ഫാ. വിന്‍സെന്റ് നെല്ലായിപ്പറമ്പില്‍, പറപ്പൂക്കര ഇടവകയില്‍ നിന്നുള്ള രണ്ടാമത്തെ മെത്രാന്‍

ഉത്തരാഖണ്ഡിലെ ബിജ്‌നോര്‍ രൂപതയുടെ മൂന്നാമത്തെ മെത്രാനായി, മാര്‍ വിന്‍സെന്റ് നെല്ലായിപ്പറമ്പില്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ഇരിങ്ങാലക്കുട രൂപതയിലെ പറപ്പൂക്കര ഇടവകക്കാര്‍ക്ക് ലഭിച്ചിരിക്കുന്നത് തങ്ങളുടെ ഇടവകയില്‍ നിന്നുള്ള രണ്ടാമത്തെ മെത്രാനെയാണ്. നിലവില്‍ അമേരിക്കയിലെ ഷിക്കാഗോ രൂപത സഹായ മെത്രാനായിരിക്കുന്ന ബിഷപ്പ് ജോയ് ആലപ്പാട്ടും പറപ്പൂക്കര സെന്റ് ജോണ്‍ നെപുംസ്യാന്‍ ഫൊറോന ഇടവകാംഗമാണ്. 2014ല്‍ ബിഷപ്പ് ആലപ്പാട്ടിന്റെ നിയമനം നടന്നിട്ട് അഞ്ചു വര്‍ഷം പിന്നിടുന്ന അവസരത്തിലാണ് ഇതേ ഇടവകയില്‍ നിന്ന് മറ്റൊരു മെത്രാന്‍ കൂടി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇതോടെ പറപ്പൂക്കര ഇടവകാംഗങ്ങളുടെ സന്തോഷവും അഭിമാനവും ഇരട്ടിയായിരിക്കുകയാണ്.

അലഹബാദ് റീജണല്‍ സെമിനാരിയില്‍ നിന്ന് വൈദിക പരിശീലനം പൂര്‍ത്തിയാക്കി, 1999ല്‍ വൈദികനായ ഫാ. വിന്‍സെന്റ്, ഉത്തരാഖണ്ഡിലെ ബഹുഗുണ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും ബാഗ്ലൂര്‍ ധര്‍മ്മാരാം വിദ്യാക്ഷേത്രത്തില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റ് ബിരുദവും നേടിയശേഷം വിവിധ മേഖലകളില്‍ അജപാലന പ്രവര്‍ത്തനങ്ങള്‍ നടത്തി. രൂപതയുടെ മൈനര്‍ സെമിനാരി റെക്ടര്‍, രൂപതയുടെ ഫോര്‍മേഷന്‍ കോര്‍ഡിനേറ്റര്‍, അലഹാബാദ് റീജണല്‍ സെമിനാരിയില്‍ അധ്യാപകന്‍ എന്നീ നിലകളില്‍ മാതൃകാപരമായ ശുശ്രൂഷ നിര്‍വഹിച്ചു. ചിനിയാലിസൗര്‍ മേരിമാത മിഷന്‍ കേന്ദ്രത്തില്‍ വൈദിക ശുശ്രൂഷ ചെയ്തുവരുമ്പോഴാണ് ബിജ്‌നോര്‍ രൂപതയുടെ ഇടയനായുള്ള നിയമനം.