പക്വമായ സ്നേഹം

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഒരിക്കൽ ശിഷ്യൻ ഗുരുവിനോട് ചോദിച്ചു:”യഥാർത്ഥ സ്നേഹം എങ്ങനെയാണ് തിരിച്ചറിയുന്നത്?” ഉദാഹരണത്തിലൂടെ ഗുരു വിശദീകരിച്ചു.

“കുഞ്ഞുങ്ങൾ കരയുന്നത് ശ്രദ്ധിച്ചിട്ടില്ലേ? അമ്മയുടെ മുലപ്പാലിനു വേണ്ടിയും അപ്പന്റെ കരുതലിനു വേണ്ടിയുമാണ് കുഞ്ഞ് കരയുന്നത്. ഓരോ തവണ അത് മാതാപിതാക്കളെ സമീപിക്കുന്നത് അവരിൽ നിന്നും എന്തെങ്കിലും ലഭിക്കാൻ വേണ്ടിയാണ്. എന്നാൽ അപ്പനോ അമ്മയോ കുഞ്ഞിനെ സമീപിക്കുന്നത് കുഞ്ഞിൽ നിന്നൊന്നും ലഭിക്കാനല്ല തങ്ങൾക്കുള്ളത് കുഞ്ഞിന് നൽകാനാണ്. സ്വീകരിക്കുന്ന തലത്തിൽ നിന്നും കൊടുക്കുന്ന തലത്തിലേക്ക് വളരുമ്പോൾ മാത്രമേ സ്നേഹം പക്വത പ്രാപിക്കൂ.”

ഒരു ചെറുപുഞ്ചിരിയോടെ ഗുരു തുടർന്നു.”ചിരിച്ചു കാണിക്കുന്ന എല്ലാവരും ഉള്ളിൽ ചിരിക്കുകയോ, ഇഷ്ടമാണെന്നു പറയുന്ന പലരും ആത്മാർത്ഥമായ് സ്നേഹിക്കുകയോ ചെയ്യുന്നില്ല. ജീവിച്ചിരിക്കുമ്പോൾ നമ്മെ അന്വേഷിക്കാത്ത പലരും മരിച്ചു കഴിയുമ്പോൾ കണ്ണീരൊഴുക്കും. ചിലർ ആത്മാർത്ഥ സ്നേഹപ്രകടങ്ങളും നടത്തും.
പലതും പൊയ്മുഖങ്ങളാണ്. സമൂഹത്തെ കാണിക്കാൻ വേണ്ടിയാണ് ഭൂരിപക്ഷവും അങ്ങനെയൊക്കെ ചെയ്യുന്നത്.

എന്നാൽ വേറെ ചിലരുണ്ട്; ആരും ആവശ്യപ്പെടാതെ അവർ നമ്മെ തേടിയെത്തും.
അവരുടെ സാമീപ്യം നമുക്ക് ശക്തി നൽകും. അവരുടെ സമ്പർക്കം നമ്മെ നേർവഴിയിലേക്ക് നയിക്കും. അവരുടെ തിരുത്തലുകൾ നമ്മെ നല്ലവരാക്കും.
അവരിലൂടെയാണ് ദൈവം ഇന്നും ജീവിക്കുന്നത്.” എത്ര അർത്ഥവത്തായ പ്രബോധനം അല്ലെ?

ഇന്നീ വരികൾ കുറിക്കാൻ കാരണം യോഹന്നാന്റെ സുവിശേഷത്തിലെ ചോദ്യോത്തരങ്ങളാണ്: “അവരുടെ പ്രാതല്‍ കഴിഞ്ഞപ്പോള്‍ യേശു ശിമയോന്‍പത്രോസിനോടു ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ ഇവരെക്കാള്‍ അധികമായി എന്നെ സ്‌നേഹിക്കുന്നുവോ? അവന്‍ പറഞ്ഞു: ഉവ്വ്‌ കര്‍ത്താവേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നു നീ അറിയുന്നുവല്ലോ. (യോഹന്നാന്‍ 21 : 15). മൂന്നുതവണ ആവർത്തിക്കപ്പെടുന്ന ചോദ്യത്തിന്റെ അവസാനം പത്രോസിന്റെ ഉത്തരം ഇങ്ങനെയാണ്: “കര്‍ത്താവേ, നീ എല്ലാം അറിയുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നും നീ അറിയുന്നു.”
(യോഹന്നാന്‍ 21 : 17).

മൂന്നുതവണ തള്ളിപ്പറഞ്ഞ പത്രോസിന്റെ പിന്നീടുള്ള ജീവിതം ക്രിസ്തുവിൽ നിന്ന് എന്തെങ്കിലും ലഭിക്കാൻ വേണ്ടിയായിരുന്നില്ല ക്രിസ്തുവിനുവേണ്ടി സർവ്വം
ത്യജിക്കാൻ വേണ്ടിയായിരുന്നു. സ്വീകരിക്കുന്ന തലത്തിൽ നിന്നും കൊടുക്കുന്ന തലത്തിലേക്ക് നാം എത്തിയിട്ടില്ലെങ്കിൽ നമ്മുടെ സ്നേഹവും പക്വത പ്രാപിച്ചിട്ടില്ല.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.