ഫാ. ബിജു മഠത്തിക്കുന്നേലിന്റെ ‘സ്മൃതിപഥദീപ്തി’ പ്രകാശനം ചെയ്തു

ബസാലേൽ, എലിയേനായി എന്നീ എന്നീ ശ്രദ്ധേയമായ നോവലുകൾക്ക് ശേഷം ഫാദർ ബിജു മഠത്തിക്കുന്നേൽ എഴുതിയ ആത്മാംശം നിറഞ്ഞു നിൽക്കുന്ന കൃതിയാണ് ‘സ്മൃതിപഥദീപ്തി’. 2017 ഡിസംബർ 29-ാം തിയതി കോട്ടയം ബസേലിയോസ് കോളേജ് ഡോ. എ.പി. മാണി മീഡിയ ഹാളിൽ നടന്ന ചടങ്ങിൽ ഫാ.തോമസ് പാറയ്ക്കൽ ശ്രീ. സാജു കുളത്തിങ്കലിന് നൽകി പുസ്തകം പ്രകാശനം ചെയ്തു.

കടിച്ചാൽ പൊട്ടാത്ത ഭാഷാപ്രയോഗങ്ങളോ ബുദ്ധിജീവി ആശയങ്ങളോ ഇല്ലാത്ത പച്ചയായ മനുഷ്യന്റെ ജീവിതവും ചിന്തയും  അക്ഷരങ്ങളേയും നിറങ്ങളേയും ഒരു പോലെ സ്നേഹിച്ച മെല്ലിച്ച ബാലന്റ വളർച്ച അക്ഷരങ്ങളിലൂടെ ദൃശ്യങ്ങളായി പുനർജനിക്കുന്നു.

ജീവിതവും മരണവും തമ്മിലുള്ള കാണാചരടിൽ തീർത്ത ബന്ധം പോലെ ഓരോ വ്യക്തിയേയും ചുറ്റിപ്പറ്റിയുള്ള ബന്ധങ്ങളുടെ ഊഷ്മളതയാണ് ഈ പുസ്തകത്തിലുടനീളം. പ്രിയപ്പെട്ടവരുടെ വിയോഗം ജീവിതത്തിന് സമ്മാനിക്കുന്ന ആഘാതം കടുപ്പമുള്ളതും ചിലപ്പോഴെങ്കിലും ദൈവത്തോട് പരിഭവിക്കാൻ ഇടനൽകുന്നതുമാണ്. വേർപാടുകൾ പണിതുവയ്ക്കുന്ന ശൂന്യത പലപ്പോഴും നിറവുകളുടെ നന്മയാകാറുമുണ്ട്. ബാല്യ- കൗമാരങ്ങളിലെ ‘തനിനാടൻ’ ജീവിതാനുഭവങ്ങൾ പിൽക്കാലത്ത് ജീവിതത്തെ എത്രമാത്രം സ്വാധീനിക്കുന്നുവെന്നും ‘സ്മൃതിപഥ ദീപ്തി’ വരച്ചുകാണിക്കുന്നു. മാതാപിതാക്കളെ സ്നേഹിക്കാൻ ,ചുറ്റുമുള്ളവരെ കരുതലോടെ ചേർത്തണയ്ക്കാൻ  നിസാരവത്കരിച്ച ജീവിതാനുഭവങ്ങളുടെ മൂല്യം തിരിച്ചറിയാൻ  ‘സ്മൃതിപഥ ദീപ്തി’ അനുഭവങ്ങളുടെ പുസ്തകമാണ്. ഇതിൽ ജീവിതവും മരണവും കൈകോർത്ത് നടക്കുന്നു.

