ധ്യാനാത്മക ജപമാല: പ്രകാശത്തിന്‍റെ രഹസ്യങ്ങള്‍

1. യേശുവിന്‍റെ മാമോദീസ

വായന: മത്താ. 3:13-17

മത്തായി 3: 13-17
യേശു യോഹന്നാനില്‍ നിന്നു സ്‌നാനം സ്വീകരിക്കാന്‍ ഗലീലിയില്‍ നിന്നു ജോര്‍ദാനില്‍ അവന്‍െറ അടുത്തേക്കുവന്നു.
ഞാന്‍ നിന്നില്‍നിന്ന്‌ സ്‌നാനം സ്വീകരിക്കേണ്ടിയിരിക്കെ, നീ എന്‍െറ അടുത്തേക്കുവരുന്നുവോ എന്നു ചോദിച്ചുകൊണ്ട്‌ യോഹന്നാന്‍ അവനെ തടഞ്ഞു.
എന്നാല്‍, യേശു പറഞ്ഞു: ഇപ്പോള്‍ ഇതു സമ്മതിക്കുക; അങ്ങനെ സര്‍വനീതിയും പൂര്‍ത്തിയാക്കുക നമുക്ക്‌ ഉചിതമാണ്‌. അവന്‍ സമ്മതിച്ചു.
സ്‌നാനം കഴിഞ്ഞയുടന്‍ യേശു വെള്ളത്തില്‍ നിന്നു കയറി. അപ്പോള്‍ സ്വര്‍ഗം തുറക്കപ്പെട്ടു. ദൈവാത്‌മാവ്‌ പ്രാവിന്‍െറ രൂപത്തില്‍ തന്‍െറ മേല്‍ ഇറങ്ങിവരുന്നത്‌ അവന്‍ കണ്ടു.
ഇവന്‍ എന്‍െറ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന്‌ ഒരു സ്വരം സ്വര്‍ഗത്തില്‍നിന്നു കേട്ടു.

യോഹന്നാനില്‍ നിന്നു സ്നാനം സ്വീകരിക്കുന്നതിനുവേണ്ടിയുളള ഈശോയുടെ യാത്രം രക്ഷയുടെ ദൂതുമായി മനുഷ്യരുടെ അടുക്കലേക്ക് വരുന്ന ദിവ്യഈശോ. പിതാവിന്‍റെ ഹിതം തിരിച്ചറിഞ്ഞ് അതിനുവേണ്ടി തന്നെതന്നെ എളിമപ്പെടുത്തുന്നവന്‍. അതുവഴി പിതാവിന്‍റെ ഹിതം പൂര്‍ത്തിയാക്കിയവന്‍.

പരി. അമ്മേ, ഇവന്‍ എന്‍റെ പ്രിയപുത്രന്‍. ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. എന്ന പിതാവിന്‍റെ സ്വരത്തിന് കാതോര്‍ത്ത് പുണ്യത്തില്‍ വളരാനും, കുടുംബങ്ങളില്‍ സമാധാനം നിലനിര്‍ത്താനും ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.

