സീറോ മലബാര്‍ ശ്ലീഹാക്കാലം മൂന്നാം ബുധൻ ജൂൺ 22 യോഹ. 9: 1-11 മാറ്റങ്ങൾ 

ഒരു അന്ധന് കാഴ്ച നൽകുന്ന സംഭവമാണ് നമ്മൾ ധ്യാനിക്കുന്നത്. ഇവിടെ, കാഴ്ചയ്‌ക്കൊപ്പം മറ്റു പല മാറ്റങ്ങളും അയാളിൽ സംഭവിക്കുന്നതായി നമ്മൾ കാണുന്നു. ഒന്നാമതായി, ജന്മനാ അന്ധനായവന് കാഴ്ച ലഭിക്കുന്നു. അവൻ ആവശ്യപ്പെട്ടിട്ടല്ല കാഴ്ച നൽകുന്നത് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ദൈവത്തിന്റെ ഹിതം അവനിൽ പൂർത്തിയാകുകയാണ്. രണ്ടാമതായി, കാഴ്ച മാത്രമല്ല ധൈര്യവും അയാൾക്ക്‌ ലഭിക്കുന്നു.

മറ്റുള്ളവരുടെ ചോദ്യത്തിനു മുൻപിൽ ‘ഞാൻ തന്നെ’ (9) എന്നു പറയാനുള്ള ധൈര്യം അയാൾക്കുണ്ടാകുന്നു. ഫരിസേയരുടെ മുൻപിലും അയാൾ ധീരതയോടെ ഈശോയ്ക്ക് സാക്ഷ്യം വഹിക്കുന്നു (30-33). മൂന്നാമതായി, അയാൾ ഈശോയിൽ വിശ്വസിക്കുന്നു. ആ വിശ്വാസം പരസ്യമായി ഏറ്റുപറയുന്നു (38). കാഴ്ച എന്ന അത്ഭുതം ജീവിതത്തിൽ സംഭവിച്ചപ്പോൾ ഒരുവനിൽ വരുന്ന മാറ്റമാണ് ഇതെല്ലാം. ‘ജീവിതം’ എന്ന ദൈവത്തിന്റെ ഏറ്റവും വലിയ അത്ഭുതവുമായി ജീവിക്കുന്ന നമ്മളിൽ എന്തെങ്കിലും മാറ്റം സംഭവിക്കുന്നുണ്ടോ?

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.