സ്വർഗ്ഗത്തിലെ പരേതാത്മാക്കളുടെ സ്വാധീനം ഭൂമിയിലെ ജീവാത്മാക്കൾക്ക് മുന്നോട്ടുള്ള യാത്രയിൽ തടസ്സങ്ങളെ ചെറുത്ത് തോല്പിക്കുന്ന വഴി വിളക്കാണ് നന്മയുടെ വിളക്കുമരം  ഓർമ്മകളും സൗഹൃദങ്ങളും ജീവിതത്തെ താങ്ങി നിർത്തുന്നു  സ്വന്തം ജീവിതത്തിലൂടെ ഓർമ്മകളുടെ വസന്തകാലം പെയ്തിറങ്ങുമ്പോൾ എഴുത്തുകാരനൊപ്പം വായനക്കാരനും പുലമ്പും ഇതിലെവിടെയോ ഒരു ‘ഞാൻ’ ഉണ്ട് ഞാൻ കണ്ട ‘ജീവിത കാഴ്ചകളുണ്ട്   മുഖങ്ങളുണ്ട്  ബാല്യത്തിന്റെ നൈർമ്മല്യവും കൗമാരത്തിന്റെ വർണ്ണപ്പൊലിമയുമെല്ലാം ഈ കുറിപ്പുകളിലുടനീളമുണ്ട്. ഇതു തന്നെയാണ് ഈ പുസ്തകത്തിന്റെ ആത്മാവ്.  സത്യസന്ധമായ വെളിപ്പെടുത്തലുകളും ലളിതമായ അവതരണശൈലിയും കൊണ്ടും അടിസ്ഥാനമിട്ട അനുഭവങ്ങളുടെ പുസ്തകം ഓരോ വായനക്കാരനും തന്നിലെ അസ്തിത്വത്തിലേക്ക് തിരിഞ്ഞു നോക്കാനുള്ള ഉൾക്കരുത്ത് തരുമെന്നതിൽ തെല്ലും സംശയം വേണ്ട മിഴിവേറിയ ചിത്രങ്ങളും മികച്ച ലേ ഔട്ടും സ്മൃതി പഥദീപ്തിയെ കൂടുതൽ ആകർഷകമാക്കുന്നു.

താങ്കളാണ് ശരി, ആരും ആരുടേയും സ്വന്തമല്ല, എന്നാൽ ആരുടെയൊക്കെയോ സ്വന്തമാണ് താനും, എല്ലാവരും തേടുന്നത് പ്രിയപ്പെട്ടവരുടെ ഹൃദയത്തിലൊരിടമാണ്. നമുക്ക് വേണ്ടി മാത്രമുള്ള ഒരു ഇടം. ചെറുവിരൽ തുമ്പ് കാണിച്ച് ഇത്ര ഇഷ്ടമേയുള്ളൂ എന്ന് പറഞ്ഞ് കുറുമ്പ് കാണിക്കുന്ന സുഹൃത്തിനോട് രണ്ട് കൈയ്യും നീട്ടിപ്പിടിച്ച് ഇത്രയിഷ്ടം എന്ന് പറഞ്ഞ് നെഞ്ചോട് ചേർത്ത് ആശ്ലേഷത്തിന്റെ ചൂടുപകരാം. ഒരുപാട് ഹൃദയങ്ങളെ കീഴടക്കും സ്മൃതിപഥീ ദീപ്തി. സ്നേഹവിചാരത്തിന്റെ വ്യാപ്തി വിശാലമാകട്ടെ. നിനക്കറിയാമോ ,നിന്നോടു പറഞ്ഞില്ലേ എന്ന ചോദ്യങ്ങളെല്ലാം ഓരോ വായനക്കാരന്റേയും ഹൃദയത്തിൽ പതിക്കും. സ്മൃതിപഥദീപ്തി ഒത്തിരിപ്പേരെ സ്വന്തം വിളക്കുമരണളെ ചൂണ്ടിക്കാണിക്കും. ആ ദീപ്തി ഒരുപാട് ജീവിതങ്ങളെ നിറമുള്ളതാക്കും.

പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് ഭരണങ്ങാനം ജീവൻ ബുക്സാണ്.

ജനറ്റ് ആൻഡ്രൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.