മാനന്തവാടി രൂപതാ മെത്രാന്‍ ബിഷപ്പ് ജോസ് പൊരുന്നേടം കൊറോണാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തന്റെ ജനത്തിന് കൊടുക്കുന്ന ചില വിശ്വാസ കാഴ്ചപ്പാടുകള്‍

കര്‍ത്താവിനാല്‍ സ്‌നേഹിയ്ക്കപ്പെട്ട പ്രിയ ബഹുമാനപ്പെട്ട വൈദികരേ, സമര്‍പ്പിതരേ, സഹോദരങ്ങളെ, വാത്സല്യമുള്ള കുട്ടികളേ,

കൊറോണാ വൈറസ് എന്ന മഹാമാരിയെ ഉന്മൂലനം ചെയ്യാന്‍ അഹോരാത്രം പണിപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ജനതയാണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്. നമ്മളും അതില്‍ ഭാഗഭാക്കുകളാണ്. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും പ്രാദേശിക ഭരണകര്‍ത്താക്കളുമെല്ലാം ഒട്ടനവധി പദ്ധതികള്‍ അതിനായി തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമാണ് ഇപ്പോഴത്തെ ഈ സമ്പൂര്‍ണ്ണ അടച്ചിടല്‍. ഈ അവസ്ഥ നമുക്കുണ്ടാക്കുന്ന അസൗകര്യങ്ങള്‍ ചില്ലറയല്ല. പക്ഷേ, നമുക്കും നമ്മുടെ സമൂഹത്തിനും നിലനില്‍ക്കണം. ഈ ബാധയില്‍ നിന്ന് മുക്തമാകണം. ഇനി ആവര്‍ത്തിയ്ക്കാതിരിക്കണം. അതിനുള്ള മുന്‍കരുതലുകള്‍ എന്ന നിലയില്‍ ഈ നടപടികളോട് നമ്മള്‍ പൂര്‍ണ്ണമായും സഹകരിക്കണം.

ചെറിയൊരു നിസ്സഹകരണം മതി വലിയൊരു ദുരന്തമുണ്ടാകാന്‍. അത് നമ്മള്‍ എന്തു വില കൊടുത്തും ഒഴിവാക്കണം. അതിന്റെ ഭാഗമായിട്ടാണ്, ആരും അനാവശ്യമായി പുറത്തിറങ്ങരുതെന്നും ആരാധനാലയങ്ങളില്‍ വിശ്വാസിസമൂഹം ഒരുമിച്ചുള്ള ചടങ്ങുകളൊന്നും നടത്താന്‍ പാടില്ലായെന്നും ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ ക്രൈസ്തവസമൂഹം എന്നും ഒരുപടി മുമ്പിലായിരുന്നു. ഇനിയും അങ്ങനെ തന്നെ വേണം. കാരണം, കര്‍ത്താവ് നമ്മെ ഭരമേല്പിച്ചിരിക്കുന്ന ദൗത്യം അവിടുത്തെ ദൗത്യം തന്നെയാണ്: ആദവും ഹവ്വായും ചെയ്ത പാപം മൂലം അലങ്കോലപ്പെട്ട ഈ ലോകത്തെ വീണ്ടും ദൈവസാമീപ്യമുള്ള പറുദീസ ആക്കുക. ഒരു മനുഷ്യന്റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായിത്തീര്‍ന്നതുപോലെ ഒരു മനുഷ്യന്റെ അനുസരണത്താല്‍ അനേകര്‍ നീതിയുള്ളവരാകും (റോമ 5:19). അനുസരിച്ച ഈ രണ്ടാമത്തെ മനുഷ്യന്‍ ഈശോയാണ്. അവന്‍ ഇന്ന് നമ്മളിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്. നമ്മളവന്റെ മൗതികശരീരമാണ്.

സാമൂഹ്യ അകലം പാലിക്കുക

നമ്മുടെ നാട് ഈ പകര്‍ച്ചവ്യാധിയുടെ മൂന്നാം ഘട്ടത്തിലേയ്ക്ക് ഇതുവരെ പ്രവേശിച്ചിട്ടില്ല എന്നത് ആശ്വാസകരമാണ്. എന്നാല്‍, ആ ഘട്ടം എപ്പോള്‍ വേണമെങ്കിലും സംജാതമാകാം. സമൂഹവ്യാപനമെന്നതാണ് ആ മൂന്നാം ഘട്ടം. അതായത്, ആരില്‍ നിന്നാണ് ഒരാള്‍ക്ക് രോഗബാധയുണ്ടായത് എന്നറിയാന്‍ പറ്റാത്ത ഘട്ടമാണത്. അതുകൊണ്ടു തന്നെ രോഗിയായ വ്യക്തിയോ അയാള്‍ക്ക് രോഗം പകര്‍ന്നുകൊടുത്ത വ്യക്തിയോ വേറെ എത്രപേര്‍ക്ക് രോഗം കൊടുത്തിട്ടുണ്ടാകും എന്ന് യാതൊരു വിവരവും കിട്ടുകയില്ല. അതിനാല്‍ തന്നെ ചികിത്സയും ഏതാണ്ട് അസാധ്യമായി മാറും. അതുകൊണ്ടാണ് ആളുകള്‍ പരസ്പരം അടുത്തുവരുന്ന ഏതൊരു സാഹചര്യത്തെയും ഒഴിവാക്കണം എന്ന് ആവശ്യപ്പെടുന്നത്.

പനി, ചുമ, ജലദോഷം തുടങ്ങിയവ ഉള്ളവര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ആദ്യം വിവരം അറിയിച്ച് അവരുടെ ഉപദേശപ്രകാരം മാത്രമേ ആശുപത്രികളില്‍ പോകാവൂ എന്നുപറയുന്നതിനും കാരണം മറ്റൊന്നല്ല. കൊറോണാ ബാധിച്ചയാളാണെങ്കില്‍ ഡോക്ടര്‍ക്കും നേഴ്‌സുമാര്‍ക്കും ആശുപത്രിയില്‍ വരുന്ന മറ്റുള്ളവര്‍ക്കും എല്ലാം രോഗം പകര്‍ന്നെന്നു വരാം. സാമൂഹ്യമായ അകലം പാലിക്കുക എന്നതാണ് വൈറസിനെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമെങ്കിലും അകലം പാലിക്കുന്നതിന്റെ ഭാഗമാണെന്നു പറഞ്ഞ് രോഗം ബാധിച്ചവരെയും അങ്ങനെയുള്ളവരുടെ ബന്ധുമിത്രങ്ങളെയും വിദേശത്തു നിന്ന് വന്നവരെയും മറ്റും സമൂഹഭ്രഷ്ട് കല്പിച്ച് മാറ്റിനിര്‍ത്തുന്നതും ആട്ടിയോടിക്കുന്നതും ശരിയല്ല. അത് ക്രൈസ്തവമല്ല, മനുഷ്യത്വം പോലുമല്ല.

രോഗം പകരാതെ സൂക്ഷിക്കുക ദൈവീകനിയമമാണ്

ചില പ്രത്യേക രോഗമുള്ളവര്‍ പ്രത്യേകിച്ച്, പകര്‍ച്ചവ്യാധികളുള്ളവര്‍ അനുഷ്ഠിക്കേണ്ട നടപടികളെക്കുറിച്ച് പഴയനിയമത്തില്‍ വളരെയധികം നിയമങ്ങള്‍ കാണാവുന്നതാണ്. അവയെ ദൈവകല്പനകളായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. കാരണം, രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ദൈവം തന്നെ ആവശ്യപ്പെടുന്നതാണ്. മാത്രമല്ല, രോഗം മാറിയാല്‍ പുരോഹിതനെ കാണിച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടിയിരുന്നു. മനുഷ്യരുടെ സ്വഭാവമനുസരിച്ച് എത്രയും പെട്ടെന്ന് രോഗം ഭേദമായി എന്ന് പറയാനാണല്ലോ തോന്നുക. അതുകൊണ്ടാണ് മറ്റൊരാള്‍ അത് ആധികാരികമായി പറയേണ്ടിവരുന്നത്. ഇതിനെല്ലാം പുറമേ ദൈവാലയത്തില്‍ കാഴ്ച കൊടുക്കുകയും വേണമായിരുന്നു. രോഗശാന്തി കിട്ടുമ്പോള്‍ ദൈവത്തിന് നന്ദി പറയണം എന്നര്‍ത്ഥം.

സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ സാഹചര്യങ്ങളില്‍ നമ്മള്‍ വിമര്‍ശിക്കുമെങ്കിലും പകര്‍ച്ചവ്യാധി പോലെയുള്ള അസാധാരണഘട്ടങ്ങളില്‍ അവര്‍ പറയുന്നത് അക്ഷരംപ്രതി അനുസരിച്ചേ മതിയാകൂ. അവരും ദൈവത്തിന്റെ പ്രതിനിധികളായിട്ടാണ് വിശുദ്ധ ഗ്രന്ഥം അവതരിപ്പിക്കുന്നത്. അതുകൊണ്ടാണ് അവരെ അനുസരിക്കണം എന്ന് പറയുന്നത്. പൗലോസ് ശ്ലീഹാ ഇക്കാര്യം വളരെ വ്യക്തമായി അനുശാസിക്കുന്നുണ്ട് (റോമാ 13:36; ഹെബ്രാ. 13:17). അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നതും ദൈവകല്പന തന്നെയാണ്.

സാമ്പത്തിക ഇടപാടുകള്‍

കൊറോണാ വൈറസ് പകരുന്ന ഒരു പ്രധാന മാധ്യമമാണ് നോട്ടുകള്‍. നമ്മുടെ കയ്യില്‍ കിട്ടുന്ന നോട്ടുകള്‍ ആരുടെയെല്ലാം കയ്യില്‍, എവിടെയെല്ലാം കറങ്ങിത്തിരിഞ്ഞാണ് വരുന്നതെന്ന് നമുക്കറിഞ്ഞുകൂടാ. അതുകൊണ്ട് കഴിവതും നോട്ടിന്റെ ഉപയോഗം കുറച്ച് ഓണ്‍ലൈന്‍ രീതികളിലൂടെ പണമിടപാടുകള്‍ നടത്തുക. ഒരു ബാങ്ക് അക്കൗണ്ട്, അക്കൗണ്ട് തുറക്കുന്ന സമയത്ത് രജിസ്റ്റര്‍ ചെയ്ത നമ്പരും ഇന്റര്‍നെറ്റ് കണക്ഷനുമുള്ള ഒരു മൊബൈല്‍ ഫോണ്‍, ഒരു ഡെബിറ്റ് അഥവാ എടിഎം കാര്‍ഡ്, ഇത്രയുമുണ്ടെങ്കില്‍ ഏതൊരാള്‍ക്കും മൊബൈല്‍ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്താവുന്നതാണ്. അതിനായി സര്‍ക്കാര്‍ തന്നെ ഭീം (BHIM) എന്ന ഒരു മൊബൈല്‍ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. അത് സൗജന്യവുമാണ്. അതുപോലെ പല സ്വകാര്യ കമ്പനികളും എല്ലാ ബാങ്കുകളും ഈ സൗകര്യം നല്കുന്നുണ്ട്. നമ്മുടെ കുട്ടികള്‍ ഇക്കാര്യങ്ങളിലെല്ലാം അതിവിദഗ്ദ്ധരുമാണ്.

