പാപ്പായ്ക്ക് കൃതജ്ഞതയര്‍പ്പിച്ച് കല്‍ദായ സഭയുടെ ആര്‍ച്ചുബിഷപ്പ് ബാഷര്‍ വാര്‍ദ്ദ

ഇറാക്ക് സന്ദര്‍ശനത്തിന്റെ ഭാഗമായി ഏര്‍ബില്‍ സ്റ്റേഡിയത്തില്‍ പാപ്പാ അര്‍പ്പിച്ച ദിവ്യപൂജയ്ക്ക് ശേഷം കല്‍ദായ സഭയുടെ ആര്‍ച്ച് ബിഷപ്പ് ബാഷര്‍ വാര്‍ദ്ദ പാപ്പായ്ക്ക് നന്ദിയര്‍പ്പിച്ചു. പ്രതിസന്ധിയുടെയും പകര്‍ച്ചവ്യാധിയുടെയും ഈ സമയത്ത് പ്രശ്‌നബാധിതവും, അക്രമം നിറഞ്ഞതും, തര്‍ക്കങ്ങള്‍ ഒരിക്കലും അവസാനിക്കാത്തതുമായ സഹനത്തിന്റെയും സ്ഥാനഭ്രംശങ്ങളുടേയും ഈ നാട്ടിലേക്കെത്താന്‍ പാപ്പാ കാണിച്ച ധൈര്യത്തിനാണ് ആദ്യം ആര്‍ച്ച് ബിഷപ്പ് ബാഷര്‍ വാര്‍ദ്ദ നന്ദി പറഞ്ഞത്. ഇത് ഭയപ്പെടേണ്ട എന്ന ക്രിസ്തുവിന്റെ വാക്കുകള്‍ യാഥാര്‍ത്ഥ്യമാക്കുന്നു എന്നും ക്രിസ്തുവും പാപ്പായും തങ്ങളോടൊപ്പമുണ്ടെന്നും പാപ്പായുടെ ധൈര്യം തങ്ങളിലേക്ക് പകരുന്നത് തിരിച്ചറിയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പീഡിപ്പിക്കപ്പെടുന്നവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ക്കും വേണ്ടിയുള്ള പാപ്പായുടെ പ്രാര്‍ത്ഥനയ്ക്കു നന്ദി പറഞ്ഞ അദ്ദേഹം തങ്ങളുടെ ഇരുളിന്റെ നേരത്തെല്ലാം പാപ്പാ തങ്ങളെ ഓര്‍മ്മിച്ചതും തങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചിരുന്നതും കൃതജ്ഞതയോടെ അനുസ്മരിച്ചു. ഈ തകര്‍ന്ന ലോകത്തെയും, നാടിനേയും പാപ്പായുടെ പ്രാര്‍ത്ഥനയിലൂടെ സമാധാനത്തിന്റെയും, വിനയത്തിന്റെയും, സമൃദ്ധിയുടേയും കാലത്തിലേക്ക്, ജീവന്റെ അന്തസ്സും ലക്ഷ്യവും നിലനിര്‍ത്തിക്കൊണ്ട് കൂട്ടിക്കൊണ്ട് പോകുന്നതിനും അദ്ദേഹം നന്ദിയര്‍പ്പിച്ചു.

ഏര്‍ബിലേക്കും ഇറാക്കിലേക്കും ഫ്രാന്‍സിസ് പാപ്പാ കൊണ്ടുവന്ന സമാധാന സന്ദേശം പ്രത്യേകിച്ച് ഇറാക്കിലെ എല്ലാ ജനങ്ങള്‍ക്കും നല്‍കിയ സാഹോദര്യത്തിന്റെയും അനുരഞ്ജനത്തിന്റെയും സമ്മാനം തങ്ങളെല്ലാവരേയും ഇന്നു മുതല്‍ അനുദിനം ഉത്തരവാദിത്വത്തോടെ തങ്ങളുടെ ജീവിതം തുടരാന്‍ നിര്‍ബന്ധിക്കുന്നുവെന്നും പാപ്പായുടെ യാത്രകള്‍ സുരക്ഷിതമായിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെയും, പാപ്പായ്ക്ക് തുടര്‍ന്നുള്ള തങ്ങളുടെ പ്രാര്‍ത്ഥന വാഗ്ദാനവും ചെയ്തുകൊണ്ടാണ് ആര്‍ച്ച് ബിഷപ്പ് ബഷാര്‍ വാര്‍ദ്ദ തന്റെ കൃതജ്ഞതാ പ്രകാശനം അവസാനിപ്പിച്ചത്.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.