അശുദ്ധമല്ലാത്ത കരം

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഒരു സുഹൃദ്-വൈദികന്റെ അനുഭവം.

ഒരു മാസത്തെ ശുശ്രൂഷക്കു വേണ്ടി അദ്ദേഹം ഒരു അഗതിമന്ദിരത്തിൽ എത്തി. എഴുപതിലധികം അപ്പച്ചന്മാരുള്ള സ്ഥലമാണത്. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ: “കിടപ്പുരോഗിയെ ശുശ്രൂഷിക്കുക അത്ര എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു അത്.

കിടക്കയിൽ മലമൂത്രവിസർജ്ജനം നടത്തിയവരെ ശുചിയാക്കുന്നതിന് ആദ്യം ഒരുക്കേണ്ടത് നമ്മുടെ മനസാണ്. അവരെ വൃത്തിയാക്കിയ ശേഷം ഭക്ഷണത്തിനിരിക്കുമ്പോൾ പോലും ചിലപ്പോൾ കരങ്ങളിൽ ദുർഗന്ധമുണ്ടാകും. ആദ്യ ദിവസങ്ങളിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടെങ്കിലും പിന്നീട് ഞാൻ കൃപക്കു വേണ്ടി പ്രാർത്ഥിച്ചു. ദൈവസ്നേഹം എന്നിൽ നിറഞ്ഞു. തുടർന്ന് സംതൃപ്തിയോടെ ശുശ്രൂഷ ചെയ്യാൻ ദൈവം കൃപ നൽകി. ഇങ്ങനെയുള്ള ശുശ്രൂഷകളിൽ ഏർപ്പെട്ടതിനു ശേഷമാണ് കുഷ്ഠരോഗിയെ ചുംബിച്ച വി. ഫ്രാൻസിസ് അസ്സീസിയും അഗതികളെ മാറോട് ചേർത്ത വി. മദർ തെരേസയുമെല്ലാം കടന്നുപോയ ത്യാഗവഴികൾ കൂടുതൽ വെളിപ്പെട്ടു കിട്ടിയത്. ആരോരുമില്ലാത്തവർ, കിടപ്പുരോഗികൾ, ജീവിതത്തിൽ ഒറ്റപ്പെട്ടു പോയവർ ഇവർക്കെല്ലാം നമ്മുടെ സാമീപ്യവും സ്പർശവും എത്രമാത്രം ഊർജ്ജം പകരുന്നുവെന്ന് ഞാനിപ്പോൾ തിരിച്ചറിയുന്നു.”

സത്യമല്ലേ ആ വൈദികൻ പങ്കുവച്ചത്? ചില ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ മാത്രമേ പല യാഥാർത്ഥ്യങ്ങളും നമ്മൾ തിരിച്ചറിയൂ. നമ്മുടെ ഭവനങ്ങളിലും അയൽപക്കങ്ങളിലുമെല്ലാം സ്നേഹത്തിനും പരിഗണനക്കും വേണ്ടി ദാഹിക്കുന്നവരുണ്ടെന്ന കാര്യം നാം തിരിച്ചറിയണം. സുഖമാണോ, ഭക്ഷണം കഴിച്ചോ, മരുന്ന് കഴിക്കുന്നില്ലേ ഇങ്ങനെയുള്ള ചോദ്യങ്ങൾ തന്നെ മാനസികസൗഖ്യത്തിലേക്ക് നയിക്കുന്നതാണ്. ഇവിടെയാണ് കുഷ്ഠരോഗിയെ സുഖപ്പെടുത്തിയ ക്രിസ്തു നമുക്ക് സാക്ഷ്യമാകുന്നത്. സൗഖ്യത്തിനായി യാചിച്ച കുഷ്ഠരോഗിയെ “അവൻ കൈ നീട്ടി സ്പർശിച്ചു” (മർക്കോ. 1:41) എന്ന് വായിക്കുമ്പോൾ പോലും മനസ് കുളിരണിയുന്നു.

സമൂഹം ശാപമായ് കരുതി അകറ്റിനിർത്തിയവരെ കരം നീട്ടി സ്പർശിച്ച ക്രിസ്തു നമ്മെയും സ്പർശിക്കട്ടെ. ആ സ്പർശം സ്വീകരിച്ചാൽ മറ്റുള്ളവരെ സൗഖ്യത്തിലേക്ക് ആനയിക്കാൻ നമുക്കും കഴിയുമെന്നുറപ്പാണ്.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.