ആർച്ച്ബിഷപ്പ് ഫുൾട്ടൺ ജെ. ഷീൻ വാഴ്ത്തപ്പെട്ട പദവിയിലേയ്ക്ക്

ഇരുപതാം നൂറ്റാണ്ടിൽ ലോകം കണ്ട മികച്ച പ്രഭാഷകനായിരുന്ന ആർച്ച്ബിഷപ്പ് ഫുൾട്ടൺ ജെ. ഷീൻ വാഴ്ത്തപ്പെട്ട പദവിയിലേയ്ക്ക് ഉയർത്തപ്പെടും. ഷീനിന്റെ മാധ്യസ്ഥതയിൽ സംഭവിച്ച അത്ഭുതം ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ചതോടു കൂടിയാണ് അദ്ദേഹം വാഴ്ത്തപ്പെട്ട പദവിയിലേയ്ക്ക് ഉടനെ തന്നെ ഉയർത്തപ്പെടുമെന്ന കാര്യം ഉറപ്പായത്.

അമേരിക്കൻ മാധ്യമലോകത്ത് വലിയ ചലനങ്ങൾ സൃഷ്ടിച്ച കത്തോലിക്കാ പണ്ഡിതനും, എഴുത്തുകാരനും, പ്രഭാഷകനുമായിരുന്നു ആർച്ച്ബിഷപ്പ് ഷീൻ. 1895-ൽ ഇല്ലിനോയിസ് സംസ്ഥാനത്തെ എൽ പാസോ നഗരത്തിലാണ് ഫുൾട്ടൺ ജെ. ഷീൻ ജനിക്കുന്നത്. കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്ക, ബെൽജിയത്തിലെ ലൂവെൻ യൂണിവേഴ്സിറ്റി തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളിലായിരുന്നു ഷീനിന്റെ വിദ്യാഭ്യാസം.

ഒട്ടനവധി പുസ്തകങ്ങളും ആർച്ച്ബിഷപ്പ് ഫുൾട്ടൺ ജെ. ഷീൻ എഴുതിയിട്ടുണ്ട്. ആർച്ച്ബിഷപ്പ് ഷീനിന്റെ അഭിഷേകം നിറഞ്ഞ പ്രസംഗം കേട്ട് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചവർ അനവധിയാണ്.