പ്രാർത്ഥനയും ഉപവാസവും ദാനധർമ്മവും പിശാചിനെ പരാജയപ്പെടുത്തും: സ്‌പെയിനിലെ ബിഷപ്പ്

സാത്താന്റെ പ്രലോഭനങ്ങൾ നമ്മുടെ ഇടയിൽ ശക്തമാണെന്നും അതിനെ മറികടക്കുവാനും കീഴ്പ്പെടുത്തുവാനും പ്രാർത്ഥന, ഉപവാസം, ദാനധർമ്മം എന്നിവയിലൂടെ കൈവരുന്ന ദൈവീകമായ കൃപാവരത്തിനു മാത്രമേ കഴിയൂ എന്നും ഓർമ്മപ്പെടുത്തി സ്‌പെയിനിലെ ബിഷപ്പ്. മോൺ. ഡെമെട്രിയോ ഫെർണാണ്ടസ് തന്റെ നോമ്പുകാല സന്ദേശത്തിലാണ് ഇപ്രകാരം വെളിപ്പെടുത്തിയത്.

“നോമ്പ് വിശുദ്ധമായ സമയമാണ്. കാരണം, നമ്മുടെ നന്മയ്ക്കായി ദൈവം നൽകിയ സമയമാണ് അത്. ഈശോയുടെ പീഡാസഹനവും കുരിശു മരണവും ഉത്ഥാനവും അനുസ്മരിക്കുന്ന ദിനങ്ങൾ. നോമ്പ് ഒരു ആത്‌മീയമായ കയറ്റത്തിന്റെ കാലമാണ്. ക്രിസ്തീയ മൂല്യങ്ങൾ പകരുന്ന സഹനങ്ങളുടെ പീഢഭൂമിയിലേയ്ക്ക് യാത്ര അയയ്ക്കുവാനും അവിടെ നിന്നും പരിശുദ്ധാത്മാവ് നൽകുന്ന ഉത്ഥിതന്റെ സന്തോഷം അനുഭവിക്കുവാനും ഉള്ള കാലം. സദ്‌ഗുണങ്ങളിൽ മുഴുകുന്നതിനും ദുഃഖങ്ങൾ ഇല്ലാതാക്കുന്നതിനും നമ്മുടെ ക്രിസ്തീയ ജീവിതത്തിലെ ബലഹീനതകൾ കണ്ടെത്തുന്നതിനും അവയെ പരിഹരിക്കുന്നതിനും ഈ സമയം കഴിയണം” – ബിഷപ്പ് ഓർമിപ്പിച്ചു.

ഉപവാസം, പ്രാർത്ഥന, ദാനധർമ്മം എന്നിവ ജീവിതത്തിൽ ഒന്നിച്ചു കൊണ്ടുപോകേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. ദൈവത്തിലേക്ക് നമ്മുടെ ഹൃദയങ്ങൾ തുറക്കുമ്പോൾ ആത്മീയതയിൽ വളരുന്നതിന് തടസമായി നിൽക്കുന്ന പലതും ഉപേക്ഷിക്കുവാൻ നാം തയ്യാറാകുന്നു. ഒപ്പം പലതരത്തിലുള്ള വേദനയിൽ കഴിയുന്ന ആളുകളെ പരിഗണിക്കുവാനും അവരിലേക്ക്‌ എത്തുവാനും ഹൃദയം തുറന്നുള്ള പ്രാർത്ഥനയുടെ മനോഭാവം നമ്മെ പ്രാപ്തരാക്കുന്നു എന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.