2. കാനായിലെ അത്ഭുതം

വായന: യോഹ 2:1-11

യോഹന്നാന്‍ 2: 1-11
മൂന്നാം ദിവസം, ഗലീലിയിലെ കാനായില്‍ ഒരു വിവാഹവിരുന്നു നടന്നു. യേശുവിന്‍െറ അമ്മഅവിടെയുണ്ടായിരുന്നു.
യേശുവും ശിഷ്യന്‍മാരും വിരുന്നിനു ക്‌ഷണിക്കപ്പെട്ടിരുന്നു.
അവിടെ വീഞ്ഞു തീര്‍ന്നുപോയപ്പോള്‍ യേശുവിന്‍െറ അമ്മഅവനോടു പറഞ്ഞു: അവര്‍ക്കു വീഞ്ഞില്ല.
യേശു അവളോടു പറഞ്ഞു: സ്‌ത്രീയേ, എനിക്കും നിനക്കും എന്ത്‌? എന്‍െറ സമയം ഇനിയും ആയിട്ടില്ല.
അവന്‍െറ അമ്മപരിചാരകരോടു പറഞ്ഞു: അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍.
യഹൂദരുടെ ശുദ്‌ധീകരണകര്‍മത്തിനുള്ള വെള്ളം നിറയ്‌ക്കുന്ന ആറു കല്‍ഭരണികള്‍ അവിടെ ഉണ്ടായിരുന്നു. ഓരോന്നിലും രണ്ടോ മൂന്നോ അളവു കൊള്ളുമായിരുന്നു.
ഭരണികളില്‍ വെള്ളം നിറയ്‌ക്കുവിന്‍ എന്ന്‌ യേശു അവരോടു കല്‍പിച്ചു. അവര്‍ അവയെല്ലാം വക്കോളം നിറച്ചു.
ഇനി പകര്‍ന്നു
കലവറക്കാരന്‍െറ അടുത്തു കൊണ്ടുചെല്ലുവിന്‍ എന്ന്‌ അവന്‍ പറഞ്ഞു. അവര്‍ അപ്രകാരം ചെയ്‌തു. കലവറക്കാരന്‍ വീഞ്ഞായി മാറിയ ആ വെള്ളം രുചിച്ചു നോക്കി. അത്‌ എവിടെനിന്നാണെന്ന്‌ അവന്‍ അറിഞ്ഞില്ല. എന്നാല്‍, വെള്ളം കോരിയ പരിചാരകര്‍ അറിഞ്ഞിരുന്നു.
അവന്‍ മണവാളനെ വിളിച്ചു പറഞ്ഞു: എല്ലാവരും മേല്‍ത്തരം വീഞ്ഞ്‌ ആദ്യം വിളമ്പുന്നു, അതിഥികള്‍ക്കു ലഹരിപിടിച്ചുകഴിയുമ്പോള്‍ താഴ്‌ന്നതരവും. എന്നാല്‍, നീ നല്ല വീഞ്ഞ്‌ ഇതുവരെയും സൂക്‌ഷിച്ചുവച്ചുവല്ലോ.
യേശു തന്‍െറ മഹത്വം വെളിപ്പെടുത്തുന്നതിനുപ്രവര്‍ത്തി  ച്ചഅടയാളങ്ങളുടെ ആരംഭമാണ്‌, ഗലീലിയിലെ കാനായില്‍ ചെയ്‌ത ഈ അദ്‌ഭുതം. അവന്‍െറ ശിഷ്യന്‍മാര്‍ അവനില്‍ വിശ്വസിച്ചു.

അമ്മയുടെ അപേക്ഷ ഉപേക്ഷിക്കാത്ത പുത്രന്‍. അമ്മയോട് ചേര്‍ന്നുനില്‍ക്കുന്ന പുത്രന്‍. കാനായിലെ കണ്ണുനീര്‍ അത്ഭുതവീഞ്ഞാക്കി തീര്‍ത്തവന്‍. ജീവിതത്തിന്‍റെ കണ്ണീര്‍ താഴ്വരയില്‍ അത്ഭുതം പ്രവര്‍ത്തിക്കുന്ന ഈശോ. ജീവിതയാത്രയുടെ വീഞ്ഞിന്‍ ഭരണികളെല്ലാം വറ്റിവരണ്ട് പ്രതീക്ഷകള്‍ എല്ലാം അസ്തമിക്കുമ്പോള്‍ അമ്മയുടെ മദ്ധ്യസ്ഥം തേടാന്‍ ഞങ്ങള്‍ക്ക് വരം തരേണമേ.

