
ഈശോ തന്റെ ദൗത്യം ആരംഭിക്കുന്ന വചനഭാഗമാണ് നമ്മുടെ ധ്യാനവിഷയം. ദരിദ്രരെ സുവിശേഷം അറിയിക്കുക, ബന്ധിതര്‍ക്ക് മോചനം നല്‍കുക, അന്ധര്‍ക്ക് കാഴ്ച നല്‍കുക, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യം നല്‍കുക, കര്‍ത്താവിന് സ്വീകാര്യമായ വത്സരം പ്രഖ്യാപിക്കുക തുടങ്ങിയ സദ്‌വാര്‍ത്തകള്‍ ജനത്തിന് നല്‍കുക എന്നതാണ് ഈശോയുടെ ദൗത്യം.
ഈശോ ദൗത്യം ആരംഭിക്കുന്നത് എവിടെ വച്ചാണ് എന്നു കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. “യേശു, താന്‍ വളര്‍ന്ന സ്ഥലമായ നസറത്തില്‍ വന്നു” (16). താന്‍ വളര്‍ന്ന, തന്റെ സ്വന്തം സ്ഥലത്തു വച്ചാണ് തന്റെ ദൗത്യം അവിടുന്ന് പ്രഖ്യാപിക്കുന്നത്. താന്‍ ആയിരിക്കുന്ന ഇടങ്ങളിലാണ് ഒരുവന്‍ വചനം പ്രസംഗിച്ചു തുടങ്ങേണ്ടത് എന്ന യാഥാര്‍ത്ഥത്തിലേക്ക് ഈ വാക്യം വിരല്‍ ചൂണ്ടുന്നു. വചനം പ്രസംഗിക്കുക മാത്രമല്ല, വചനം ജീവിക്കുകയാണ് പ്രധാനപ്പെട്ട കാര്യം. ഈശോ ‘സദ്‌വാര്‍ത്ത’ പ്രസംഗിച്ച ആള്‍ മാത്രമല്ല ‘സദ്‌വാര്‍ത്ത’ ആയി ജീവിച്ച ആളാണ്. നമ്മളും ജീവിക്കുന്ന ഇടങ്ങളില്‍, കുടുംബത്തില്‍, ഇടവകയില്‍, സഭയില്‍, സമൂഹത്തില്‍, തൊഴിലിടങ്ങളില്‍ ദൈവത്തിന്റെ ‘സദ്‌വാര്‍ത്ത’ ആകുക.
ഫാ. ജി. കടൂപ്പാറയില്‍ MCBS