ജപമാല: ബൈബിളധിഷ്ഠിതം

”മറിയത്തിന്റെ നാമം ഈശോയുടെ നാമം എന്നതിനേക്കാള്‍ പിശാചിനെ ഓടിക്കാന്‍ പര്യാപ്തമാണ്; മറിയം ഒരു സൃഷ്ടിയാണ്. എന്നാല്‍, അവള്‍ സാത്താനെ പരാജയപ്പെടുത്താന്‍ ശക്തയാണുതാനും. ഒരു സൃഷ്ടിയുടെ മുമ്പില്‍ പരാജയപ്പെടുക എന്നത് അവന് ലജ്ജാകരമാണ്. അതിനാല്‍ മറിയത്തിന്റെ നാമം ശ്രവിക്കുന്ന മാത്രയില്‍ തന്നെ അവന്‍ ഓടിമറയും.”                                                    വിശുദ്ധ മോണ്‍ഫോര്‍ട്ട്

പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തില്‍ ആരംഭിക്കുന്ന ജപമാലയില്‍ ആദ്യം ചൊല്ലുന്നത് വിശ്വാസ പ്രമാണമാണ്. ഇതില്‍ ഏഴു വിശ്വാസ സത്യങ്ങളാണുള്ളത്. അതില്‍ ആറും സംഭവിച്ചു കഴിഞ്ഞു. ‘ജീവിക്കുന്നവരേയും മരിച്ചവരേയും വിധിക്കാന്‍ വീണ്ടും വരുമെന്ന’ വിശ്വാസ സത്യമാണ് ഏഴാമത്തേത്. തീര്‍ച്ചയായും അതും സംഭവിക്കും.

അടുത്തത് ‘സ്വര്‍ഗസ്ഥനായ പിതാവേ’ എന്ന പ്രാര്‍ത്ഥനയാണ്. ഈ പ്രാര്‍ത്ഥന കര്‍ത്താവ് നേരിട്ടു പഠിപ്പിച്ചു തന്നതാണ് (മത്താ 6:9-13). അതിനാല്‍ ഈ പ്രാര്‍ത്ഥനയോളം പൂര്‍ണ്ണതയുള്ളതും ദൈവപിതാവിനെ പ്രസാദിപ്പിക്കുന്നതുമായ മറ്റൊരു പ്രാര്‍ത്ഥനയില്ല. അത്യന്തം ജ്ഞാനപൂര്‍ണ്ണതയുള്ള ഈ പ്രാര്‍ത്ഥനയെ പുതിയ നിയമത്തിന്റെ സംഗ്രഹം എന്നാണ് സഭാപിതാവായ തെര്‍ത്തുല്യന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. മനുഷ്യന്റെ പരിത്രാണ രഹസ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ജപമാല ഒരു സുവിശേഷ പ്രാര്‍ത്ഥന തന്നെയാണ്. ക്രിസ്തു രഹസ്യമാണ് ജപമാലയുടെ കാതല്‍. ‘നന്മ നിറഞ്ഞ മറിയമേ, സ്വസ്തി കര്‍ത്താവ് അങ്ങയോടുകൂടെ’ എന്ന നന്മനിറഞ്ഞ മറിയത്തിലെ ആദ്യഭാഗം മംഗള വാര്‍ത്തയില്‍ മാലാഖ മറിയത്തെ അഭിസംബോധന ചെയ്ത വാക്കുകളാണ് (ലൂക്കാ 1:28). ”സ്ത്രീകളില്‍ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു. നിന്റെ ഉദരഫലം അനുഗൃഹീതമാകുന്നു” എന്ന രണ്ടാം ഭാഗത്തെ വാക്കുകള്‍ എലിസബത്ത് പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് മറിയത്തെ വിശേഷിപ്പിച്ച വാക്കുകളാണ് (ലൂക്കാ 1:42-43). ‘പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ’ എന്ന പ്രാര്‍ത്ഥനയും ദൈവവചനാധിഷ്ഠിതമാണ്. ആദിമസഭയില്‍ ക്രിസ്ത്യാനികളെ ‘വിശുദ്ധര്‍’ എന്നാണു വിളിച്ചിരുന്നത് (എഫേ 1:1). അങ്ങനെയെങ്കില്‍ പാപ കറയില്ലാത്ത മറിയത്തെ പരിശുദ്ധമറിയം എന്നു വിളിക്കുന്നത് തികച്ചും ബൈബിളധിഷ്ഠിതമാണ്. തമ്പുരാന്റെ അമ്മ എന്നു മറിയത്തെ വിളിക്കാമോ എന്ന് ശങ്കിക്കുന്നവരുമുണ്ട്. കാരണം, അവള്‍ യേശുവിന്റെ അമ്മയല്ലേ? ഈ സംശയത്തിനും മറുപടിയുണ്ട്. യേശുപറയുന്നുണ്ട്: ”ഞാനും പിതാവും ഒന്നാണ്” (യോഹ 10:30). ഗ്രീക്കില്‍ ‘തീയറ്റിക്കോസ്’ എന്നാണിതിനുപയോഗിക്കുന്ന വാക്ക്. അതായത് – ‘ദൈവത്തെ വഹിച്ചവള്‍’. ഇതില്‍ നിന്ന് മറിയത്തെ ദൈവമാതാവ് എന്നു വിളിക്കുന്നതില്‍ തെറ്റില്ലായെന്നു ബോധ്യപ്പെടാം.

