നല്ല നിലത്ത് വീണ വിത്ത്

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഭാര്യാഭർത്താക്കന്മാർ തമ്മിൽ സ്ഥിരം വഴക്കായിരുന്നു ആ വീട്ടിൽ. പതിവു പോലെ അന്നും അവർ കലഹിച്ചു. ഭാര്യയുടെ ശബ്ദമുയർന്നു:

“നിങ്ങളെ ഞാൻ എന്തുമാത്രം സ്നേഹിക്കുന്നുണ്ടെന്ന് അറിയുമോ? 2015 -ൽ ധ്യാനം കൂടിയ ശേഷം നിങ്ങൾ അന്നുവരെ ചെയ്ത എല്ലാ അതിക്രമങ്ങളും ക്ഷമിച്ചവളാണ് ഞാൻ. ആ നന്ദിയുണ്ടെങ്കിൽ നിങ്ങൾ എന്റെയടുത്ത് പിന്നെയും വഴക്കിടാൻ വരുമോ?”

ഇതുകേട്ട ഭർത്താവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: “എടീ, നീ 2015 -ൽ ധ്യാനം കൂടിയ കാര്യം ഈ നാട്ടുകാർക്ക് മുഴുവനും അറിയാം. ഓരോ തവണ എന്നോട് കലഹിക്കുമ്പോഴും എന്റെ അതിക്രമങ്ങളെല്ലാം ക്ഷമിച്ചു ക്ഷമിച്ചു എന്നിങ്ങനെ ആവർത്തിക്കണോ? ഒരിക്കൽ ക്ഷമിച്ച കാര്യം പിന്നീടെങ്ങിനെയാ വീണ്ടും വീണ്ടും മനസിൽ വരിക?”

“അതെ, ഞാൻ ക്ഷമിച്ചതു തന്നെയാണ്. എന്നാൽ അതൊന്നും നിങ്ങൾ മറക്കാതിരിക്കാനാണ് ഇടയ്ക്കിടെ ഓർമ്മപ്പെടുത്തുന്നത്.”

ആ വീട്ടിൽ കലഹം ഇങ്ങനെ തുടർന്നുകൊണ്ടേയിരുന്നു.

കലഹങ്ങളും അഭിപ്രായവ്യത്യാസങ്ങളുമെല്ലാം ഉണ്ടാകുമ്പോൾ കഴിഞ്ഞ കാര്യങ്ങൾ ചികഞ്ഞെടുത്ത് അവതരിപ്പിക്കാൻ ശ്രമിക്കുന്നവരാണ് ഭൂരിഭാഗം പേരും. ചിലരാണെങ്കിൽ മറ്റുള്ളവരുടെ ശ്രദ്ധ ലഭിക്കാൻ അവർ രഹസ്യത്തിൽ പറഞ്ഞ കാര്യങ്ങൾ പോലും പരസ്യപ്പെടുത്തും. ദൈവവചനം നമ്മിൽ ആഴപ്പെടാത്തതിന്റെ പ്രകടമായ ലക്ഷണങ്ങളാണ് മുകളിൽ സൂചിപ്പിച്ചത്. വചനം വേരൂന്നുമ്പോൾ മാത്രമേ അകൃത്യങ്ങൾ പൊറുക്കാനും സ്നേഹത്തിൽ നിലനിൽക്കാനും സാധ്യമാകൂ.

വിതക്കാരന്റെ ഉപമയിൽ ക്രിസ്തു വിവരിച്ചതു പോലെ ദൈവവചനമാകുന്ന വിത്ത് പാതയോരത്തും മുള്ളുകൾക്കിടയിലും പാറപ്പുറത്തും നല്ല നിലത്തും വീഴുന്നുണ്ട്. വിത്തുകളെല്ലാം മുളക്കുന്നെങ്കിലും നല്ല നിലത്തു വീണവ മാത്രമേ വളർന്ന് ഫലം ചൂടുന്നുള്ളൂ (ലൂക്കാ 8:4-15). ദൈവത്തോട് ചേർന്നു നിൽക്കുമ്പോൾ ദൈവവചനത്തിന്റെ അരൂപി നമ്മിൽ നിറയുന്നു. എന്നാൽ ജീവിതവ്യഗ്രതകളിൽപെട്ട് ഉഴലുമ്പോൾ ഇന്നത്തെ കഥയിലെ സ്ത്രീ പറഞ്ഞതുപോലെ പണ്ടെങ്ങോ ധ്യാനം കൂടിയതിന്റെ മഹിമ പറഞ്ഞ് നന്മയുടെ ഫലങ്ങൾ പങ്കുവയ്ക്കാൻ കഴിയാത്തവരായി നമ്മൾ മാറിക്കൊണ്ടിരിക്കും.

അതിനാൽ ഓർക്കുക, വചനം നമ്മിൽ ആഴത്തിൽ വേരൂന്നുമ്പോൾ മാത്രമേ തിന്മയുടെ വേരുകൾ പൂർണ്ണമായും അറ്റു പോവുകയുള്ളൂ. ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ആണ്ടുപോയ തിന്മയുടെ വേരുകൾ പിഴുതുമാറ്റി അവിടെ ദൈവസ്നേഹത്തിന്റെ വിത്തുകൾ വിതറണമേയെന്ന് നമുക്ക് പ്രാർത്ഥിക്കാം. നൂറു മേനി ഫലം ചൂടാൻ അപ്പോൾ നമുക്ക് കഴിയും.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.