നിരാശയെ അതിജീവിക്കുവാന്‍ സഹായിക്കുന്ന ബൈബിള്‍ വചനങ്ങള്‍ 

നിരാശ മനുഷ്യനെ നശിപ്പിക്കുന്ന ഒരു വലിയ വിപത്താണ്. ജീവിതത്തെക്കുറിച്ചുള്ള നല്ല പ്രതീക്ഷ, പ്രത്യാശ തുടങ്ങിയവ നഷ്ടപ്പെട്ടു തുടങ്ങുമ്പോഴാണ് ഒരാള്‍ നിരാശയിലേക്ക് കൂപ്പുകുത്തുന്നത്. ഒപ്പം തന്നെ വിശ്വാസജീവിതത്തില്‍ നിന്നുള്ള അകല്‍ച്ച, ദൈവത്തിലുള്ള വിശ്വാസക്കുറവ് തുടങ്ങിയവയും ഒരാളുടെ ജീവിതത്തില്‍ നിരാശയുടെ ഇരുള്‍ പടര്‍ത്തും.

നിരാശ നീക്കാനും പ്രത്യാശയില്‍ വളരാനും ദൈവം നല്‍കിയ ഔഷധമാണ് അവിടുത്തെ വചനങ്ങള്‍. വേദനയില്‍ നീ ഒറ്റയ്ക്കല്ല എന്ന ബോധ്യത്തിലേക്ക് എത്താന്‍, വചനങ്ങള്‍ ആവര്‍ത്തിച്ച് ഉരുവിടുന്നതിലൂടെ കഴിയും. വേദനയുടെ നിമിഷങ്ങളില്‍, നിരാശയുടെ നിമിഷങ്ങളില്‍, ആകുലതകളില്‍ പ്രത്യാശയിലേക്ക് നമ്മെ കൈപിടിച്ചുയര്‍ത്തുന്ന ഏതാനും വചനങ്ങള്‍ ഇതാ…

1. ‘കര്‍ത്താവാണ് നിന്റെ മുന്‍പില്‍ പോകുന്നത്. അവിടുന്നു നിന്നോടു കൂടെ ഉണ്ടായിരിക്കും. അവിടുന്നു നിന്നെ ഭഗ്‌നാശനാക്കുകയോ, പരിത്യജിക്കുകയോ ഇല്ല; ഭയപ്പെടുകയോ, സംഭ്രമിക്കുകയോ വേണ്ടാ’ (നിയമാ. 31:8).

2. ‘ചതഞ്ഞ ഞാങ്ങണ അവന്‍ മുറിക്കുകയില്ല; മങ്ങിയ തിരി കെടുത്തുകയുമില്ല. അവന്‍ വിശ്വസ്തതയോടെ നീതി പുലര്‍ത്തും'(ഏശയ്യാ 42:3).

3. ‘കര്‍ത്താവേ, അങ്ങാണ് എന്റെ രക്ഷാകവചവും എന്റെ മഹത്വവും; എന്നെ ശിരസ്സുയര്‍ത്തി നിര്‍ത്തുന്നതും അവിടുന്നു തന്നെ’ (സങ്കീ. 3:3).

4. ‘എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു, നീ എന്തിനു നെടുവീര്‍പ്പിടുന്നു? ദൈവത്തില്‍ പ്രത്യാശ വയ്ക്കുക; എന്റെ സഹായവും ദൈവവുമായ അവിടുത്തെ ഞാന്‍ വീണ്ടും പുകഴ്ത്തും’ (സങ്കീ. 42:11).

5. ‘അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍, ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍ നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍ നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. എന്തെന്നാല്‍, എന്റെ നുകം വഹിക്കാന്‍ എളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്’ (മത്തായി 11:28 -30).

6. ‘നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവും, കരുണയുടെ പിതാവും സകല സമാശ്വാസത്തിന്റെയും ദൈവവുമായവന്‍ വാഴ്ത്തപ്പെട്ടവനാകട്ടെ. ദൈവം ഞങ്ങള്‍ക്കു നല്‍കുന്ന സാന്ത്വനത്താല്‍ ഓരോ തരത്തിലുള്ള വ്യഥകളനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാന്‍ ഞങ്ങള്‍ ശക്തരാകേണ്ടതിനും, ഞങ്ങള്‍ ദൈവത്തില്‍നിന്ന് അനുഭവിക്കുന്ന അതേ ആശ്വാസം തന്നെ അവരും അനുഭവിക്കേണ്ടതിനും അവിടുന്നു ഞങ്ങളെ എല്ലാ ക്ലേശങ്ങളിലും സമാശ്വസിപ്പിക്കുന്നു’ (2 കോറി 1:3-4).

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.