രോഗം പകരാതിരിക്കും എന്നു മാത്രമല്ല, ബാങ്കില്‍ പോവുകയോ ചില്ലറ അന്വേഷിക്കുകയോ ഒന്നും വേണ്ട. വീടുകളില്‍ പണിക്കു വരുന്നവരുടെ കൂലി പോലും ഇപ്രകാരം കൊടുക്കാവുന്നതാണ്. ഈ രീതിയില്‍ പണം കൊടുക്കുമ്പോള്‍ മിക്ക കമ്പനികളും ചെറിയൊരു തുക തിരികെ നല്കുന്ന കാഷ്ബാക്ക് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. വാസ്തവത്തില്‍ നമ്മുടെ നാടിനെ ഒരുപരിധി വരെയെങ്കിലും അഴിമതിമുക്തമാക്കാന്‍ ഏറ്റവും പറ്റിയ അവസരമാണിത്.

നമ്മുടെ ഇടവകകളും സമര്‍പ്പിത സമൂഹങ്ങളും സ്ഥാപനങ്ങളും എന്നുതന്നെയല്ല കുടുംബങ്ങളും എല്ലാം ഈ രീതിയിലേയ്ക്ക് മാറുന്നത് ഏറ്റവും ഉചിതമാണ്. ഇപ്പോള്‍ എല്ലാവരും വീട്ടിലുള്ളതുകൊണ്ട് ഇക്കാര്യങ്ങള്‍ ചെയ്യുന്ന രീതികള്‍ പഠിക്കുന്നതിന് ധാരാളം സമയം കിട്ടും. മിക്ക വീടുകളിലും തന്നെ ഈ മേഖലയില്‍ നല്ല അറിവുള്ളവരുണ്ടാകും. അവര്‍ക്ക് ഓണ്‍ലൈന്‍ ആയിമറ്റുള്ളവരെയും പഠിപ്പിക്കാവുന്നതേയുള്ളു.

ഇടവകയുടെ സാമ്പത്തിക കാര്യങ്ങളും ഈ രീതിയില്‍ ചെയ്യുകയാണെങ്കില്‍ കണക്കെഴുതുന്നത് വളരെ എളുപ്പമാകും. തെറ്റുകള്‍ കുറയും; അതോടൊപ്പം പരാതികളും കുറയും. ബിഷപ്പ്‌സ് ഹൗസില്‍ നിന്ന് ഏര്‍പ്പെടുത്തിയിരിക്കുന്ന ഓണ്‍ലൈന്‍ അക്കൗണ്ടിംഗ് കൂടി പൂര്‍ണ്ണമായി സ്വീകരിച്ചാല്‍ നമ്മള്‍ ചെയ്യുന്ന വലിയൊരു സേവനവും മാതൃകയും ആയിരിക്കും. ക്രൈസ്തവസഭകള്‍ എന്നും സമൂഹത്തിലെ മാറ്റങ്ങളുടെ മുന്‍പന്തിയിലുണ്ടായിരുന്നു എന്ന് പറഞ്ഞല്ലോ. ഈ കാര്യത്തിലും നമുക്ക് മാതൃകയാകാം. മദ്യവും മയക്കുമരുന്നും എല്ലാം ഒരു പരിധി വരെയെങ്കിലും നിയന്ത്രിക്കാന്‍ ഉപകരിക്കുന്ന ഒരു സംവിധാനമാണ് ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍.

മദ്യവര്‍ജ്ജനത്തിനും മദ്യനിരോധനത്തിനും വേണ്ടി നമ്മള്‍ ഒരുപാട് സമയവും ഊര്‍ജ്ജവും ചെലവഴിക്കുന്നുണ്ടല്ലൊ. ഒരുപക്ഷേ, ഡിജിറ്റല്‍ ഇടപാടുകള്‍ ആ മേഖലയിലേയ്ക്കും‌ വ്യാപിപ്പിക്കുകയാണെങ്കില്‍ മദ്യപാനത്തില്‍ അല്പമെങ്കിലും കുറവുണ്ടാകാനുള്ള സാധ്യതയുണ്ട്. കാരണം, അക്കൗണ്ടില്‍ നിന്നാണല്ലോ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടക്കുന്നത്. കുറെയധികം പണം അക്കൗണ്ടില്‍ വന്നുകഴിയുമ്പോള്‍ അത് കൂടുതലായി ചെലവഴിക്കാന്‍ ചിലരെങ്കിലും മടി കാണിച്ചെന്നുവരാം. വീട്ടുകാര്‍ക്ക് അക്കൗണ്ടിന്റെ മേല്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും കഴിയും.

മദ്യവില്പന കേന്ദ്രങ്ങളുടെ മുമ്പിലുള്ള ക്യൂ ആണല്ലോ, ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഏറ്റവും പ്രയാസപ്പെട്ടത്. അവരില്‍ നിന്നും പരസ്പരം രോഗം പകരാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു. അവിടെ പരിപൂര്‍ണ്ണ ഡിജിറ്റല്‍ പെയ്‌മെന്റ് ഏര്‍പ്പെടുത്തിയാല്‍ പലതരത്തില്‍ അത് ഉപകാരപ്പെടും. അവര്‍ കൈകാര്യം ചെയ്ത നോട്ടുകള്‍ മറ്റുള്ളവരുടെ കൈകളിലെത്തുന്നത് അങ്ങനെ തടയാന്‍ കഴിയും. ഈ രീതി ആ വില്പനകേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും രോഗം പകരാതിരിക്കാന്‍ സഹായകമാകും.

വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുത്

പരിഭ്രാന്തി പരത്തുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കുക. വ്യാജവാര്‍ത്തകളാല്‍ പരിഭ്രാന്തയാവരെ നിജസ്ഥിതി പറഞ്ഞു മനസ്സിലാക്കുകയും ചെയ്യുക. സമൂഹമാധ്യമങ്ങളില്‍ വരുന്ന പല വാര്‍ത്തകളും അവാസ്തവമാണ്. അത് അക്ഷരരൂപത്തിലും ചിത്രരൂപത്തിലും എല്ലാം വന്നെന്നു വരാം. അതാരും ഫോര്‍വേഡ് ചെയ്യാതിരിക്കണം. നീ വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുത് (പുറ. 23,1) എന്ന തിരുവചനം നമ്മള്‍ ശ്രദ്ധിക്കേണ്ടതാണ്. സ്വയം തയ്യാറാക്കിയ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നതു മാത്രമല്ല, അങ്ങനെയുള്ളവ ഫോര്‍വേഡ് ചെയ്യുന്നതും ക്രൈസ്തവ വിശ്വാസത്തിന് വിരുദ്ധമാണ്.

വ്യാജവാര്‍ത്തകള്‍ മാത്രമല്ല കിട്ടുന്നതെന്തും ഫോര്‍വേഡ് ചെയ്യുന്ന സ്വഭാവവും നന്നല്ല. ജലം പോലെ തന്നെ നെറ്റ്വര്‍ക്ക് ബാന്‍ഡ് വിഡ്ത്തും അമൂല്യമാണ്. അനാവശ്യ കാര്യങ്ങള്‍ അയയ്ക്കാന്‍ അവ ഉപയോഗിച്ചാല്‍ അത്യാവശ്യകാര്യങ്ങള്‍ അയയ്ക്കാന്‍ പറ്റാതെ വരും. മൊബൈല്‍ കമ്പനികളുടെ നെറ്റ്വര്‍ക്കുകള്‍ സാവധാനമാകുകയോ തീര്‍ത്തും പ്രവര്‍ത്തനക്ഷമമല്ലാതാവുകയോ ചെയ്യും. നമ്മളെല്ലാം പല വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലും അംഗങ്ങളായതുകൊണ്ട് ഏതെങ്കിലുമൊക്കെ ഗ്രൂപ്പുകളില്‍ നിന്ന് അറിഞ്ഞ വാര്‍ത്തകള്‍ തന്നെയായിരിക്കും ഫോര്‍വേഡ് ചെയ്യപ്പെടുന്നത്. അനാവശ്യ കാര്യങ്ങള്‍ അയക്കുന്നവരും ഫോര്‍വേഡ് ചെയ്യുന്നവരും മറ്റുള്ളവരുടെ മൊബൈല്‍ ഫോണുകളുടെ സംഭരണശേഷി പെട്ടെന്ന് കുറയാന്‍ കാരണമാകുകയും അങ്ങനെ അവയുടെ പ്രവര്‍ത്തനം വളരെ മന്ദഗതിയിലാകുകയും ചെയ്യും. അവരുടെയും ഡേറ്റ പെട്ടെന്ന് തീരുന്നതുകൊണ്ട് കൂടുതല്‍ പ്രാവശ്യം റിചാര്‍ജ്ജ് ചെയ്യേണ്ടിയും വരും. ഇതിനെല്ലാറ്റിനും പുറമെ പ്രധാനപ്പെട്ട പല അറിയിപ്പുകളും അനാവശ്യ കാര്യങ്ങളില്‍ പെട്ട് അറിയപ്പെടാതെ പോവുകയും ചെയ്യും. അതെല്ലാം ഒഴിവാക്കേണ്ടതാണ്.

പൊസിറ്റീവ് എനര്‍ജി നല്കുക

ഭയപ്പെടുത്തുന്ന വാര്‍ത്തകളല്ല, പ്രത്യാശ കൊടുക്കുന്ന വാര്‍ത്തകളാണ് കൊടുക്കേണ്ടത്. രോഗം ബാധിച്ച എല്ലാവരുമൊന്നും മരിക്കുന്നില്ല. രക്ഷപ്പെടാനുള്ള സാധ്യത ഏറെയുണ്ടുതാനും. ഈ പ്രതിസന്ധി സാമ്പത്തികബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെങ്കിലും ഒരു ഉയിര്‍ത്തെഴുന്നേല്പ് സാധ്യമാണ്. ഇതുപോലെയുള്ള പല പ്രതിസന്ധികളെയും ലോകം തരണം ചെയ്തിട്ടുണ്ട്. ഇതും തരണം ചെയ്യും. ആ തരത്തിലുള്ള വാര്‍ത്തകള്‍ക്ക് പ്രാധാന്യം കൊടുക്കണം.

