോള്‍ എഴുപത്തിയയ്യായിരം വിശ്വാസികള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് അദ്ദേഹം മരിക്കുമ്പോള്‍ ഒരുലക്ഷത്തി പതിനെണ്ണായിരും പേരാണ് ഉണ്ടായിരുന്നത്. ധാരാളം ഇടവകകളും കന്യാമഠങ്ങളും അനാഥാലയങ്ങളും സ്ഥാപിക്കുകയും ചെയ്തു. അദ്ദേഹം തന്റെ വ്യക്തിപരമായ സമ്പാദ്യം പോലും രൂപതയുടെ അഭിവൃദ്ധിക്കായി ചെലവഴിച്ചു. രൂപതയെ ഉന്നതിയിലേക്ക് നയിച്ചു.

    ഹയരാര്‍ക്കിയുടെ പ്രാരംഭകന്‍

    വികാരി അപ്പസ്‌തോലിക്കയായി നിയമിതനായ ശേഷം അദ്ദേഹത്തിന്റെ സുപ്രധാന പ്രവര്‍ത്തനങ്ങളിലൊന്ന് സുറിയാനി സഭയ്ക്കായി ഒരു ഹയരാര്‍ക്കി (സ്വയംഭരണ സംവിധാനം) സ്ഥാപിക്കുക എന്നതായിരുന്നു. ഇതിനായി അദ്ദേഹം ആത്മാര്‍ത്ഥമായും അക്ഷീണമായും പരിശ്രമിച്ചെങ്കിലും തന്റെ മരണത്തിനു മുമ്പ് അത് കാണാനുള്ള ഭാഗ്യം അദ്ദേഹത്തിനു ലഭിച്ചില്ല.

    ഉപസംഹാരം

    മാതൃസഭയ്ക്കു വേണ്ടി കഠിനമായ ത്യാഗങ്ങള്‍ ഏറ്റുവാങ്ങിയ ഈ വ്യാകുല വ്യക്തിത്വം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് ഈ ഡിസംബര്‍ 9-ന് ഒരു ശതാബ്ദത്തിലേയ്ക്കു കടക്കുകയാണ്. ആ പുണ്യദീപത്തിന്റെ സ്മരണ സഭയില്‍ എന്നും കെടാതെ നില്‍ക്കട്ടെ. സഭയെ സ്‌നേഹിക്കുവാനും സഭയ്ക്കു വേണ്ടി നിലകൊള്ളുവാനും ത്യാഗങ്ങളും സഹനങ്ങളും ഏറ്റെടുക്കുവാനും അദ്ദേഹം നമുക്ക് പ്രചോദനമായി മാറട്ടെ.

    ഏഴ് വ്യാകുലങ്ങള്‍

    വരാപ്പുഴ അധികാരികള്‍ക്കെതിരെ റോമില്‍ പരാതി സമര്‍പ്പിച്ചതിന്റെ പേരില്‍ (മാന്നാനം ഹര്‍ജി – 1875) കൊവേന്തകളില്‍ നിന്ന് പുറത്താക്കപ്പെട്ട ഏഴ് സന്യസ്ത വൈദികരാണ് ഏഴ് വ്യാകുലങ്ങള്‍ എന്ന പേരില്‍ ഭാരത സഭാചരിത്രത്തില്‍ അറിയപ്പെടുന്നത്:

    1. പഴേപറമ്പില്‍ ലൂയിസ് അച്ചന്‍ (പിന്നീട് മെത്രാന്‍)
    2. ചാവറ യൗസേപ്പ് അച്ചന്‍
    3. ഇരിമ്പന്‍ വര്‍ഗീസ് അച്ചന്‍
    4. മീനാട്ടൂര്‍ മാണി അച്ചന്‍
    5. മാതേയ്ക്കല്‍ മത്തായി അച്ചന്‍
    6. ശങ്കുരിക്കല്‍ പൗലോസ് അച്ചന്‍
    7. തറവട്ടത്തില്‍ ഹില്ലാരിയോസ് അച്ചന്‍

    (റഫറന്‍സ്: ഐ.സി. ചാക്കോ, മാര്‍ ലൂയിസ് പഴേപറമ്പില്‍: ജീവിതവും കാലവും)

    റവ. ഫാ. ജയിംസ് കൊക്കാവയലില്‍

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.