പരി. അമ്മേ, പുത്രന്‍റെ അത്ഭുതത്തിനായി ക്ഷമയോടെ കാത്തിരിക്കുവാന്‍ ഞങ്ങളെയും ഞങ്ങളുടെ പ്രിയപ്പെട്ടവരെയും അനുഗ്രഹിക്കണമേ.

1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.

3. ദൈരാജ്യപ്രഖ്യാപനം

വായന: മര്‍ക്കോ 1:15

മര്‍ക്കോസ്‌ 1: 15
അവന്‍ പറഞ്ഞു: സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുത പിച്ച്‌ സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍.

ദൈവരാജ്യത്തിന്‍റെ ആഗമനം ലോകമെങ്ങും വിളിച്ചറിയിച്ചവന്‍ ഈശോ അനുതപിക്കാനും മാനവാന്തരപ്പെടാനും അതുവഴി സ്വര്‍ഗ്ഗരാജ്യത്തിന് ഉടമകളാകാനും ലോകത്തെ ഉദ്ബോധിപ്പിച്ചവന്‍. സ്വര്‍ഗ്ഗരാജ്യത്തെ ലക്ഷ്യമാക്കി ഈ ലോകത്തില്‍ ജീവിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. സ്വര്‍ഗ്ഗരാജ്യം ഞങ്ങളുടെ ഇടയില്‍ തന്നെയാണ് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഞങ്ങളുടെ ഇടയിലുളള സ്വര്‍ഗ്ഗരാജ്യത്തെ തിരിച്ചറിയാന്‍ ഞങ്ങള്‍ക്ക് വരം തരേണമേ.

പരി. അമ്മേ, തിരുസുതന്‍ വാഗ്ദാനം ചെയ്ത സ്വര്‍ഗ്ഗരാജ്യത്തിന്‍റെ മാധുര്യം ആസ്വദിക്കാനും മാലാഖമാരോട് ചേര്‍ന്ന് ഈശോയെ സ്തുതിക്കാനും ഞങ്ങളെ യോഗ്യരാക്കണമേ.

1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.

4. യേശുവിന്‍റെ രൂപാന്തരീകരണം

വായന: ലൂക്കാ 9:28-35

ലൂക്കാ 9: 28-35
അവന്‍ ഇതു പറഞ്ഞിട്ട്‌ ഏകദേശം എട്ടുദിവസങ്ങള്‍ കഴിഞ്ഞ്‌ പത്രോസ്‌, യോഹന്നാന്‍, യാക്കോബ്‌ എന്നിവരെ കൂട്ടിക്കൊണ്ടു പ്രാര്‍ഥിക്കാന്‍മലയിലേക്കു കയ റിപ്പോയി.
പ്രാര്‍ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന്‍െറ മുഖഭാവം മാറി; വസ്‌ത്രം വെണ്‍മയോടെ ശോഭിച്ചു.
അപ്പോള്‍ രണ്ടുപേര്‍ – മോശയും ഏലിയായും – അവനോടു സംസാരിച്ചുകൊണ്ടിരുന്നു.
അവര്‍ മഹത്വത്തോടെ കാണപ്പെട്ടു. അടുത്തുതന്നെ ജറുസലെമില്‍ പൂര്‍ത്തിയാകേണ്ട അവന്‍െറ കടന്നുപോകലിനെക്കുറിച്ചാണ്‌ അവര്‍ സംസാരിച്ചത്‌.
നിദ്രാവിവശരായിരുന്നിട്ടും പത്രോസും കൂടെയുള്ളവരും ഉണര്‍ന്നിരുന്നു. അവര്‍ അവന്‍െറ മഹത്വം ദര്‍ശിച്ചു; അവനോടുകൂടെ നിന്ന ഇരുവരെയും കണ്ടു.
അവര്‍ പിരിഞ്ഞുപോകുമ്പോള്‍ പത്രോസ്‌ യേശുവിനോടു പറഞ്ഞു: ഗുരോ, നാം ഇവിടെ ആയിരിക്കുന്നതു നല്ലതാണ്‌. ഞങ്ങള്‍ മൂന്നു കൂടാരങ്ങള്‍ ഉണ്ടാക്കാം. ഒന്നു നിനക്ക്‌, ഒന്നു മോശയ്‌ക്ക്‌, ഒന്ന്‌ ഏലിയായ്‌ക്ക്‌. താന്‍ എന്താണു പറയുന്നതെന്ന്‌ അവനുതന്നെ നിശ്‌ചയമില്ലായിരുന്നു.
അവന്‍ ഇതു പറയുമ്പോള്‍ ഒരു മേഘംവന്ന്‌ അവരെ ആവരണം ചെയ്‌തു. അവര്‍ മേഘത്തിനുള്ളിലായപ്പോള്‍ ശിഷ്യന്‍മാര്‍ ഭയപ്പെട്ടു.
അപ്പോള്‍ മേഘത്തില്‍നിന്ന്‌ ഒരു സ്വരം കേട്ടു: ഇവന്‍ എന്‍െറ പുത്രന്‍, എന്‍െറ തെരഞ്ഞെടുക്കപ്പെട്ടവന്‍; ഇവന്‍െറ വാക്കു ശ്രവിക്കുവിന്‍.