ആവശ്യക്കാരെ കണ്ടെത്തി സഹായിക്കുക

അധികാരപ്പെട്ടവരുടെ അനുവാദമില്ലാതെ പുറത്തു പോകാനോ മറ്റുള്ളവരുമായി അടുത്തിഴപഴകാനോ അനുവാദമില്ലാത്തതിനാല്‍ നമ്മുടെ സഹായം കൊടുക്കാന്‍ തയ്യാറാണ് എന്ന വിവരം ബന്ധപ്പെട്ടവരെ അറിയിക്കുക എന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. ഇന്ന് ഒരുപാട് കാര്യങ്ങളും സ്വന്തം വീട്ടില്‍ ഇരുന്നുകൊണ്ടു തന്നെ ചെയ്യാവുന്നതാണ്. ഓരോ വീട്ടുകാരും അയല്‍പക്കത്തുള്ള ഒന്നോ രണ്ടോ വീട്ടുകാരുടെ കാര്യത്തില്‍ ശ്രദ്ധയുള്ളവരായിരിക്കുക. ഏതു തരത്തിലുള്ള സഹായമാണ് ആവശ്യമുള്ളതെന്നും എത്രമാത്രം വേണമെന്നും മറ്റും അന്വേഷിച്ചറിഞ്ഞ് ആവശ്യമെങ്കില്‍ ബന്ധപ്പെട്ടവരെ വിവരം അറിയിക്കുക. ഇതിനായി ഇടകകളിലും കുടുംബ കൂട്ടായ്മകളിലും വാട്ട്‌സ്ആപ്പ് കൂട്ടായ്മ തുടങ്ങിയ സമൂഹമാധ്യമങ്ങളെ ഉപയോഗപ്പെടുത്താവുന്നതാണ്.

ഇടവകയിലെ സമര്‍പ്പിത ഭവനങ്ങളും സംഘടനകളും ആ ഇടവകയിലെ ഒരു നിശ്ചിത എണ്ണം വീടുകളുമായി എല്ലാ ദിവസവും ബന്ധപ്പെടുകയും അവരുടെ സുഖവിവരങ്ങള്‍ തിരക്കുകയും ആവശ്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്യുക ഉചിതമാണ്. അടച്ചിടലിന്റെ ഈ അവസ്ഥയില്‍ ചിലരെങ്കിലും മാനസികമായി തളര്‍ന്നെന്നു വരാം. അവര്‍ക്ക് നിങ്ങളുടെ വിളി ഒരു ആശ്വാസമാകാം. ചുരുക്കം ചില വീടുകളിലെങ്കിലും ക്വാറന്റൈനില്‍ കഴിയുന്നവരുമുണ്ടാകാം. അവരുമായും എല്ലാ ദിവസവും ഒരു മിനിട്ടെങ്കിലും സംസാരിക്കുക. അങ്ങനെ വിളിക്കുന്നത് ഇഷ്ടപ്പെടാത്തവരുണ്ടാകും. അതു തിരിച്ചറിഞ്ഞ് അവര്‍ ആവശ്യപ്പെടുമ്പോള്‍ മാത്രം സഹായമെത്തിക്കുക.

കൗണ്‍സിലിംഗ് സൗകര്യങ്ങള്‍

ഈ കാലട്ടത്തില്‍ വളരെ അത്യാവശ്യമായ ഒരു ശുശ്രൂഷാമേഖലയാണ് കൗണ്‍സിലിംഗിന്റേത്. ധാരാളം സമര്‍പ്പിതരും വൈദികരും അത്മായരും ഈ മേഖലയില്‍ പ്രാവീണ്യമുള്ളവരായിട്ടുണ്ട്. അവരെ പരസ്പരം ബന്ധിപ്പിച്ച് ആവശ്യക്കാര്‍ക്ക് എളുപ്പം ബന്ധപ്പെടത്തക്ക രീതിയില്‍ കൂട്ടായ്മകള്‍ രൂപപ്പെടുത്തുന്നത് അടച്ചിടലിലും മാറ്റിനിര്‍ത്തലിലും മറ്റും മാനസികപ്രയാസമുണ്ടാക്കുന്നവര്‍ക്ക് വലിയ ആശ്വാസമാകും. ബഹുമാനപ്പെട്ട സമര്‍പ്പിത സഹോദരീ-സഹോദരന്മാര്‍ ഇതിനായി മുന്നോട്ട് വരണം എന്നഭ്യര്‍ത്ഥിക്കുന്നു.

സ്ഥാപനങ്ങളും കെട്ടിടങ്ങളും വിട്ടുകൊടുക്കുക

വൈറസ് വ്യാപനം മൂന്നാംഘട്ടത്തിലേയ്ക്കു കടന്നാല്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം പെട്ടെന്നുയരും. അപ്പോള്‍ അവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ അല്ലെങ്കില്‍ ചികിത്സിക്കാന്‍ കൂടുതല്‍ സ്ഥലസൗകര്യം വേണ്ടിവരും. മാനന്തവാടി ഗവണ്മെന്റ് ജില്ലാ ആശുപത്രി കൊറോണാ ബാധിച്ചവരെ ചികിത്സിക്കാന്‍ മാത്രമായി നീക്കിവച്ചിരിക്കുകയാണ്. അതുകൊണ്ട് മറ്റ് രോമുള്ളവര്‍ മറ്റ് ആശുപത്രികളില്‍ പോകേണ്ടതായിവരുന്നു. ഈ സാഹചര്യത്തില്‍ രൂപതയുടെ ഉടമസ്ഥതയിലുള്ള സെന്റ് ജോസഫ് മിഷന്‍ ആശുപത്രിയുടെ ഒരു വിംഗ് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്കായി നീക്കിവച്ചു കഴിഞ്ഞു. ഇക്കാര്യം അധികൃതരെ അറിയിച്ചിട്ടുമുണ്ട്.

നമ്മുടെ ആശുപത്രിയുടെ എല്ലാ സൗകര്യങ്ങളും പ്രത്യേക ചാര്‍ജ്ജൊന്നുമില്ലാതെ അവര്‍ക്ക് സൗജന്യമായി ഉപയോഗിക്കാവുന്നതാണ്. അങ്ങനെ പ്രവേശിപ്പിക്കപ്പെടുന്ന രോഗികള്‍ക്ക് ആവശ്യമായ മരുന്നും പരിചരണവും നല്കുന്നത് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരും നേഴ്‌സുമാരും ആയിരിക്കും. ആ രോഗികളുടെ എല്ലാ ഉത്തരവാദിത്വവും സര്‍ക്കാര്‍ ആശുപത്രിയിലെ ബന്ധപ്പെട്ടവര്‍ക്കായിരിക്കും. അവരുടെ ഉപദേശപ്രകാരമാണ് രോഗികളെ പ്രവേശിപ്പിക്കുന്നത്. അതുപോലെ തന്നെ വിന്‍സെന്റ്ഗിരിആശുപത്രിയിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ രൂപതയുടെ കീഴിലുള്ള ഏതൊരു സ്ഥാപനത്തിന്റെയും കെട്ടിടം അത്യാവശ്യഘട്ടങ്ങളില്‍ സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാന്‍ വിട്ടുകൊടുക്കുന്നതാണ്. നമ്മുടെ ഇടവകകളും സമര്‍പ്പിത സമൂഹങ്ങളും ഇപ്രകാരം ചെയ്യാന്‍ തയ്യാറാകണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. സ്‌നേഹിതനുവേണ്ടി ജീവന്‍ ബലി കഴിക്കുന്നതിലും വലിയ സ്‌നേഹമില്ലല്ലോ.

സമര്‍പ്പിതരുടെയും യുവാക്കളുടെയും സേവനം

അനേകം യുവതീ-യുവാക്കളും സമര്‍പ്പിതരും സര്‍ക്കാരിനോട് ചേര്‍ന്ന് സന്നദ്ധസേവനം ചെയ്യാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. അവരുടെ കൂടെ കൗണ്‍സിലിംഗ് നടത്തുന്നവരും മറ്റ്പല മേഖലകളിലും പ്രവര്‍ത്തിക്കുന്നവരുമുണ്ട്. കെ.സി.വൈ.എം., യൂത്ത് മിനിസ്ട്രി, മിഷന്‍ ലീഗ്, കമില്ലിയന്‍ ടാസ്‌ക്‌ഫോഴ്‌സ് തുടങ്ങിയവര്‍ ഇത്തരത്തില്‍ സേവനത്തിന് തായാറാണെന്ന് അറിയിച്ചിട്ടുണ്ട്. അവരെയെല്ലാം നന്ദിപൂര്‍വം ഓര്‍ക്കുന്നു.

റേഡിയോ മാറ്റൊലിയുടെയുടെയും (Radio Mattoli) വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെയും സേവനം

രൂപതയുടെ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കഴിയുന്നത്ര സേവനം ചെയ്യാന്‍ സദാ സന്നദ്ധമാണ്. അതിന്റെ തന്നെ ഭാഗമായ റേഡിയോ മാറ്റൊലി വയനാട്ടിലും വയനാട്ടിനു പുറത്ത് ഏതാനും സ്ഥലങ്ങളിലും ലഭ്യമാണ്. റേഡിയോ മാറ്റൊലി മൊബൈല്‍ ആപ്പിലൂടെ ലോകമെമ്പാടുമുള്ളവര്‍ക്ക് ഈ സ്റ്റേഷനില്‍ നിന്നുള്ള പ്രക്ഷേപണം കേള്‍ക്കാം. സര്‍ക്കാരിന്റെ അറിയിപ്പുകളും മറ്റും അപ്പപ്പോള്‍ തത്സമയം ജനങ്ങളിലേയ്ക്ക്‌ എത്തിക്കുന്നതിന് ഈ റേഡിയോ സ്റ്റേഷന്റെ സേവനം 24 മണിക്കൂറും ലഭ്യമാണ്. കൊറോണാ വൈറസ് വ്യാപനം സംബന്ധമായ വിവരങ്ങള്‍ റേഡിയോയില്‍ നിന്നു ക്രമമായി നല്കി രുന്നുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മറ്റു അധികൃതര്‍ക്കും ഏതു വിവരവും നിമിഷങ്ങള്‍ക്കകം ജനങ്ങളിലേയ്ക്ക്‌ എത്തിക്കാന്‍ റേഡിയോ മാറ്റൊലി പ്രതിജ്ഞാബദ്ധമാണ്.

എന്തുകൊണ്ട് കൊറോണാ വൈറസ് എന്ന മഹാമാരി?

ഇന്ന് ജീവിച്ചിരിക്കുന്ന ആരുടെയും തന്നെ ഓര്‍മ്മയില്‍ ഇത്തരത്തിലുള്ള ഒരു പ്രതിസന്ധി ഉണ്ടാകാന്‍ വഴിയില്ല. പ്രത്യേകിച്ച്, വലിയനോമ്പിലും അതിന്റെ അവസാനമുള്ള വലിയ ആഴ്ചയിലും പള്ളിയില്‍ തിരുക്കര്‍മ്മങ്ങള്‍ ഉണ്ടാകാതിരിക്കുന്ന അവസ്ഥ നമുക്ക് ചിന്തിക്കാന്‍ പോലും ആകുമായിരുന്നില്ല. എന്നാല്‍ ഇന്ന് അതൊരു യാഥാര്‍ത്ഥ്യമാണ്. ഈ നോമ്പുകാലത്തും വലിയ ആഴ്ചയിലും നമ്മുടെ ദൈവാലയങ്ങളില്‍ തിരുക്കര്‍മ്മങ്ങള്‍ എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തപ്പെടുകയില്ല എന്ന് നമ്മള്‍ തിരിച്ചറിയുന്നു. എന്തുകൊണ്ട് ദൈവം ഇത് അനുവദിച്ചു? ഉത്തരം വിശ്വാസത്തിന്റെ കണ്ണുകളിലൂടെ മാത്രമേ കണ്ടെത്താന്‍ കഴിയുകയുള്ളു.

