ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ധ്യാനിക്കാന്‍ ഏതാനും വചനങ്ങള്‍ 

പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും നിറഞ്ഞ സമയമാണ് ഗര്‍ഭിണി ആയിരിക്കുന്ന അവസ്ഥ. പുതിയ ഒരു ജീവനെ ഭൂമിയിലേയ്ക്ക് ആനയിക്കുന്നതിനായി ധാരാളം വേദനകള്‍ ഏറ്റെടുക്കുന്നവരാണ് അമ്മമാര്‍. അസ്വസ്ഥതകളുടെ നിമിഷങ്ങളില്‍ ഗര്‍ഭിണിയായവര്‍ക്ക് ശക്തി പകരുന്ന ഏതാനും ബൈബിള്‍ വചനങ്ങള്‍ ഇതാ:

1. പ്രഭാതത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാകുമ്പോള്‍

‘എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും.'(ഫിലിപ്പി 4: 13 )

‘അത് എന്നെ വിട്ടകലാന്‍വേണ്ടി മൂന്നു പ്രാവശ്യം ഞാന്‍ കര്‍ത്താവിനോടപേക്ഷിച്ചു. എന്നാല്‍, അവിടുന്ന് എന്നോട് അരുളിച്ചെയ്തു: നിനക്ക് എന്റെ കൃപ മതി; എന്തെന്നാല്‍, ബലഹീനതയിലാണ് എന്റെ ശക്തി പൂര്‍ണമായും പ്രകടമാകുന്നത്. ക്രിസ്തുവിന്റെ ശക്തി എന്റെ മേല്‍ ആവസിക്കുന്നതിനു ഞാന്‍ പൂര്‍വാധികം സന്തോഷത്തോടെ എന്റെ ബലഹീനതയെക്കുറിച്ചു പ്രശംസിക്കും.'( 2 കോറിന്തോസ് 12 :8 -9 )

2. പേടി ഉണ്ടാകുമ്പോള്‍

‘ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ട് ഞാന്‍ നിന്നെ താങ്ങിനിര്‍ത്തും.’ (ഏശയ്യാ 41 : 10)

3. ഇതൊക്കെ എങ്ങനെ നടക്കും എന്നോര്‍ത്ത് ആകുലപ്പെടുമ്പോള്‍ 

‘അവിടുന്നാണ് എന്റെ അന്തരംഗത്തിനു രൂപം നല്‍കിയത്; എന്റെ അമ്മയുടെ ഉദരത്തില്‍ അവിടുന്ന് എന്നെ മെനഞ്ഞു. ഞാന്‍ അങ്ങയെ സ്തുതിക്കുന്നു; എന്തെന്നാല്‍, അങ്ങ് എന്നെ വിസ്മയനീയമായി സൃഷ്ടിച്ചു; അവിടുത്തെ സൃഷ്ടികള്‍ അദ്ഭുതകരമാണ്. എനിക്കതു നന്നായി അറിയാം. ഞാന്‍ നിഗൂഢതയില്‍ ഉരുവാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളില്‍വച്ചു സൂക്ഷ്മതയോടെ സൃഷ്ടിക്കപ്പെടുകയും ചെയ്തപ്പോള്‍, എന്റെ രൂപം അങ്ങേക്ക് അജ്ഞാതമായിരുന്നില്ല. എനിക്കു രൂപം ലഭിക്കുന്നതിനുമുന്‍പുതന്നെ, അവിടുത്തെ കണ്ണുകള്‍ എന്നെ കണ്ടു; എനിക്കു നിശ്ചയിക്കപ്പെട്ടിട്ടുള്ള നാളുകള്‍ ഉണ്ടാകുന്നതിനു മുന്‍പുതന്നെ, അങ്ങയുടെ പുസ്തകത്തില്‍ അവ എഴുതപ്പെട്ടു.'(സങ്കീര്‍ത്തനം 139 :13 :16 )

4 . പ്രസവത്തിനു മുന്‍പുള്ള സമയം

‘നിന്റെ ഭാരം കര്‍ത്താവിനെ ഏല്‍പിക്കുക, അവിടുന്നു നിന്നെതാങ്ങിക്കൊള്ളും; നീതിമാന്‍ കുലുങ്ങാന്‍ അവിടുന്നു സമ്മതിക്കുകയില്ല.’ (സങ്കീര്‍ത്തനങ്ങള്‍  55  : 22 )

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.