‘പാപികളായ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ’ എന്നാണ് പ്രാര്‍ത്ഥനയുടെ അവസാനഭാഗം. ഇവിടെ മറിയത്തെ മധ്യസ്ഥയായി അംഗീകരിച്ച് ഏറ്റുപറയുകയാണ്. ഇത് ദൈവശാസ്ത്രപരമായി ശരിയല്ലായെന്ന് വാദിക്കുന്നവര്‍ ഉണ്ടാകാം. കാരണം, ഏക മധ്യസ്ഥന്‍ യേശുക്രിസ്തുവാണെന്ന് വിശുദ്ധഗ്രന്ഥത്തില്‍ പരാമര്‍ശമുണ്ട്. ഇവിടെ മനസ്സിലാക്കേണ്ട ഒരു സത്യം ബൈബിളും തിരുസ്സഭയുടെ പഠനങ്ങളുമാണ് വിശ്വാസത്തിനാധാരമെന്ന് അംഗീകരിക്കണം. തിരുസ്സഭ മാധ്യസ്ഥ്യത്തിനായി രണ്ട് വഴികളാണ് പറഞ്ഞുതരുന്നത്. നീതിയുടെ മാധ്യസ്ഥ്യവും കൃപയുടെ മാധ്യസ്ഥ്യവും. നീതിയുടെ മധ്യസ്ഥന്‍ യേശു മാത്രമാണ്. എന്നാല്‍ പരിശുദ്ധ മറിയത്തെയും വിശുദ്ധരെയും കൃപയുടെ മധ്യസ്ഥരായിട്ടാണ് കണക്കാക്കുന്നത്. ഇവരോട് കൃപയുടെ മാധ്യസ്ഥ്യം യാചിച്ചതുകൊണ്ട് നീതിയുടെ മധ്യസ്ഥനായ യേശുവിന്റെ പദവിക്ക് ഒരു കുറവും സംഭവിക്കുന്നില്ല.

‘നന്മ നിറഞ്ഞ മറിയമേ’ എന്ന ജപം സാത്താനെ ഓടിക്കുന്നതും നരകത്തെ ഭീതികൊണ്ട് വിറക്കാനിടയാക്കുന്നതുമാണെന്നാണ് വിശുദ്ധ ബര്‍ണാഡ് പറയുന്നത്. ഈ പ്രാര്‍ത്ഥനയിലെ അവസാന വാക്കാണ് ‘ആമേന്‍’ എന്നത്. അപ്പസ്‌തോല നടപടികളിലും ലേഖനങ്ങളില്‍ പലയിടത്തും ‘ആമേന്‍’ എന്ന് പറഞ്ഞ് അവസാനിപ്പിക്കുന്ന രീതി കാണാം (റോമാ 1:25, 9:5, 15:33, വെളി 1:6, 19:4).