നമ്മള്‍ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഈ ലോകത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും ദൈവത്തിന്റെ അറിവോടുകൂടി തന്നെയാണ്. അതിന് ദൈവത്തിന് ഒരു കാരണമുണ്ടാകും, അതിനൊരു ലക്ഷ്യമുവുണ്ടാകും. അവയെ നമ്മള്‍ മനുഷ്യര്‍ വിവേചിച്ചറിയുക എന്നതാണ് കരണീയമായിട്ടുള്ളത്. ഏതാനും ദിവസങ്ങളായി നമ്മള്‍ വീടുകളില്‍ അടച്ചുപൂട്ടിയിരുപ്പാണ്. രാജ്യം ഏതാണ്ട് നിശ്ചലമാണ്. ഈ സ്ഥിതി എത്രനാള്‍ നീളുമെന്ന് നമുക്കറിഞ്ഞുകൂടാ. അധികം നീളാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാം.

പ്രത്യാശ: ജീവിക്കാനുള്ള പ്രേരണ

ഒരു നല്ല നാളെ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ജീവിക്കാന്‍ നമുക്ക്‌ പ്രേരണയാകുന്നത്. അതുകൊണ്ടാണ് അതിനെ ഒരു അടിസ്ഥാന പുണ്യമായി സഭ പഠിപ്പിക്കുന്നത്. ദൈവവിശ്വാസികളായ നമുക്ക് ദൈവത്തിന്റെ കരുണയിലും സരക്ഷണത്തിലും വിശ്വാസമുണ്ട്. അവിടുന്ന് നമ്മെ കൈവിടുകയില്ല. ഇത്തരുണത്തില്‍ വി. ഗ്രന്ഥത്തിലേയ്ക്കു തിരിഞ്ഞാല്‍ ഇസ്രായേല്കാരുടെ ജീവിതത്തില്‍ ഇപ്രകാരമെല്ലാം സംഭവിച്ചപ്പോള്‍ എന്താണ് അതിന്റെ പിന്നിലെ കാരണങ്ങള്‍ എന്ന്പറയുന്നുണ്ട്. നമ്മളെ സംബന്ധിച്ചും അത് വളരെ പ്രസക്തമാണ്. ദൈവത്തോട് ചേര്‍ന്നുനില്‍ക്കുന്നവര്‍ ഒരിക്കലും അവിടുത്തെ ഉപേക്ഷിക്കുകയോ തള്ളിപ്പറയുകയോ ഇല്ല. ഈ സത്യം മറ്റുള്ളവരെ ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ ദൈവം നമ്മളെ ഉപകരണമാക്കുന്നു. ജോബിന്റെ ഉദാഹരണത്തിലൂടെ ദൈവം നമുക്കത് വെളിപ്പെടുത്തി തരുന്നുണ്ട്.

പ്രതിസന്ധികള്‍ ശുദ്ധീകരണ സമയമാണ്

ദൈവം നമ്മളെ ഇതിലൂടെ ശുദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്. മലാഖി പ്രവാചകന്റെ പുസ്തകത്തില്‍ വളരെ ചിന്തനീയമായ ഒരു പരാമര്‍ശമുണ്ട്: ‘ഉലയിലെ അഗ്‌നി പോലെയും അലക്കുകാരന്റെ കാരം പോലെയുമാണവിടുന്ന്. വെള്ളി ഉലയില്‍ ശുദ്ധീകരിക്കുന്നവനെപ്പോലെ അവിടുന്ന് ഉപവിഷ്ടനാകും. ലേവീപുത്രന്മാര്‍ യുക്തമായ ബലികള്‍ കര്‍ത്താവിന് അര്‍പ്പിയ്ക്കുന്നതിനുവേണ്ടി അവിടുന്ന് അവരെ സ്വര്‍ണ്ണവും വെള്ളിയും പോലെ ശുദ്ധീകരിക്കും’ (3: 23).

വെള്ളി ഉരുക്കുന്നവന്റെ മുഖം വെള്ളിയില്‍ പ്രതിഫലിക്കുന്നതു വരെയാണ് വെള്ളിയെ ശുദ്ധീകരിക്കുന്നത്. അതായിരുന്നു അന്നത്തെ പതിവ്. നമ്മുടെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിക്കുന്നത്. വിജയിക്കാനുള്ള പരക്കംപാച്ചിലില്‍ ദൈവത്തിന് ചേരാത്ത ചില അംശങ്ങള്‍ നമ്മുടെ ജീവിതങ്ങളില്‍ കടന്നുകൂടിയിട്ടുണ്ടാകാം. ഞാന്‍ എന്റെ സഹോദരന്റെ കാവല്‍ക്കാരനാണോ എന്ന് ചിലപ്പോഴെങ്കിലും ചോദിച്ചിട്ടുണ്ടാകാം. ദൈവത്തെ കൂടാതെ ജീവിക്കാന്‍ പറ്റുമോയെന്നു നോക്കട്ടെ എന്ന് പറഞ്ഞിട്ടുണ്ടാകാം. ആ ചോദ്യങ്ങളൊന്നും ഈശോയെ കര്‍ത്താവും രക്ഷകനും ആയി സ്വീകരിച്ച ഒരാള്‍ക്കു ചേര്‍ന്നതല്ല. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിയ്ക്കപ്പെട്ട നമ്മള്‍ക്ക് ആ ഛായ തിരിച്ചുകിട്ടും വരെയാണ് ശുദ്ധീകരിക്കപ്പെടുന്നത്. ഓരോ ദുരന്തത്തിലും നമ്മള്‍ സഹായങ്ങള്‍ എത്തിക്കുമ്പോള്‍, നമ്മളെയും നമുക്കുള്ളവയെയും സമൂഹസേവനത്തിനായി വിട്ടുകൊടുക്കുമ്പോള്‍, സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുമ്പോള്‍ എല്ലാം ഈ ഛായ സാവധാനം തിരിച്ചുവരുന്നു.

സാബത്തും കര്‍ത്താവിന്റെ ദിവസവും

ആഴ്ച തോറുമുള്ള സാബത്താചരണവും അമ്പതു വര്‍ഷം കൂടുമ്പോഴുള്ള സൂപ്പര്‍ സാബത്തായ ജൂബിലി വര്‍ഷാചരണവും എല്ലാം ഇതിനുവേണ്ടി തന്നെയായിരുന്നു. മനുഷ്യനും മൃഗത്തിനും മറ്റു ജീവജാലങ്ങള്‍ക്കും എന്തിനേറെ ഭൂമിയ്ക്കു പോലും വിശ്രമം ആവശ്യമാണ്. നമ്മുടെ അസ്തിത്വത്തിന്റെ നിസ്സാരത അംഗീകരിച്ച് ദൈവത്തിലുള്ള ആശ്രയം ഏറ്റുപറയാനുള്ള അവസരമായിരുന്നു അവ. എന്നാല്‍ ആ ദിവസങ്ങളെല്ലാം നമ്മള്‍ മറ്റെന്തിനോവേണ്ടി നീക്കിവച്ചു. ഒന്നിനും സമയമില്ലാതായി. ജീവിതം സമ്മര്‍ദ്ദം നിറഞ്ഞതായി. അപ്പോള്‍ ദൈവത്തിങ്കലേയ്ക്ക് തിരിയുന്നതിനു പകരം നമ്മള്‍ കൗണ്‍സിലിംഗും മറ്റും തെരഞ്ഞെടുത്തു. അതേ ഫലം തന്നെയാണ് ദൈവത്തിന്റെ വചനങ്ങള്‍ ഉള്‍ക്കൊണ്ട് ദൈവചിന്തയില്‍ ഒരു ദിവസം ചെലവഴിക്കുമ്പോള്‍ ഉണ്ടാകുന്നത് എന്ന കാര്യം നമ്മള്‍ വിസ്മരിച്ചു.

വിസ്മരിക്കാന്‍ നമ്മുടെ ചുറ്റുമുള്ള ലോകം നമ്മളെ പ്രേരിപ്പിക്കുന്നു എന്നതാണ് വാസ്തവം. ഹെബ്രായ ലേഖകന്‍ ഇക്കാര്യം വേദനയോടെ ക്രിസ്ത്യാനികളെ അനുസ്മരിപ്പിക്കുന്നുണ്ട്. ചിലര്‍ സാധാരണയായി ചെയ്യാറുള്ളതുപോലെ നമ്മുടെ സഭായോഗങ്ങള്‍ നാം ഉപക്ഷിക്കരുത്. മാത്രമല്ല, ആ ദിനം അടുത്തുവരുന്നതു കാണുമ്പോള്‍ നിങ്ങള്‍ പരസ്പരം കൂടുതല്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും വേണം (ഹെബ്ര. 10:25).

പ്രതിസന്ധികള്‍: പ്രകൃതിനിയമത്തിന്റെ ഭാഗം

പ്രതിസന്ധികള്‍ എന്നു തോന്നുന്ന സംഭവങ്ങള്‍ ജീവിതത്തിന്റെ, അഥവാ പ്രകൃതിനിയമത്തിന്റെ ഭാഗമാണ്. അവ പ്രകൃതിയില്‍ ദൈവം നിക്ഷേപിച്ചിരിക്കുന്ന ഒരു നിയമത്തിന്റെ നടപ്പാക്കല്‍ മാത്രമാണ്. അതെപ്പോഴും നമ്മുടെ നന്മക്ക് വേണ്ടിയാണുതാനും. അതാണ് പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്യുന്നത്: നിങ്ങളെക്കുറിച്ച് ഒരു പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്. നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി (ജെറ. 29:11). ആ ഉറപ്പ് നമുക്ക് പ്രത്യാശ നല്കുന്നു. ഉറപ്പ് നമ്മുടെ സ്‌നേഹപിതാവും സര്‍വശക്തനുമായ ദൈവത്തിന്റേതാണ്. സംശയത്തിനവകാശമില്ല. ഈ പ്രതിസന്ധിയെ നമ്മള്‍ അതിജീവിക്കും.

പ്രകൃതിയിലെ പ്രതിസന്ധികള്‍

പ്രതിസന്ധിയിലും പ്രത്യാശ തരുന്ന അനേകം ഉദാഹരണങ്ങള്‍ നമ്മുടെ ചുറ്റുപാടുമുണ്ട്. യാതൊരു ആകാരഭംഗിയുമില്ലാത്ത വെറുമൊരു പുഴു ഏതാനും ദിവസങ്ങള്‍ പ്യൂപ്പക്കകത്ത് ചെലവഴിച്ചശേഷം പുറത്തേയ്ക്ക്‌ വരുന്നത് മനോഹരിയായ ഒരു പൂമ്പാറ്റയായാണ്. പൂമ്പാറ്റയെ കുട്ടികള്‍ക്ക് വലിയ ഇഷ്ടമാണ്. അവരതിന്റെ പുറകെ പോകും. എന്നാല്‍, അതിന്റെ പൂര്‍വ്വരൂപമായ പുഴുവിനെ കണ്ടാല്‍ വാവിട്ട് നിലവിളിച്ചുകൊണ്ട് ഓടും. പുഴുവിന് പൂമ്പാറ്റയാകാന്‍ കഴിഞ്ഞത് കുറേ ദിവസങ്ങള്‍ സ്വയം വെള്ളവും വെളിച്ചവും ഭക്ഷണവും ഒന്നുമില്ലാതെ അനിശ്ചിതത്വത്തില്‍ കഴിഞ്ഞതുകൊണ്ടാണ്. പക്ഷേ, അതൊരു പ്രകൃതിനിയമത്തിന്റെ ഭാഗമാണ് എന്നു മനസ്സിലാക്കിയാല്‍ മതി; കാര്യങ്ങള്‍ വളരെ വ്യക്തമാകും.