പ്രാര്‍ത്ഥനയുടെ നിമിഷത്തില്‍ യേശുവിന്‍റെ രൂപത്തിനു മാറ്റം സംഭവിക്കുന്നു. മലമുകളിലെ ദൈവസാന്നിധ്യം ജീവസാന്നിധ്യമാകുന്നു. പ്രാര്‍ത്ഥനയിലൂടെ ജീവിതത്തിന് മാറ്റം വരുത്താന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. വ്യക്തിജീവിതത്തിന്‍റെ വൈകല്യങ്ങളും കുടുംബജീവിതത്തിന്‍റെ പ്രാരാബ്ദങ്ങളും പ്രാര്‍ത്ഥനയിലൂടെ തരണം ചെയ്യാന്‍ ഞങ്ങളെ അനുഗ്രഹിക്കേണമേ. പ്രാര്‍ത്ഥനയാല്‍ ദുഖം പ്രസന്നമാകും. വ്യക്തിത്വത്തിന് മാറ്റം സംഭവിക്കും. ദൈവസ്വരം കേള്‍ക്കാന്‍ ഇടയാകും.

പരി. അമ്മേ, പ്രാര്‍ത്ഥനയുടെ മനുഷ്യരാക്കി ഞങ്ങളെ മാറ്റണമേ. സദാസമയവും പ്രാര്‍ത്ഥനയില്‍ ചിലവഴിച്ച പുത്രന്‍റെ മാതൃക ഞങ്ങള്‍ക്ക് പ്രതീക്ഷയും ആശ്വാസവുമാകട്ടെ.

1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.

