സ്നേഹവും കുടുംബവും സന്തോഷകരമായ ക്രിസ്തീയജീവിതത്തിന്റെ മാനദണ്ഡങ്ങളാണ്: ബിഷപ്പ് ഗോമസ് 

സന്തോഷകരമായ ക്രിസ്തീയജീവിതത്തിൽ കുടുംബത്തിനും കുട്ടികൾക്കുമുള്ള പ്രാധാന്യത്തെ ചൂണ്ടിക്കാട്ടി ലോസ് ആഞ്ചലസിലെ ആർച്ച്ബിഷപ്പ് ജോസ് എച്ച്. ഗോമസ്. നോത്രെ ദാം യൂണിവേഴ്സിറ്റിയിൽ, കുടുംബജീവിതത്തിൽ കുട്ടികളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പലരും കുടുംബജീവിതത്തിൽ കുട്ടികളുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരല്ല. ‘ഞങ്ങൾക്ക് കുട്ടികളുണ്ടാകേണ്ടത് ആവശ്യമാണോ’ എന്ന് ചിന്തിക്കുന്ന ആളുകളുടെ എണ്ണം കൂടിവരുന്നത് സങ്കടകരമായ കാര്യമാണ്. ദമ്പതികൾ തമ്മിലുള്ള സ്നേഹവും ഗർഭധാരണവും കുട്ടികളുടെ പരിചരണവുമാണ് കുടുംബജീവിതത്തെ ഏറ്റവും മനോഹരമാക്കി തീർക്കുന്നത്. പലരും കത്തോലിക്കാ ജീവിതത്തിന്റെ പരമമായ യാഥാർഥ്യത്തെ മറക്കുന്നു – അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭർത്താക്കന്മാരേ, ക്രിസ്തു സഭയെ സ്നേഹിച്ചതുപോലെ നിങ്ങൾ ഭാര്യമാരെ സ്നേഹിക്കുക. ആ സ്നേഹത്തിൽ നിന്ന് ഉരുത്തിരിയുന്ന മക്കൾക്ക് ജന്മം നൽകുന്നതോടെ ദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ നിങ്ങൾ പങ്കുചേരുകയാണ്. അദ്ദേഹം ദമ്പതികളെ ഓര്‍മ്മിപ്പിച്ചു. കുഞ്ഞുങ്ങളിലൂടെ ഒരു ക്രിസ്ത്യൻ സംസ്കാരത്തെ വാർത്തെടുക്കുവാനുള്ള ശ്രമങ്ങൾക്ക് ശക്തി പകരുവാൻ ഇടവകയിലെ ശുശ്രൂഷാ സംവിധാനങ്ങൾക്ക് കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.