ഇന്റന്‍സീവ്‌കെയര്‍ യൂണിറ്റില്‍ കഴിയുന്ന രോഗിയെ സംബന്ധിച്ച് ഒരേ ഒരു ചിന്തയേ ഉള്ളൂ, എങ്ങനെയും ജീവന്‍ സംരക്ഷിക്കുക. അതിനായി മറ്റെല്ലാ സ്വാതന്ത്ര്യങ്ങളും ബലി കഴിക്കുന്നു. അനങ്ങാനുള്ള സ്വാതന്ത്ര്യം പോലുമില്ല. എന്നാല്‍ അവിടെ നിന്നും ഇറങ്ങിവരുന്നത് എല്ലാ സ്വാതന്ത്ര്യങ്ങളും അനുഭവിക്അകാനുള്ള അവകാശവുമായിട്ടാണ്.

2010-ല്‍ ചിലിയില്‍ ഉണ്ടായ ഖനി അപകടത്തില്‍പെട്ട 39 തൊഴിലാളികളുടെ അസാമാന്യമായ ധൈര്യത്തെപ്പറ്റിയും അവര്‍ക്കുണ്ടായിരുന്ന ദൈവാശ്രയബോധത്തെപ്പറ്റിയും നിങ്ങള്‍ കേട്ടിരിക്കും. 69 ദിവസങ്ങള്‍ക്കുശേഷം ശാരീരികമോ മാനസികമോ ആയ വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ എല്ലാ തൊഴിലാളികളും, ആകെ 33 പേര്‍, പുറത്തെത്തി. ഇന്നും അവര്‍ ആരോഗ്യത്തോടെ ജീവിക്കുന്നു. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 700 മീറ്റര്‍, അതായതത് ഏതാണ്ട് മുക്കാല്‍ കിലോമീറ്റര്‍ അടിയില്‍, ഖനിയുടെ വാതിലില്‍ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റര്‍ ഉള്ളില്‍ അവരങ്ങനെ വിശ്വാസത്തോടെ ദിവസങ്ങള്‍ ചെലവഴിച്ചു. എന്നെങ്കിലും തങ്ങള്‍ രക്ഷിക്കപ്പെടും എന്ന പ്രതീക്ഷയോടെ. ആ ദിവസങ്ങളില്‍ അവരെ ധൈര്യപ്പെടുത്തിയത് അവരുടെ കൂടെയുള്ള ഒരു തൊഴിലാളിയുടെ ദൈവവിശ്വാസവും അതില്‍ നിന്ന് അദ്ദേഹത്തിനു ലഭിച്ച ധൈര്യവും പ്രത്യാശയുമാണ്. അത് മറ്റുവര്‍ക്കും ധൈര്യം പകര്‍ന്നുകൊടുത്തു. ദൈവത്തില്‍ ആശ്രയിക്കുക; പ്രാര്‍ത്ഥിക്കുക, പ്രത്യാശിക്കുക.

വെള്ളമോ വെളിച്ചമോ ആവശ്യത്തിന് ഓക്‌സിജനോ അനങ്ങാന്‍ സ്ഥലമോ ഇല്ലാതിരുന്നിട്ടും അദ്ദേഹംവിശ്വസിച്ചു: ദൈവം ഞങ്ങളെ കൈവിടില്ല. അദ്ദേഹത്തിന്റെ ദൈവാശ്രയബോധം അത്ര അധികമായിരുന്നു. അവരുടെ കുടുംബാംഗങ്ങള്‍ മാത്രമല്ല, ലോകം മുഴുവന്‍ അവര്‍ക്കുവേണ്ടി കരഞ്ഞപേക്ഷിച്ചു. കൊറോണ വൈറസിനെ നമ്മളും അതിജീവിക്കും. പുഴു പൂമ്പാറ്റ ആയതുപോലെ, ഐസിയു-വില്‍ നിന്ന് ആരോഗ്യം വീണ്ടെടുത്ത് പുറത്തിറങ്ങുന്ന വ്യക്തിയെപ്പോലെ, രക്ഷപ്പെട്ട ഖനിത്തൊഴിലാളികളെപ്പോലെ നമ്മളും പുറത്തുവരും. കൂടുതല്‍ ശോഭനമായ ഒരു ജീവിതത്തിലേയ്ക്ക്‌. ഒരുപക്ഷേ, ഇന്നത്തേതിലും വളരെ വ്യത്യസ്തമായ, മെച്ചപ്പെട്ട ഒരു ജീവിതത്തിലേയ്ക്ക്‌ നമ്മളും പ്രവേശിക്കും.

‘നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്. നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി’ (ജെറ. 29:11). പരിഭ്രാന്തരാകാതെ വിശ്വാസത്തോടെ സൂക്ഷിച്ചുനോക്കിയാല്‍ മനസ്സിലാകും ഈ പ്രതിസന്ധി നമ്മുടെ ഭൂലോകത്തിന് ഗുണം ചെയ്യുന്നുണ്ടെന്ന്. എത്രയോ നാളുകളായി നമ്മള്‍ വീടുകളില്‍ മാതാപിതാക്കളും മക്കളും കൊച്ചുമക്കളും പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ, സമയത്തിന്റെ സമ്മര്‍ദ്ദങ്ങളില്ലാതെ പുറത്തുപോകാതെ, ഒരുമിച്ച് ഇത്രയും നാള്‍ കഴിഞ്ഞിട്ട്. മാതാപിതാക്കള്‍ക്ക് മക്കളെയും മക്കള്‍ക്ക് മാതാപിതാക്കളെയും കാണാനും സംസാരിക്കാനും സാധിച്ചിട്ട്! എത്രനാളായി നമ്മള്‍ ഒരുമിച്ചിരുന്ന് കുടുംബപ്രാര്‍ത്ഥന ചൊല്ലിയിട്ട്. എത്രനാളായി രാവിലെ അല്പസമയം സ്വസ്ഥമായി ദീര്‍ഘമായി കിടന്നുറങ്ങിയിട്ട്! കുട്ടികള്‍ക്ക് പഠനത്തിന്റെ സമ്മര്‍ദ്ദമില്ലാതെ അടുത്തെങ്ങാനും മാതാപിതാക്കളുടെ അടുത്തായിരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? ഭാര്യയ്ക്കും‌ ഭര്‍ത്താവിനും ഒറ്റയ്ക്ക് കുറച്ചുസമയം ചെലവഴിക്കാന്‍ കഴിഞ്ഞിട്ട് എത്ര നാളായി?

നമ്മുടെ അന്തരീക്ഷവും വായുവും ജലവും ഭൂമിയും ചുറ്റുപാടുകളും എത്രയോ വൃത്തികേടായിരുന്നു ഇതുവരെ! ലക്ഷക്കണക്കിന് വാഹനങ്ങളില്‍ നിന്ന് പുറത്തുവന്നുകൊണ്ടിരുന്ന വിഷപ്പുക ഡല്‍ഹി പോലെയുള്ള പട്ടണങ്ങളിലെ ജനജീവിതം തന്നെ അസാധ്യമാക്കിയില്ലേ? സര്‍ക്കാരും കോടതിയും മറ്റും പലപ്രാവശ്യം പലതരത്തില്‍ ഇടപെട്ടു. എന്നിട്ട് നിയന്ത്രിക്കാന്‍ പറ്റിയില്ല. എന്നാല്‍ കൊറോണ എന്ന ഒരുകുഞ്ഞന്‍ ജീവിക്ക് (ജീവിയെന്ന് അതിനെ വിളിയ്ക്കാമെങ്കില്‍) അത് നിഷ്പ്രയാസം സാധിച്ചു. ഏത്ര ആയിരം കോടി രൂപ മുടക്കിയാലും ഈ ശുദ്ധീകരണ പ്രക്രിയ നടക്കുമായിരുന്നോ. ദ്വാരം വീണ ഓസോണിനെ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ഇന്നുള്ള ഏതെങ്കിലും ശാസ്ത്രത്തിന് ത്രാണിയുണ്ടോ? ഭൗതികമായ പുരോഗതിയില്‍ നിന്ന് പുരോഗതിയിലേയ്ക്ക് മനുഷ്യന്‍ കുതിക്കുന്നതിനനുസരിച്ച് ഭൂലോകത്തിന്റെ റിപ്പയര്‍ പിന്നെയാകാമെന്ന് മനുഷ്യന്‍ കരുതുന്നു. അപ്പോള്‍ സ്വയം അറ്റകുറ്റപ്പണി നടത്താനുള്ള പ്രകൃതിനിയമം ഇടപെടുന്നു. അതുകൊണ്ട് ഒരു സ്വയംശുദ്ധീകരണം അഥവാ അറ്റകുറ്റപ്പണിയുടെ പ്രക്രിയയായി ഈ പ്രതിസന്ധിയെ കണ്ടാല്‍ മതി. നമ്മുടെ രാജ്യവും മറ്റ് രാജ്യങ്ങളും ഇതില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് മുമ്പോട്ടു പോയാല്‍ ഇനിയും നമുക്ക് വലിയ ഉയരങ്ങളിലെത്താന്‍ കഴിയും. ഡാര്‍വീനിയന്‍ പരിണാമസിദ്ധാന്തം അതാണല്ലോ പറയുന്നത്.

കാലത്തിന്റെ അടയാളങ്ങളെ മനസ്സിലാക്കുക

കര്‍ത്താവ് പറയുന്നു: പടിഞ്ഞാറ് മേഘം ഉയരുന്നതു കണ്ടാല്‍ മഴ വരുന്നു എന്ന് നിങ്ങള്‍ പറയുന്നു; അങ്ങനെ സംഭവിക്കുകയും ചെയ്യുന്നു. തെക്കന്‍ കാറ്റടിക്കുമ്പോള്‍ അത്യുഷ്ണം ഉണ്ടാകും എന്ന് നിങ്ങള്‍ പറയുന്നു. അത സംഭവിക്കുന്നു. കപടനാട്യക്കാരേ, ഭൂമിയുടെയും ആകാശത്തിന്റെയും ഭാവഭേദം വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്കറിയാം. എന്നാല്‍ ഈ കാലത്തെ വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്ക് അറിയാത്തത് എന്തുകൊണ്ട്? എന്തുകൊണ്ട് നിങ്ങള്‍ ശരിയായി വിധിക്കുന്നില്ല? (ലൂക്കാ 12:54-57).