ഒടുവില്‍ ‘പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി’ എന്ന പ്രാര്‍ത്ഥന ചൊല്ലുന്നു. ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയാന്‍ രണ്ടാം നൂറ്റാണ്ടില്‍ ഉപയോഗിച്ചു തുടങ്ങിയ പ്രാര്‍ത്ഥനയാണിത്. 20 രഹസ്യങ്ങളാണ് ജപമാലയില്‍ ധ്യാനവിഷയമാക്കിയിരിക്കുന്നത്. മിശിഹാ ചരിത്രം മുഴുവന്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പ്, യേശുവിനു വഴിയൊരുക്കാനുള്ള സ്‌നാപക യോഹനാന്റെ അമ്മയായ എലിസബത്തിനെ മറിയം സന്ദര്‍ശിക്കുന്നത്, യേശുവിന്റെ ജനനം, യേശുവിന്റെ ദേവാലയ സമര്‍പ്പണം, കാണാതായ യേശുവിനെ ദേവാലയത്തില്‍ കണ്ടെത്തുന്നത് എന്നിങ്ങനെ സന്തോഷത്തിന്റെ അഞ്ച് രഹസ്യങ്ങള്‍ തിങ്കള്‍, ശനി ദിവസങ്ങളില്‍ ധ്യാനവിഷയമാക്കുന്നു.

ഗദ്‌സെമിനിയിലെ യേശുവിന്റെ വ്യഥ, ചമ്മട്ടിയടി, മുള്‍മുടി ധരിപ്പിക്കല്‍, കുരിശുചുമപ്പിക്കല്‍, കുരിശിലേറ്റല്‍ എന്നിങ്ങനെ ദുഃഖത്തിന്റെ അഞ്ചുരഹസ്യങ്ങള്‍ ചൊവ്വ, വെള്ളി ദിനങ്ങളിലെ ധ്യാനവിഷയങ്ങളാണ്.

യേശുവിന്റെ ഉത്ഥാനം, സ്വര്‍ഗ്ഗാരോഹണം, പരിശുദ്ധാത്മാവിന്റെ ആഗമനം, മറിയത്തിന്റെ സ്വര്‍ഗാരോപണം, മറിയത്തിന്റെ കിരീടധാരണം എന്നിങ്ങനെ മഹിമയുടെ അഞ്ചുരഹസ്യങ്ങള്‍ ബുധന്‍, ഞായര്‍ ദിനങ്ങളിലെ ധ്യാനാത്മക വിഷയങ്ങളാണ്. ഇതോടൊപ്പം ഇപ്പോള്‍ പ്രകാശത്തിന്റെ അഞ്ചുരഹസ്യങ്ങള്‍കൂടി ജപമാലയില്‍ ചേര്‍ത്തിട്ടുണ്ട്. യേശുവിന്റെ ജോര്‍ദാന്‍ നദിയിലെ ജ്ഞാനസ്‌നാനം, കാനായിലെ അത്ഭുതം, ദൈവരാജ്യ ആഗമന പ്രഖ്യാപനം, രൂപാന്തരീകരണം, കുര്‍ബാന സ്ഥാപനം എന്നിവയുള്‍പ്പെടുത്തിയ പ്രകാശ രഹസ്യങ്ങള്‍ വ്യാഴാഴ്ചകളിലെ ധ്യാനവിഷയങ്ങളായി ക്രമീകരിച്ചിരിക്കുന്നു.

ജപമാല വെറുതെ ചൊല്ലിത്തീര്‍ക്കാനുള്ളതല്ല. രക്ഷാകരചരിത്രം മുഴുവന്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഈ ഇരുപത് പടവുകളിലിരുന്ന് മനുഷ്യന്റെ സുഖദുഃഖങ്ങള്‍ ചേര്‍ത്തുവച്ച് ദൈവഹിതത്തിനു കീഴ്‌വഴങ്ങാനുള്ള ശക്തിയാര്‍ജ്ജിക്കണം. അതുവഴി മഹത്വത്തിന്റെ ആനന്ദത്തിലേക്ക് പ്രവേശിക്കാനാകും.

നാളെ: ജപമാല – ആവര്‍ത്തനവിരസമായ പ്രാര്‍ത്ഥനയോ?

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.