പഠിക്കാനുള്ള അവകാശത്തെ ചവിട്ടിമെതിക്കാന്‍ അനുവദിക്കില്ല: ആര്‍ച്ച്ബിഷപ് മാര്‍ താഴത്ത്‌

തൃശൂര്‍: കേരളത്തിലെ വിദ്യാര്‍ഥികളുടെ ഭാവി കലാലയ രാഷ്ട്രീയത്തില്‍ മുക്കിക്കൊല്ലാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി തൃശൂരില്‍ വന്‍ പ്രതിഷേധ സദസ്സ്. കൊച്ചുകുട്ടികളെ തമ്മിലടിപ്പിക്കാനും കാമ്പസുകളെ രക്തിപങ്കിലമാക്കി അവരുടെ ഭാവി തകര്‍ക്കാനും വിട്ടുകൊടുക്കില്ലെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുന്നറിയിപ്പ് നല്‍കി.

വിദ്യാര്‍ത്ഥി രാഷ്ട്രീയം നിയമവിധേയമാക്കി ബഹുഭൂരിപക്ഷം വിദ്യാര്‍ഥികളുടെയും പഠിക്കാനുള്ള അവകാശത്തെ ചവിട്ടിമെതിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രിയോടും എല്ലാ എംഎല്‍എ-മാരോടും അപേക്ഷിക്കുകയാണ്. സംസ്ഥാനത്തുടനീളമുള്ള രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങേണ്ട അവസ്ഥയുണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ഥികളെ ചൂഷണം ചെയ്യുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്മാറണം. അവരുടെ കഴിവുകള്‍ നശീകരണത്തിനായി വിനിയോഗിപ്പിക്കരുത്. കുട്ടികള്‍ അച്ചടക്കത്തോടെയാണ് വളരേണ്ടത്. നമ്മുടെ മക്കള്‍ നശിക്കേണ്ടവരല്ല. വേദന കൊണ്ടാണ് ഇങ്ങനെ പറയേണ്ടിവരുന്നതെന്നും ആര്‍ച്ചുബിഷപ് പറഞ്ഞു.

കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയനിലം അധ്യക്ഷത വഹിച്ചു. കാലടി ശ്രീ ശങ്കര സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. തൃശൂര്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, മുസ്ലിം കോളജ് ഫെഡറേഷന്‍ സെക്രട്ടറി ഡോ. എം. ഉസ്മാന്‍, കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍, കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു കുണ്ടുകുളം, ടീച്ചേഴ്‌സ് ഗില്‍ഡ് പ്രസിഡന്റ് ജോഷി വടക്കന്‍, മാതൃവേദി തൃശൂര്‍ അതിരൂപത പ്രസിഡന്റ് മേരി വിന്‍സെന്റ്, കത്തോലിക്ക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എന്‍.പി. ജാക്‌സന്‍, കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് കുത്തൂര്‍, തൃശൂര്‍ അതിരൂപതാ ഏകോപന സമിതി സെക്രട്ടറി എ.എ. ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തൃശൂര്‍ അതിരൂപതയിലെ വിവിധ സംഘടനകളുടെ ഭാരവാഹികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അധ്യാപക രക്ഷാകര്‍തൃ സമിതികള്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.