ഈ തിരിച്ചറിവ് ലഭിക്കണമെങ്കില്‍ നിരന്തരം കര്‍ത്താവിന്റെ വചനത്തിലേയ്ക്ക് ശ്രദ്ധിയ്ക്കണം. വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനിലും മൈക്കിലൂടെ അറിയിപ്പുകള്‍ വന്നുകൊണ്ടിരിക്കും. അവ ശരിയായി കേള്‍ക്കണമെങ്കില്‍ നിശബ്ദത പാലിക്കണം. ഇടയ്ക്ക് വര്‍ത്തമാനം നിര്‍ത്തണം. ഇതുപോലെ തന്നെയാണ് കാലത്തിന്റെ അടയാളങ്ങളും. അവ മനസ്സിലാകണമെങ്കില്‍ ദൈവത്തിന്റെ വചനത്തിന് നാം നിരന്തരം കാതോര്‍ക്കണം. അതല്ലെങ്കില്‍ നമുക്ക് ഫ്‌ലൈറ്റ്, വിമാനം ഒക്കെ നഷ്ടപ്പെടാം. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ദേശത്ത് ഞാന്‍ ക്ഷാമം അയയ്ക്കുന്ന നാളുകള്‍ വരുന്നു. ഭക്ഷണക്ഷാമമോ ജലത്തിനു വറുതിയോ അല്ല. കര്‍ത്താവിന്റെ വചനം ലഭിക്കാത്തതുകൊണ്ടുള്ള ക്ഷാമമായിരിക്കും അത്. അന്ന് അവര്‍ കടല്‍ മുതല്‍ കടല്‍ വരെയും വടക്കു മുതല്‍ കിഴക്കു വരെയും അലഞ്ഞുനടക്കും. കര്‍ത്താവിന്റെ വചനം തേടി ഉഴലുമെങ്കിലും കണ്ടെത്തുകയില്ല.(ആമോസ് 8:11-12). ഇന്ന് നമ്മള്‍ ക്രിസ്ത്യാനികളെ സംബന്ധിച്ച് സംഭവിക്കുന്നത് ഇതല്ലെ എന്ന് ചിന്തിക്കേണ്ട സമയമാണിത്.

ദൈവത്തിന്റെ വചനം മനുഷ്യരൂപമെടുത്തതാണ് ഈശോ. നമുക്ക് മനോഹരങ്ങളായ വലിയ പള്ളികള്‍ ഉണ്ടെങ്കിലും അവിടെയൊന്നും വചനം കണ്ടെത്താന്‍ കഴിയുന്നില്ല. അതെല്ലാം ഇന്ന് പൂട്ടിക്കിടക്കുന്നു. ഈ സാഹചര്യം മറ്റേതെങ്കിലും കാരണം കൊണ്ട് ഭാവിയിലും സംജാതമായിക്കൂടെന്നില്ല. ആ സാഹചര്യത്തെ നേരിടാന്‍ കര്‍ത്താവ് നമ്മളെ ഒരുക്കുന്നു എന്നു കരുതിയാല്‍ മതി. നിപ്പ വന്നപ്പോള്‍ എടുത്ത പ്രതിരോധ നടപടികള്‍ കൊറോണയെ നേരിടാന്‍ നമ്മുടെ നാടിനെ സജ്ജമാക്കിയതുപോലെ സമാനമായ പ്രതിസന്ധികളെ നേരിടാന്‍ ഭാവിയില്‍ നമ്മള്‍ സജ്ജരായിരിക്കും.

വചനത്തിലേയ്ക്ക്‌ തിരിയുക: ജീവിതപ്രമാണമാക്കുക

അതുകൊണ്ട്, വചനഗ്രന്ഥത്തിലേയ്ക്ക് നമുക്ക് തിരിയാം. ജീവന്റെ വചനങ്ങള്‍ അതിലുണ്ട്. ദൈവത്തിന്റെ വചനം സജീവവും ഊര്‍ജ്ജസ്വലവുമാണ്. ഇരുതലവാളിനേക്കാള്‍ മൂര്‍ച്ചയേറിയതും ചേതനയിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ് (ഹെബ്രാ. 4:12). അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിയ്ക്കുന്നു (2 തിമോത്തി 3:16). ദൈവവചനം നമ്മള്‍ നിരന്തരം വായിക്കണം, ഹൃദിസ്ഥമാക്കണം, നമ്മുടെ ചിന്തകളേയും മനോഭാവങ്ങളെയും വാക്കുകളെയും പ്രവൃത്തികളെയും സമീപനശൈലികളെയുമെല്ലാം സ്വാധീനിക്കുന്ന ശക്തിയായി അതു മാറണം. അവ നമ്മുടെ മക്കളെ പറഞ്ഞുകൊടുത്ത്ത്തു പഠിപ്പിക്കണം. അതിന്റെ വെളിച്ചത്തില്‍ അവരുടെ ജീവിതപ്രതിസന്ധികളെ നേരിടാന്‍ പ്രാപ്തമാക്കണം.

സത്യത്തിലും നീതിയിലും ദൈവത്തെ ആരാധിക്കുക

രണ്ടാമതായി നമ്മളോര്‍ക്കേണ്ടത് നമ്മുടെ ആരാധന എങ്ങനെ ആയിരിക്കണം എന്നതാണ്. അത് ആത്മാവിലും സത്യത്തിലും ആയിരിക്കണം എന്ന് ഈശോ സമറിയാക്കാരി സ്ത്രീയിലൂടെ നമ്മളോട് പറഞ്ഞു: സ്ത്രീയേ, എന്നെ വിശ്വസിക്കുക. ഈ മലയിലോ ജെറൂസലേമിലോ നിങ്ങള്‍ പിതാവിനെ ആരാധിക്കാത്ത സമയം വരുന്നു… യഥാര്‍ത്ഥ ആരാധകര്‍ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല, അത് ഇപ്പോള്‍ തന്നെയാണ്. യഥാര്‍ത്ഥത്തില്‍ അങ്ങനെയുള്ള ആരാധകരെ തന്നെയാണ് പിതാവ് അന്വേഷിക്കുന്നതും. ദൈവം ആത്മാവാണ്. അവിടുത്തെ ആരാധിക്കുന്നവര്‍ ആത്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത് (യോഹ. 21:24).

വചനം വ്യാഖ്യാനിക്കാന്‍ പ്രാപ്തരാകുക

മൂന്നാമതായി, എല്ലാം രഹസ്യമായി തന്റെ ശിഷ്യന്മാര്‍ക്ക് വിശദീകരിച്ചുകൊടുക്കുന്ന ഈശോയുടെ മാതൃക നാം അനുകരിക്കണം എന്നതാണ് (മര്‍ക്കോ. 4: 34). ഈശോയുടെ സന്ദേശം ഒരു ജനതയുടെ പ്രത്യേക സാംസ്‌കാരിക പശ്ചാത്തലത്തിലാണ് വിശദീകരിച്ചിട്ടുള്ളത്. അത് ഇന്നത്തെ തലമുറകള്‍ക്ക് മനസ്സിലാകണമെന്നില്ല. അത് അവര്‍ക്ക് വിശദീകരിച്ചു കൊടുക്കപ്പെടണം. അത് കൊടുക്കാന്‍ പ്രഥമമായും മാതാപിതാക്കള്‍ക്കും രണ്ടാമതായി പുരോഹിതര്‍ക്കും സമര്‍പ്പിതര്‍ക്കും കടമയുണ്ട്. പഴയനിയമത്തിലെ പുരോഹിതരോട് ദൈവം പറയുന്നു: പുരോഹിതന്‍ അധരത്തില്‍ ജ്ഞാനം സൂക്ഷിക്കണം. ജനം പ്രബോധനം തേടി അവനെ സമീപിക്കണം (മലാഖി 2:7).

കരയുന്ന കുഞ്ഞിന്റെ കരച്ചിലിന്റെ അര്‍ത്ഥം അതിന്റെ അമ്മയ്ക്ക് പെട്ടെന്നു മനസ്സിലാകും. സംസാരിക്കാന്‍ പഠിക്കുന്ന കുട്ടി പറയുന്ന ഒരു വാക്കിന് പല അര്‍ത്ഥങ്ങളുണ്ട് എന്ന് അമ്മക്കറിയാം. സംസാരശേഷിയില്ലാത്ത മകളോ മകനോ പറയുന്ന വാക്കുകള്‍ മാതാപിതാക്കള്‍ക്ക് പെട്ടെന്നു മനസ്സിലാകും. നമ്മുടെ മക്കളുടെ പ്രതികരണം നമ്മള്‍ മനസ്സിലാക്കണം. അവര്‍ക്ക് ദൈവത്തെ വേണ്ട എന്നല്ല പറയുന്നത്, പ്രത്യുത നിങ്ങള്‍ പറയുന്ന ദൈവത്തെ ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല എന്നാണ്.

സ്വര്‍ഗ്ഗവും നരകവും ശുദ്ധീകരണസ്ഥലവും പരലോകജീവിതവും ആത്മാവുമെല്ലാം അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ വിശദീകരിക്കപ്പെടണം. അതിന് അവര്‍ ഉപയോഗിക്കുന്ന മാധ്യമങ്ങള്‍ ഉപയോഗിച്ച് അവര്‍ക്ക് പകര്‍ന്നുനല്കണം. അങ്ങനെ നമ്മുടെ ഇളംതലമുറയെ വിശ്വാസത്തില്‍ വളര്‍ത്തി നിലനിര്‍ത്താം. അടച്ചിടല്‍ കാലം അതിന് ഏറ്റവും അനുയോജ്യമാണ്. എല്ലാവര്‍ക്കും ഒരുമിച്ച് പള്ളിയില്‍ സമ്മേളിക്കാന്‍ കഴിയില്ല. പക്ഷേ, ആധുനികമാധ്യമങ്ങള്‍ ഉപയോഗിച്ച് അവരുടെ അടുത്തേയ്ക്ക്‌ ചെല്ലാന്‍ പറ്റും. മാതാപിതാക്കള്‍ക്ക് യഥാര്‍ത്ഥ വിശ്വാസപരിശീലകരാകാന്‍ പറ്റും.

ഗാര്‍ഹികസഭയും ഓണ്‍ലൈന്‍ ആദ്ധ്യാത്മികതയും

ഇടവക ദൈവാലയങ്ങളില്‍ തിരുക്കര്‍മ്മങ്ങള്‍ നടത്താന്‍ പറ്റാതായതോടെ നമ്മള്‍ കൂടുതലായി ഓണ്‍ലൈന്‍ മാധ്യമങ്ങളെ ആശ്രയിക്കാന്‍ തുടങ്ങിയിരിക്കുന്നു. അവ നമ്മള്‍ സാര്‍ത്ഥകമാക്കുന്നതാകട്ടെ, നമ്മുടെ ഭവനങ്ങള്‍ക്കുള്ളിലും. ഒന്നുകൂടി കൃത്യമായി പറഞ്ഞാല്‍ വീടിന്റെ നാല് ഭിത്തികള്‍ക്കുള്ളില്‍. കുടുംബങ്ങള്‍ ഇടവക ദൈവാലയത്തിലേയ്ക്ക്‌ വരുന്നതിനു പകരം ഇടവക ദൈവാലയം കുടുംബങ്ങളിലേയ്ക്ക് ചെല്ലുന്ന മനോഹരമായ കാഴ്ചയാണ് നമ്മളിവിടെ കാണുന്നത്. ഇവിടുന്ന് നമ്മള്‍ കെട്ടിപ്പടുക്കണം. അതുതന്നെയാണ് വി. ജോണ്‍പോള്‍ രണ്ടാമന്‍ പറഞ്ഞുവച്ചതും. അദ്ദേഹത്തിന്റെ കുടുംബങ്ങളെക്കുറിച്ചുള്ള ചാക്രികലേഖനത്തില്‍ നമ്മളെ പ്രബോധിപ്പിച്ചു: നമ്മുടെ രക്ഷകന്റെ ലോകത്തിലെ ജീവിതസാന്നിധ്യവും സഭയുടെ യഥാര്‍ത്ഥ സ്വഭാവവും കുടുംബങ്ങള്‍ എല്ലാ ജനങ്ങള്‍ക്കും പ്രകടമാക്കും (നമ്പര്‍ 5).