5. പരി. കുര്‍ബാന സ്ഥാപനം

വായന: ലൂക്കാ 22:14-23

ലൂക്കാ 22: 14-23
സമയമായപ്പോള്‍ അവന്‍ ഭക്‌ഷണത്തിനിരുന്നു; അവനോടൊപ്പം അപ്പസ്‌തോലന്‍മാരും.
അവന്‍ അവരോടു പറഞ്ഞു: പീഡയനുഭവിക്കുന്നതിനുമുമ്പ്‌ നിങ്ങളോടു കൂടെ ഈ പെസഹാ ഭക്‌ഷിക്കുന്നതിന്‌ ഞാന്‍ അത്യധികം ആഗ്രഹിച്ചു.
ഞാന്‍ നിങ്ങളോടു പറയുന്നു: ദൈവരാജ്യത്തില്‍ ഇതു പൂര്‍ത്തിയാകുന്നതുവരെ ഞാന്‍ ഇനി ഇതു ഭക്‌ഷിക്കയില്ല.
അവന്‍ പാനപാത്രം എടുത്തു കൃതജ്‌ഞതാസ്‌തോത്രം ചെയ്‌ത തിനുശേഷം പറഞ്ഞു: ഇതുവാങ്ങി നിങ്ങള്‍ പങ്കുവയ്‌ക്കുവിന്‍.
ഞാന്‍ നിങ്ങളോടു പറയുന്നു, ഇപ്പോള്‍ മുതല്‍ ദൈവരാജ്യം വരുന്നതുവരെ മുന്തിരിയുടെ ഫലത്തില്‍ നിന്ന്‌ ഞാന്‍ പാനം ചെയ്യുകയില്ല.
പിന്നെ അവന്‍ അപ്പമെടുത്ത്‌, കൃതജ്‌ഞതാ സ്‌തോത്രംചെയ്‌ത്‌, മുറിച്ച്‌, അവര്‍ക്കുകൊ ടുത്തുകൊണ്ട്‌ അരുളിച്ചെയ്‌തു: ഇതു നിങ്ങള്‍ക്കുവേണ്ടി നല്‍കപ്പെടുന്ന എന്‍െറ ശരീരമാണ്‌. എന്‍െറ ഓര്‍മയ്‌ക്കായി ഇതു ചെയ്യുവിന്‍.
അപ്രകാരം തന്നെ അത്താഴത്തിനുശേഷം അവന്‍ പാനപാത്രം എടുത്തുകൊണ്ട്‌ അരുളിച്ചെയ്‌്‌തു: ഈ പാന പാത്രം നിങ്ങള്‍ക്കുവേണ്ടി ചിന്തപ്പെടുന്ന എന്‍െറ രക്‌തത്തിലുള്ള പുതിയ ഉടമ്പടിയാണ്‌.
എന്നാല്‍, ഇതാ, എന്നെ ഒറ്റിക്കൊടുക്കുന്നവന്‍െറ കൈ എന്‍െറ അടുത്ത്‌ മേശമേല്‍ത്തന്നെയുണ്ട്‌. നിശ്‌ചയിക്കപ്പെട്ടതുപോലെ മനുഷ്യപുത്രന്‍ പോകുന്നു.
എന്നാല്‍, അവനെ ആര്‌ ഒറ്റിക്കൊടുക്കുന്നുവോ ആ മനുഷ്യനു ദുരിതം!
തങ്ങളില്‍ ആരാണ്‌ ഇതു ചെയ്യാനിരിക്കുന്നതെന്ന്‌ അവര്‍ പരസ്‌പരം ചോദിക്കാന്‍ തുടങ്ങി.

മനുഷ്യനുവേണ്ടിയുളള ദൈവത്തിന്‍റെ വലിയ രഹസ്യവും മനുഷ്യനു നല്‍കപ്പെട്ട വലിയ ദൈവദാനവുമാണ് പരി. കുര്‍ബാന. ദൈവിക ജീവന്‍ മനുഷ്യര്‍ക്ക് സമൃദ്ധമാകണമെന്നതാണ് ദൈവത്തിന്‍റെ ആഗ്രഹവും പദ്ധതിയും. പരി. കുര്‍ബാനയെന്ന മുറിക്കപ്പെടുന്ന ദിവ്യരഹസ്യത്തിന്‍റെ മുമ്പിലേക്ക് വിശ്വാസത്തോടെ കടന്നുചെന്ന്, പരിശുദ്ധിയോടെ വ്യാപരിച്ച്, സ്നേഹത്തോടെ അവിടുത്തെ സ്വീകരിക്കാന്‍ നാം തയ്യാറാകണം.

ആദ്യസക്രാരിയായ പരി. അമ്മേ, ഞങ്ങളുടെ മുഴുവന്‍ ജീവിതത്തിലും കുര്‍ബാനയുടെ മക്കളാകാന്‍ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.

സൈജു തുരുത്തിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.