സങ്കീര്‍ണമായ ഈ ആത്മീയ തടസത്തെ ഒഴിവാക്കാന്‍ പരിശ്രമിക്കുക

പ്രായമാകുന്നതിനനുസരിച്ച് ആത്മീയജീവിതത്തിലുണ്ടാകുന്ന ഒരു തടസം അല്ലെങ്കില്‍ പ്രശ്‌നമാണ് മറ്റുള്ളവരില്‍ നിന്ന്, വൈദികരില്‍ നിന്ന് പോലുമോ ഉപദേശമോ സഹായമോ ഏതെങ്കിലും കാര്യത്തില്‍ അഭിപ്രായമോ സ്വീകരിക്കാനുള്ള മടി. ആത്മീയജീവിതത്തില്‍ ഞാന്‍ എല്ലാം തികഞ്ഞ വ്യക്തിയാണ് എന്ന ചിന്തയാണ് പലരെയും ആ സമയത്ത് നയിക്കുന്നത്. ആത്മീയാഹങ്കാരം എന്നാണ് അതിന്റെ മറ്റൊരു പേര്. സ്വയം അകലാനും സ്വയം വെറുക്കാനുമേ ഈ വ്യര്‍ത്ഥാഭിമാനം സഹായിക്കുകയുള്ളൂ.

കുരിശിന്റെ വി. ജോണ്‍ ഇതിന് ഒരു പരിഹാരം നിര്‍ദ്ദേശിക്കുന്നുണ്ട്. “ഒരു യജമാനനില്ലാത്ത, തീയില്ലാതെ ഒറ്റയ്ക്കായ ഒരു ആത്മാവ് തനിച്ചായ കല്‍ക്കരിക്കു തുല്യമാണ്. ചൂട് പിടിക്കുന്നതിനു പകരം കൂടുതല്‍ തണുക്കുകയേയുള്ളൂ.”

ലോകത്ത് ജീവിച്ചു-മരിച്ച ഒരു വിശുദ്ധരും ഒറ്റയ്ക്ക് ആത്മീയവളര്‍ച്ചയും ശക്തിയും നേടിയവരല്ല. മറിച്ച്, അവര്‍ എത്ര വലിയ പുണ്യാത്മാവായിരുന്നെങ്കിലും അവര്‍ക്കെല്ലാം ഒരു ആത്മീയ ഉപദേശകന്‍/ ഗുരു ഉണ്ടായിരുന്നു. ദൈവപുത്രനായ ഈശോ പോലും കാല്‍വരി യാത്രയില്‍ കുരിശു ചുമക്കുന്നതിനായി കിറേനേക്കാരനായ ശിമയോന്റെ സഹായം സ്വീകരിക്കുന്നുണ്ട്. അതുകൊണ്ട് എളിമയോടെ ആത്മീയജീവിതത്തിന്റെ വളര്‍ച്ചയ്ക്കും പുരോഗതിയ്ക്കും സഹായിക്കുമെന്ന്റ ഉറപ്പുള്ള വ്യക്തികളില്‍ നിന്നും സഹായം സ്വകീരിക്കുക തന്നെ ചെയ്യാം.