സമറിയാക്കാരി സ്ത്രീയോട് കര്‍ത്താവ് പറഞ്ഞത് എത്രയോ വാസ്തവമായി. നമുക്കവിടുത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കാം. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് വിഭാവനം ചെയ്ത ഗാര്‍ഹികസഭ ഇപ്പോള്‍ ഉദയം ചെയ്തിരിക്കുന്നു. ഒരുപക്ഷേ, ഇത് കുറച്ചുകൂടി നേരത്തെ തുടങ്ങിയിരുന്നെങ്കില്‍ നമ്മുടെ യുവതലമുറ ഇത്രയധികം വഴിതെറ്റിപ്പോകുമായിരുന്നോ എന്നത് ചിന്തനീയമാണ്. കാരണം സമൂഹത്തില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് പ്രത്യേകിച്ച്, ആശയസംവേദനം നടത്തുന്ന രീതിയില്‍ വചനവും പ്രബോധനവും കൊടുത്തിരുന്നെങ്കില്‍ ഇളംതലമുറയ്ക്ക് കൂടുതല്‍ മനസ്സിലാകുമായിരുന്നു. അങ്ങനെ അവര്‍ ദൈവത്തില്‍ നിന്ന് അകലാതെ നില്‍ക്കുമായിരുന്നു.

സഭയുടെ കേവലം ഭരണപരമായ ചെറുഘടകമായ ഇടവകയില്‍ വിശ്വാസജീവിതവും ആത്മീയജീവിതവും കേന്ദ്രീകരിക്കുന്നതിനു പകരം ദൈവശാസ്ത്രപരമായി സഭയെ ലോകത്തിന്റെ മുമ്പില്‍ അവതരിപ്പിക്കുന്ന കുടുംബകേന്ദ്രീകൃത വിശ്വാസജീവിതത്തിലേയ്ക്കും‌ ആദ്ധ്യാത്മികതയിലേയ്ക്കും‌ നമ്മള്‍ നടന്നടുക്കുകയാണ്. ഇപ്പോള്‍ നമ്മള്‍ നടത്തിക്കൊണ്ടിരിക്കുന്ന അജപാലന പ്രവര്‍ത്തനശൈലി തുടരാന്‍ പറ്റിയ രീതിയില്‍ നമ്മുടെ ഇടവകകളുടെ ഭൗതികസാഹചര്യങ്ങളെ പുനര്‍നിര്‍മ്മിക്കുന്നത് ഇന്ന് നമുക്ക് ലഭിച്ച ഈ അനുഭവപരിചയത്തെ കൂടുതല്‍ ശോഭയോടെ മുമ്പോട്ടു കൊണ്ടുപോകാന്‍ സഹായിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ക്രിസ്തുവിന്റെ പൊതുപൗരോഹിത്യത്തിന്റെ പ്രസക്തി

ജ്ഞാനസ്‌നാനം സ്വീകരിച്ച എല്ലാവരും ഈശോമിശിഹായുടെ പൊതു പൗരോഹിത്യത്തില്‍ പങ്കുപറ്റുന്നവരാണ്. ദൈവവചനത്തില്‍ വളരെ വ്യക്തമായി കാണുന്ന പ്രബോധനമാണത്. പഴയനിയമത്തിന്റെയും പുതിയനിയമത്തിന്റെയും കാഴ്ച്ചപ്പാട് അതുതന്നെയാണ്. ഇസ്രായേല്‍ക്കാരെപ്പറ്റി വചനം പറയുന്നു: നിങ്ങള്‍ എനിക്ക് പുരോഹിതരാജ്യവും വിശുദ്ധ ജനവുമായിരിക്കും (പുറ. 19:6). പുതിയനിയമത്തിലെ ഇസ്രായേലായ ക്രിസ്തുശിഷ്യരെ വി. പത്രോസ് ഓര്‍മ്മപ്പെടുത്തുന്നു: നിങ്ങള്‍ സജീവശിലകള്‍ കൊണ്ടുള്ള ഒരു ആത്മീയഭവനമായി പടുത്തുയര്‍ത്തപ്പെടട്ടെ. യേശുക്രിസ്തു വഴി ദൈവത്തിന് സ്വീകാര്യമായ ബലികളര്‍പ്പിക്കുന്നതിന് വിശുദ്ധമായ ഒരു പുരോഹിതജനമാകുകയും ചെയ്യട്ടെ (1 പത്രോസ് 2:5). എന്നാല്‍ നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ് (1 പത്രോസ് 2:9).

ഈശോമിശിഹായായ കുഞ്ഞാടിന്റെ രക്തത്തില്‍ വസ്ത്രം കഴുകി വിശുദ്ധീകൃതരായ ക്രൈസ്തവരെപ്പറ്റി വി. യോഹന്നാന്‍ വെളിപാട് പുസ്തകത്തില്‍ ഇപ്രകാരം പറയുന്നു: കാരണം നീ വധിക്കപ്പെടുകയും നിന്റെ രക്തം കൊണ്ട് എല്ലാ ഗോത്രത്തിലും ഭാഷയിലും ജനതകളിലും രാജ്യങ്ങളില്‍ നിന്നുള്ളവരെ ദൈവത്തിന് വേണ്ടി വിലയ്ക്ക്‌ വാങ്ങുകയും ചെയ്തു. നീ അവരെ നമ്മുടെ ദൈവത്തിന് ഒരു രാജ്യവും പുരോഹിതന്മാരും ആക്കി (വെളി. 5:910). അദ്ദേഹം തുടരുന്നു: ഒന്നാമത്തെ പുനരുദ്ധാനത്തില്‍ പങ്കുകൊള്ളുന്നവര്‍ അനുഗൃഹീതരും പരിശുദ്ധരുമാണ്. ഇവരുടെ മേല്‍ രണ്ടാമത്തെ മരണത്തിന് ഒരധികാരവുമില്ല. ഇവര്‍ ദൈവത്തിന്റെയും ക്രിസ്തുവിന്റെയും പുരോഹിതന്മാര്‍ ആയിരിക്കും (വെളി. 20:56).

എന്നാല്‍, ദൈവജനത്തിന്റെ ഈ പൗരോഹിത്യശുശ്രൂഷയുടെ ചില ധര്‍മ്മങ്ങള്‍ പ്രത്യേക കാരണങ്ങളാല്‍ ഏതാനും ചിലരെ പ്രത്യേകമായി ഏല്പിച്ചുകൊടുത്തു. അഹറോനെ പൗരോഹിത്യം ഏല്‍പിച്ചതിനെപ്പറ്റി പ്രഭാഷകന്റെ പുസ്തകത്തില്‍ പറയുന്നു: ലേവീ ഗോത്രജനും മോശയുടെ സഹോദരനും അവനെപ്പോലെ തന്നെ വിശുദ്ധനുമായ അഹറോനെ അവിടുന്ന് ഉയര്‍ത്തി. അവിടുന്ന് അവനുമായി നിത്യമായി ഒരു ഉടമ്പടി ചെയ്യുകയും ജനത്തിന്റെ പൗരോഹിത്യം അവന് നല്കുകയും ചെയ്തു (പ്രഭാ. 45:67). കര്‍ത്താവിന് ശുശ്രൂഷ ചെയ്യാനും പുരോഹിതധര്‍മ്മം അനുഷ്ഠിക്കാനും അവിടുത്തെ നാമത്തില്‍ തന്റെ ജനത്തെ ആശിര്‍വദിക്കാനും വേണ്ടിയാണത് (പ്രഭാ. 45:15). അതുപോലെ ജനത്തിന്റെ പാപങ്ങളുടെ പരിഹാരത്തിനുവേണ്ടി കര്‍ത്താവിന് ബലിയര്‍പ്പിക്കാനാണത് (പ്രഭാ. 45:16). ഇസ്രായേല്‍ക്കാര്‍ വിശുദ്ധവസ്തുക്കള്‍ കാഴ്ച സമര്‍പ്പിക്കുന്നതില്‍ വരുത്തുന്ന വീഴ്ചകള്‍ അവന്‍ വഹിക്കാന്‍ വേണ്ടിയാണത്. ചുരുക്കത്തില്‍ വാഗ്ദാനം ചെയ്യപ്പെട്ട ക്ഷകന്‍ വരുന്നതുവരെ അവരെ ദൈവവുമായുള്ള ബന്ധത്തില്‍ നിലനിര്‍ത്താനുള്ള മാര്‍ഗ്ഗമാണത്.

അതുപോലെ തന്നെ ജനത്തെ പഠിപ്പിക്കുക എന്ന ധര്‍മ്മവും പൗരോഹിത്യത്തിനുണ്ട്. വചനം പറയുന്നു: തന്റെ പ്രമാണങ്ങള്‍ യാക്കോബിനെ പഠിപ്പിക്കുന്നതിനും തന്റെ നിയമങ്ങളാല്‍ ഇസ്രായേലിന് മാര്‍ഗ്ഗനിര്‍ദ്ദേശം കൊടുക്കുന്നതിനും അവിടുന്ന് അവനെ മാനവകുലത്തില്‍ നിന്ന് തെരഞ്ഞെടുത്തു (പ്രഭാ. 45: 1). പഴയനിയമത്തില്‍ ജനം ഇസ്രായേലായിരുന്നു; എന്നാല്‍ പുതിയനിയമത്തില്‍ ക്രിസ്തുവിന്റെ മൗതികശരീരമാണ് ആ ജനം. ഈ ശരീരത്തിന്റെ ശിരസ്സ് ക്രിസ്തുവാണ്. അതുകൊണ്ട് ഈ മൗതികശരീരം ക്രിസ്തു തന്നെയാണ്. അതുകൊണ്ടാണ് ജനത്തിന്റെ പൊതുപൗരോഹിത്യം എന്ന് പറയുന്നത്. ജനം ക്രിസ്തുവിന്റെ മൗതികശരീരമായതുകൊണ്ട് ക്രിസ്തുവിന്റെ പൗരോഹിത്യമെന്ന് പറയുന്നത് ശരിയുമാണ്. ക്രിസ്തുശിഷ്യരുടെ സമൂഹമായ സഭയുടെ പൊതുപൗരോഹിത്യം രണ്ടാം വത്തിക്കാന്‍ സൂനഹദോസ് കണ്ടെത്തി അതിന്റെ രേഖകളില്‍ തിരികെ കൊണ്ടുവരുന്നുണ്ട്. സഭയുടെ ഒരു അടിസ്ഥാന പ്രബോധനമാണത്.

