
“മനുഷ്യന് ഇത് അസാധ്യമാണ്; ദൈവത്തിന് അങ്ങനെയല്ല. അവിടുത്തേക്ക് എല്ലാം സാധിക്കും” (27) എന്ന വചനം നമുക്കൊക്കെ ബലം പകരേണ്ടതാണ്. നിത്യജീവൻ അവകാശമാക്കാൻ എന്തു ചെയ്യണമെന്നതിന്റെ ഉത്തരമായി ഈശോ പറയുന്ന ഈ വചനം, ജീവിതത്തിന്റെ പ്രതിസന്ധികളില്‍പെട്ട് ഉഴലുന്നവര്‍ക്ക് വലിയ ഉറപ്പാണ് നല്‍കുന്നത്. നമുക്ക് സാധ്യമല്ലാത്ത കാര്യങ്ങള്‍ക്കു മുമ്പില്‍ പകച്ച്, ഭയന്നു നില്‍ക്കുകയാണ് പലപ്പോഴും നമ്മള് ചെയ്യാറുള്ളത്. അത്തരം കാര്യങ്ങളിലേക്ക് ദൈവത്തെ ക്ഷണിക്കുന്നതില്‍ നമ്മള് പരാജയപ്പെടുകയും ചെയ്യുന്നു; അതോടെ പരാജയം പൂര്‍ണ്ണമാകുന്നു. നമുക്ക് സാധ്യമല്ലാത്ത കാര്യങ്ങളൊന്നും സാധ്യമല്ലെന്നു വിചാരിക്കുന്നത് എത്ര വിഡ്ഢിത്തമാണ്.
ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചു പരിപാലിക്കുന്ന, നമ്മളെ സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവത്തിന് അസാധ്യമായി ഒന്നുമില്ല. എന്റെ രോഗങ്ങള്‍ മാറ്റാന്‍, കഷ്ടതകള്‍ ഇല്ലാതാക്കാന്‍, വേദനകള്‍ക്ക് ശമനമുണ്ടാക്കാന്‍ എനിക്ക് കഴിവില്ലായിരിക്കും. എന്നാല്‍ അതിന് കഴിവുള്ള ഒരു ദൈവം എനിക്കുണ്ട് എന്നതായിരിക്കട്ടെ എന്റെ ഏറ്റവും വലിയ ബലം.
ഫാ. ജി. കടൂപ്പാറയിൽ MCBS