ദാഹജലം ചോദിച്ചെത്തിയ ഭിക്ഷു

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

കോളിംഗ് ബെൽ ശബ്ദം കേട്ട് വാതിൽ തുറന്നത് ഡിഗ്രിക്ക് പഠിക്കുന്ന മകനാണ്. താടിയും മുടിയും നീട്ടിവളർത്തിയ വയോവൃദ്ധനോട് ഒട്ടും മര്യാദയില്ലാതെയാണ് അവൻ സംസാരിച്ചത്.

“ഇങ്ങനെ വീടുവീടാന്തരം കയറിയിറങ്ങി ഭിക്ഷയെടുക്കാൻ നിങ്ങൾക്ക് ലജ്ജയില്ലേ? ഇവിടെ നിങ്ങൾക്ക് തരാൻ ഒന്നുമില്ല. ഇനി ഇതുവഴി വന്നാൽ ഞാൻ പോലീസിനെ വിളിക്കും. നിങ്ങളെപ്പോലുള്ളവർ കറങ്ങിനടക്കുന്നതു കൊണ്ടാണ് ഈ നാടു നന്നാകാത്തത്.”

യുവാവിന്റെ മുഖത്തേക്ക് അയാൾ ദയനീയമായി നോക്കി. “ഒരു ഗ്ലാസ് വെള്ളം മാത്രം മതി.”

“നിങ്ങൾക്ക് തരാൻ ഇവിടെ ഒരു തുള്ളി വെള്ളമില്ല.”

മകന്റെ ശബ്ദമുയരുന്നതു കേട്ട് അടുക്കളയിൽ നിന്നും അമ്മയെത്തി. “എന്താണവിടെ ബഹളം?”

“ഒരു പിച്ചക്കാരനാണമ്മേ. അയാൾക്ക് കുടിക്കാൻ വെള്ളം വേണമത്രെ.”

“ദാഹിച്ചു വന്ന അയാൾക്ക് ഇത്തിരി വെള്ളമെടുത്ത് കൊടുത്തു കൂടെ?”

“ഞാൻ കൊടുക്കില്ല. വേണമെങ്കിൽ അമ്മയെടുത്ത് കൊടുത്തോളൂ.”

ആ സ്ത്രീ വെള്ളവുമായി മുറ്റത്തേക്കു വന്നു. ആർത്തിയോടെ വെള്ളം കുടിച്ച ആ വയോധികനെ മുമ്പെവിടെയോ കണ്ടിട്ടുള്ളതുപോലെ ആ സ്ത്രീക്കു തോന്നി.

ഗ്ലാസ് തിരിച്ചു നൽകിയപ്പോൾ അയാൾ ചോദിച്ചു: “സാവിത്രിയെന്നല്ലെ പേര്?”

“അതെ, എങ്ങനെ അറിയാം”

“എന്നെ സൂക്ഷിച്ചു നോക്കിക്കേ. മനസിലാകുന്നുണ്ടോ?”

ഇത്രയും പറഞ്ഞ് ബാഗിൽ നിന്നും ഒരു ഫോട്ടോയെടുത്ത് അയാൾ സാവിത്രിയുടെ നേരെ നീട്ടി. ആ ഫോട്ടോ നോക്കി അവൾ വലിയ വായിൽ കരഞ്ഞു.

“ക്ഷമിക്കണം. എന്റെ കുഞ്ഞ് ആളറിയാതെ പറഞ്ഞതാണ്.”

അമ്മയുടെ വേർപാടിനു ശേഷം വർഷങ്ങൾക്കു മുമ്പ് തീർത്ഥാടനത്തിനിറങ്ങിയ അവളുടെ അച്ഛനായിരുന്നു അത്. ഉമ്മറത്തിരുന്ന് അയാൾ പറഞ്ഞു: “ഞാനിവിടെ തങ്ങുന്നില്ല. ഭിക്ഷുവായി തന്നെ യാത്ര തുടരുകയാണ്. ദയവായി ഒരു യാചകനോടു പോലും ഇങ്ങനെ പെരുമാറരുതെന്ന് നിന്റെ മകനോടു പറയണം.”

തോളിൽ സഞ്ചിയും തൂക്കി നടന്നുനീങ്ങുന്ന സ്വന്തം അച്ഛനെ നോക്കി നിൽക്കാനേ അവൾക്ക് കഴിഞ്ഞുള്ളൂ.

നമ്മുടെ മനോഭാവങ്ങൾ പങ്കുവയ്ക്കപ്പെടുന്ന കഥയാണിത്. വ്യക്തികളെ അവരുടെ
സ്റ്റാറ്റസ് അനുസരിച്ചു മാത്രം ആദരിക്കുകയും തിരസ്ക്കരിക്കുകയും ചെയ്യുന്ന നമ്മുടെ മനസാക്ഷിക്കു നേരെയുള്ള ചോദ്യശരങ്ങൾ ഈ കഥയിലുണ്ട്. സമാനമായ ഒരു കഥ സുവിശേഷത്തിലുമുണ്ട്. നട്ടുച്ചയ്ക്ക് ഒരിറ്റു വെള്ളത്തിനായി കിണറ്റിൻകരയിലെത്തിയ ക്രിസ്തുവിന്റെ കഥ. അപരിചിതൻ, യഹൂദൻ, കുടമില്ല, വെള്ളം കോരാൻ കയറില്ല. ഇങ്ങനെ കാരണങ്ങൾ പലതും പറഞ്ഞുകൊണ്ടാണ് സമരിയാക്കാരി ക്രിസ്തുവിന് ദാഹജലം നിഷേധിക്കുന്നത്. അവളുടെ ശൗര്യത്തിനു മുമ്പിൽ ക്രിസ്തു ഇങ്ങനെ പറയുന്നുണ്ട്: “ദൈവത്തിന്റെ ദാനം എന്തെന്നും എനിക്കു കുടിക്കാന്‍ തരിക എന്ന് നിന്നോട്‌ ആവശ്യപ്പെടുന്നത്‌ ആരെന്നും അറിഞ്ഞിരുന്നുവെങ്കില്‍, നീ അവനോടു ചോദിക്കുകയും അവന്‍ നിനക്ക് ജീവജലം
തരുകയും ചെയ്യുമായിരുന്നു” (യോഹ. 4:10). ഏറെ വൈകിയെങ്കിലും തന്നോട് സംസാരിച്ചത് ക്രിസ്തുവാണെന്ന് അവൾ തിരിച്ചറിയുകയും പിന്നീട് അവന്റെ സാക്ഷിയായി തീരുകയും ചെയ്യുന്നു.

അപരിചിതനെപ്പോലും ആദരിക്കണമെന്ന പാഠം സമരിയാക്കാരിയുമായുള്ള സംഭാഷണത്തിലൂടെ ക്രിസ്തു പഠിപ്പിക്കുന്നുണ്ട്. പരിചിതമായ സമ്പർക്കങ്ങളിലൂടെയല്ലാതെ അപരിചിതരായ വ്യക്തികളിലൂടെയും സാഹചര്യങ്ങളിലൂടെയും നമ്മിൽ വന്നുചേരുന്ന ദൈവാനുഗ്രഹം സ്വന്തമാക്കണമെങ്കിൽ എവരെയും ബഹുമാനിക്കാനും ആദരിക്കാനും നാം ശീലിക്കേണ്ടതുണ്ട്.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.