പൗരോഹിത്യത്തില്‍ മാറ്റം വരുമ്പോള്‍ നിയമത്തിലും അവശ്യം മാറ്റം വരുന്നു (ഹെബ്രാ. 7:12). ഈശോ ജനിച്ചത് ലേവീഗോത്രത്തിലല്ല, പ്രത്യുത യൂദാഗോത്രത്തിലാണ്. അതുകൊണ്ട് അഹറോന്റെ ക്രമപ്രകാരം പുരോഹിതനാകാന്‍ പറ്റുമായിരുന്നില്ല. എന്നാല്‍ ദൈവം അവിടുത്തെ നിത്യപുരോഹിതനാക്കി. സ്വന്തം ജീവനെത്തന്നെ തന്റെ ജനത്തിന്റെ പാപ പരിഹാരാര്‍ത്ഥം ബലിയര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട്. ഈശോ ഇന്ന് മനുഷ്യരൂപത്തില്‍ ഈ ലോകത്തിലില്ല. എന്നാല്‍ അവിടുന്ന് ജീവിക്കുന്നുണ്ട്, കേവലം ഒരു അപ്പക്കഷണമായി മാത്രമല്ല, പ്രത്യുത അവിടുത്തെ ശരീരമായ സഭയുടെ രൂപത്തില്‍. ഈ സഭയുടെ ദൗത്യവും ക്രിസ്തുവിന്റേതു തന്നെയാണ്, സ്വയം ബലിയര്‍പ്പിക്കുക. കാലാകാലങ്ങളില്‍ വരുന്ന ജനതകളുടെ പാപ പരിഹാര്‍ത്ഥം. അങ്ങനെ ഈ ലോകത്തില്‍ പറുദീസായിലെ അനുഭവം പുനഃസൃഷ്ടിക്കുക. സഭയില്‍ ബലിവസ്തുവും ബലിയര്‍പ്പകരും ഒന്നുതന്നെയാണ്. ഈ പൗരോഹിത്യശുശ്രൂഷ ഒന്നാമതായി കുടുംബത്തിലും രണ്ടാമതായി ഇടവക ദൈവാലയത്തിലും നടക്കണം.

ഈ അടച്ചിടല്‍ കാലത്ത് നമ്മുടെ വിശ്വാസജീവിതം വളരെയധികം ഭവനകേന്ദ്രീകൃതമായതു പൊതുപൗരോഹിത്യം കുടുംബത്തിനുള്ളില്‍ കൂടുതല്‍ ഉത്സാഹത്തോടെ നിര്‍വഹിക്കപ്പെടേണ്ട അവസ്ഥയുണ്ട്. അഹറോന്റെ പുതിയ നിയമത്തിലെ പിന്‍ഗാമികള്‍ ഇതുവരെ ചെയ്തിരുന്ന കുറേകാര്യങ്ങള്‍ കുടുംബത്തിലെ നാഥന്‍ അല്ലെങ്കില്‍ നാഥ ഏറ്റെടുക്കേണ്ട സമയമാണ്. ഈ നോമ്പുകാലഘട്ടവും വലിയആഴ്ചയും ആ പൗരോഹിത്യശുശ്രൂഷയില്‍ നിന്ന് വളരെയധികം കാര്യങ്ങള്‍ ആവശ്യപ്പെടുന്നു. കുടുംബങ്ങളില്‍ അവ ഗൗരവമായി കണക്കാക്കുകയും നിര്‍വഹിക്കപ്പെടുകയും ചെയ്യണം.

കുടുംബത്തിലെ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം കൊടുക്കുക, അവ സമയാസമയങ്ങളില്‍ എല്ലാവരും ഒത്തുചേര്‍ന്ന് നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, കര്‍ത്താവിന്റെ പ്രബോധനങ്ങളിലും പ്രമാണങ്ങളിലും കുട്ടികളെ പരിശീലിപ്പിക്കുക, ക്രിസ്തീയ കുടുംബസങ്കല്പം അവരെ വേണ്ടവിധം മനസ്സിലാക്കുക, അവര്‍ വ്യാപരിക്കുന്ന ചുറ്റുപാടുകളിലെ അപകടസൂചനകള്‍ മനസ്സിലാക്കാന്‍ പരിശീലിപ്പിക്കുക തുടങ്ങിയവ അവയില്‍ ചിലത് മാത്രം. യാമപ്രാര്‍ത്ഥനകള്‍ കുടുംബനാഥന്റെ അല്ലെങ്കില്‍ നാഥയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന സഭാപ്രാര്‍ത്ഥനയാണ്. അത് പരിശീലിക്കാനും പരിശീലിപ്പിക്കാനും ഏറ്റവും പറ്റിയ കാലഘട്ടമാണിത്. വിശുദ്ധഗ്രന്ഥവും സഭാപ്രബോധനങ്ങളും വ്യാഖ്യാനിച്ച് കൊടുക്കാനും പറ്റിയ സമയം.

വലിയ ആഴ്ചയോടനുബന്ധിച്ച് കുടുംബങ്ങളില്‍ നടത്തപ്പെടാവുന്ന ചില പ്രാര്‍ത്ഥനാശുശ്രൂഷകള്‍ അടങ്ങിയ ഒരു ലഘുപുസ്തകം ഈ ബുക്കായും മൊബൈല്‍ ആപ്പ് ആയും നിങ്ങള്‍ക്ക് ഉടനെ തയ്യാറാക്കി തരുന്നതാണ്. അച്ചടിച്ച് വിതരണം ചെയ്യാന്‍ ഈ സമയത്ത് സാദ്ധ്യമല്ലല്ലോ. വി. ബൈബിള്‍, വി. കുര്‍ബാന, യാമപ്രാര്‍ത്ഥനകള്‍ എന്നിവയുടെ മൊബൈല്‍ ആപ്പുകള്‍ ഇപ്പോള്‍ തന്നെ ലഭ്യമാണ്. അവ നിങ്ങള്‍ക്ക് മൊബൈല്‍ ഫോണുകളില്‍ ഡൗണ്‍ ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

സഭയുടെ ഔദ്യോഗികപ്രാര്‍ത്ഥനകളാണ് യാമപ്രാര്‍ത്ഥനകള്‍. പല നേരങ്ങള്‍ക്കുള്ളവ ഉണ്ടെങ്കിലും കുടുംബങ്ങളില്‍ സപ്ര (പ്രഭാതപ്രാര്‍ത്ഥന), റംശ (സന്ധ്യാപ്രാര്‍ത്ഥന) എന്നിവയെങ്കിലും ചൊല്ലുന്നത് ഉചിതമാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പ്രാര്‍ത്ഥനകളും മറ്റും ചൊല്ലുന്നത് ശരിയാണോ എന്ന് ചിലരെങ്കിലും സംശയിച്ചേക്കാം. അതില്‍ യാതൊരു പ്രശ്‌നവുമില്ല. അക്ഷരങ്ങള്‍ നമ്മുടെ പ്രാര്‍ത്ഥനയ്ക്ക്‌ സഹായകം മാത്രമാണ്. അത് ഏത് രൂപത്തിലാണെന്നത് നമ്മുടെ പ്രാര്‍ത്ഥനയുടെ സാധുതയെ ബാധിക്കുന്നില്ല

അടച്ചിടല്‍ എത്രനാള്‍?

ഇപ്പോള്‍ മനസ്സിലാകുന്നതനുസരിച്ച് വലിയ ആഴ്ചയിലെ കര്‍മ്മങ്ങള്‍ സാധാരണപോലെ ഉണ്ടായിരിക്കുകയില്ല. പകരം അതാത് ഇടവകപ്പള്ളികളില്‍ വൈദികര്‍ മാത്രം ആ കര്‍മ്മങ്ങള്‍ നടത്തുന്നതായിരിക്കും. സാധിക്കുന്നിടത്തോളം വിശ്വാസിസമൂഹം അവരവരുടെ വീടുകളില്‍ അഥവാ സമര്‍പ്പിതഭവനങ്ങളില്‍ നിന്നു തന്നെ അവയില്‍ ഓണ്‍ലൈനായി ആത്മീയമായി പങ്കുചേരുക. വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ പലതരം മാധ്യമങ്ങളിലൂടെ നിങ്ങള്‍ക്ക് ലഭ്യമാണ്. മാനന്തവാടി ബിഷപ്സ് ഹൌസില്‍ ഞാന്‍ നേതൃത്വം കൊടുക്കുന്ന തിരുക്കര്‍മ്മങ്ങളും ഫെയ്‌സ്ബുക്കിലൂടെയും യുട്യൂബിലൂടെയും പരിമിതമായി സ്ടീം ചെയ്യുന്നുണ്ട്. അവയിലേതിലെങ്കിലും നിങ്ങള്‍ക്ക് പങ്കുചേരാവുന്നതാണ്. വിശുദ്ധവാരത്തിലെ തിരുക്കര്‍മ്മങ്ങളെപ്പറ്റി വിശദമായി പ്രതിപാദിക്കുന്ന മറ്റൊരു സര്‍ക്കുലര്‍ അധികം താമസിയാതെ നിങ്ങളുടെ കൈകളിലെത്തുന്നതാണ്. അതോടൊപ്പം വാട്ട്‌സാപ്പിലൂടെയും തലേദിവസം പിറ്റേ ദിവസത്തെ കര്‍മ്മങ്ങളുടെ വിവരം നിങ്ങളെ അറിയിക്കുന്നതുമാണ്.

ഈ പ്രതിസന്ധിയില്‍ നിങ്ങള്‍ ദുഃഖിക്കരുത്. നിങ്ങളുടെ മനസ്സ് തളരരുത്. പഴയനിയമത്തിലെ ജോബിന്റെ മാതൃക നിങ്ങള്‍ക്ക് ശക്തി പകരട്ടെ. എന്റെ പ്രാര്‍ത്ഥന എപ്പോഴും നിങ്ങളോടു കൂടിയുണ്ട്. അസാധ്യമായത് ദൈവം നമ്മളില്‍ നിന്ന് ആവശ്യപ്പെടുന്നില്ല. എത്രയും വേഗം ലോകത്തെ കൊറോണാ വൈറസ് എന്ന മഹാമാരിയില്‍ നിന്ന് മോചിപ്പിക്കണമെ എന്ന് നമുക്ക് തീക്ഷ്ണമായി പ്രാര്‍ത്ഥിക്കാം. പരിശുദ്ധ അമ്മയുടെയും സകല വിശുദ്ധരുടെയും, നമ്മുടെ പിതാവായ വി. തോമാ ശ്ലീഹായുടെയും നമ്മുടെ സഭയിലെ വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും, പ്രാര്‍ത്ഥനകള്‍ നമ്മോടുകൂടി ഉണ്ടായിരിക്കട്ടെ. നിങ്ങള്‍ക്കേവര്‍ക്കും കര്‍ത്താവിന്റെ ഉയിര്‍പ്പിന്റെ അനുഭവം ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. കര്‍ത്താവിന്റെ കൃപ നിങ്ങളേവരോടും കൂടെ ഉണ്ടായിരിക്കട്ടെ.

ബിഷപ്പ് ജോസ് പൊരുന്നേടം
മാനന്തവാടി രൂപതയുടെ മെത്രാന്‍