ആര്‍ച്ച്ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് വിടവാങ്ങിയിട്ട് കാല്‍നൂറ്റാണ്ട്; തലസ്ഥാനം നാളെ ആദരാഞ്ജലികള്‍ അര്‍പ്പിക്കും

നീണ്ട 41 വര്‍ഷക്കാലം തലസ്ഥാനത്തിന്റെ ആത്മീയ തേജസും തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പുമായിരുന്ന ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് തിരുമേനി വിടവാങ്ങിയിട്ട് നാളെ (10.10.2019, വ്യാഴം) 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. 1994 ഒക്‌ടോബര്‍ 10-നാണ് മാര്‍ ഗ്രിഗോറിയോസ് കാലംചെയ്തത്. നാളെരാവിലെ 7-ന് പട്ടം കത്തീഡ്രല്‍ ദൈവാലയത്തില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ കാര്‍മികത്വത്തില്‍ ആഘോഷമായ സമൂഹബലിയും തുടര്‍ന്ന് കബറിടത്തില്‍ അനുസ്മരണ പ്രാര്‍ത്ഥനയും നടക്കും.

രാവിലെ 8.30-ന് നഗരത്തിലെ നാനാതുറയിലുള്ള പ്രമുഖര്‍ കബറിടത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കും. ഇന്ന് വൈകിട്ട് നാലാഞ്ചിറയില്‍നിന്ന് കബറിടത്തിലേക്ക് ശാന്തിയാത്ര നടക്കും. മലങ്കര കാത്തലിക് അസോസിയേഷന്‍ തിരുവനന്തപുരം മേജര്‍ അതിരൂപതാ സമിതി നേതൃത്വം നല്‍കും.

മാര്‍ ഈവാനിയോസ് കോളേജിന്റെ പ്രഥമ പ്രിന്‍സിപ്പല്‍, ആര്‍ച്ച്ബിഷപ്, കെ.സി.ബി.സി, സി.ബി.സി.ഐ. അദ്ധ്യക്ഷന്‍, സാമ്പത്തിക, കാര്‍ഷിക വിദഗ്ധന്‍, സംരംഭകന്‍, പ്രകൃതി സ്‌നേഹി എന്നിങ്ങനെ തലസ്ഥാനത്തും രാജ്യത്തുടനീളവും പരക്കെ അറിയപ്പെടുന്ന ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് മനുഷ്യസമൂഹത്തിന്റെ ദാരിദ്ര്യം അകറ്റുവാന്‍ നിരവധി സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചു. ചെഷയര്‍ ഹോം അടക്കും നിരവധി ജീവകാരുണ്യസംരംഭങ്ങള്‍ക്ക് കാരണക്കാരനായി. മാഞ്ചിയം, സുബാബൂള്‍ തുടങ്ങിയ മരങ്ങള്‍ കേരളത്തിന് പരിചയപ്പെടുത്തി. മതമൈത്രിയുടെ ശക്തമായ വക്തവായിരുന്നു ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ്. ചാലയിലും പൂന്തുറയിലും വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായപ്പോള്‍ സര്‍ക്കാരിന്റെ താല്‍പര്യപ്രകാരം സമാധാനയാത്രകള്‍ക്ക് നേതൃത്വം നല്‍കി. 2 വര്‍ഷം മുമ്പ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ അനുസ്മരണ പ്രഭാഷണങ്ങളും നിരവധി ജീവകാരുണ്യ പദ്ധതികളും നടത്തി.

ഫാ. ബോവസ് മാത്യു
പി.ആര്‍.ഒ
9447661943

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.