“ഞങ്ങൾ തീർത്തും ദുരിതത്തിലാണ്” – ഈസ്റ്റ് കോംഗോയിൽ നിന്നുള്ള ബിഷപ്പ്

കോംഗോയിൽ തുടരുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളെ അപലപിച്ച് ഈസ്റ്റ് കോംഗോയിൽ നിന്നുള്ള ബിഷപ്പ് പലുകു സെകുലി മെൽക്കിസെഡെക്. എസി‌എൻ ഇന്റർനാഷണൽ പൊന്തിഫിക്കൽ ഫൗണ്ടേഷനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

“രൂപതയുടെ വടക്കുഭാഗത്ത് അക്രമണസംഭവങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. സായുധസംഘങ്ങൾ സ്കൂളുകളെയും ആശുപത്രികളെയും നശിപ്പിക്കുകയാണ്. അദ്ധ്യാപകരും വിദ്യാർത്ഥികളും കൊല്ലപ്പെടുന്നു. ആശുപത്രിക്കിടക്കയിൽ കിടക്കുമ്പോൾപോലും അവർ രോഗികളെ കൊല്ലുന്നു. ആളുകൾ കൊല്ലപ്പെടാതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല. ഇത് മാനസികമായി ആളുകളെ ദുർബലരാക്കുന്നു. ആളുകൾക്ക് മാനസികമായ പുന്തുണയും അതിനുള്ള സജ്ജീകരണങ്ങളും ഇവിടെ ആവശ്യമാണ്. നിരവധി ആളുകൾക്ക് ഹൃദയാഘാതം അനുഭവപ്പെടുന്നു. മാതാപിതാക്കൾ കൊല്ലപ്പെട്ടതിനാൽ പല കുട്ടികളും അനാഥരായി പോകുന്നു. ഇവിടെ അനാഥരും വിധവകളും ധാരാളമുണ്ട്. ഗ്രാമങ്ങൾ കത്തിനശിച്ചു. ഞങ്ങൾ തീർത്തും ദുരിതത്തിലാണ്” – ബിഷപ്പ് വേദനയോടെ വെളിപ്പെടുത്തുന്നു.

വർഷങ്ങളായി കോംഗോയുടെ കിഴക്കൻ പ്രവിശ്യകളെ സൈനികഗ്രൂപ്പുകൾ ഉപരോധിച്ചു. വംശീയ സംഘർഷങ്ങൾ, ജനസംഖ്യാപരമായ സ്ഥാനചലനം, അസംസ്കൃത വസ്തുക്കളുടെ ശേഖരണം എന്നിവയാണ് ഈ ഉപരോധത്തിന്റെ കാരണം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ശക്തമായ ഒരു തീവ്ര ഇസ്ലാമിക സംഘടനയാണ് ഇവിടുത്തെ സ്ഥിതി കൂടുതൽ വഷളാക്കിയത്.

2013 മുതൽ ബെനിയിൽ 6,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടുവെന്നും 2020-ൽ ഇവിടെ രണ്ടായിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായും ബിഷപ്പ് മെൽക്കിസെഡെക് പറയുന്നു. ഇതു കൂടാതെ, കുറഞ്ഞത് 3 ദശലക്ഷം പേർ കുടിയൊഴിപ്പിക്കപ്പെട്ടിട്ടുണ്ട്. 7,500-ഓളം പേരെ തട്ടിക്കൊണ്ടു പോയി. തദ്ദേശവാസികളെ ഇസ്ലാമികവൽക്കരിക്കാനോ പുറത്താക്കാനോ ഉള്ള പദ്ധതി നടക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“ഞങ്ങൾ തലസ്ഥാനത്ത് നിന്ന് 2,500 കിലോമീറ്റർ അകലെയാണ്. സർക്കാർ ഇവിടെ ഒന്നും ചെയ്യാത്തതിനാൽ നമ്മൾ സ്വയം രക്ഷ നോക്കണം. ഞങ്ങൾക്ക് ഒരു സഹായവും ലഭിക്കുന്നില്ല. പ്രതികൂല സാഹചര്യമാണെങ്കിലും സഭ ഈ പ്രദേശത്ത് സ്കൂളുകൾ നിർമ്മിച്ചിട്ടുണ്ട്” – അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.