സീറോ മലബാര്‍ ശ്ലീഹാക്കാലം ഒന്നാം ബുധൻ ജൂൺ 08 ലൂക്കാ 1: 39-45 നമ്മുടെ സാന്നിധ്യം

സന്ദര്‍ശനങ്ങളെ ദൈവാനുഭവമാക്കി മാറ്റുന്ന പരിശുദ്ധ അമ്മയുടേയും എലിസബത്തിന്റെയും ജീവിതമാണ് ഇന്ന് വചനം നമുക്കു മുമ്പില്‍ വയ്ക്കുന്നത്. മറിയത്തിന്റെ അഭിവാദനം കേള്‍ക്കുമ്പോള്‍ എലിസബത്തിന്റെ ഉദരത്തില്‍ ശിശു കുതിച്ചുചാടുകയാണ്. ദൈവാനുഭവം നിറഞ്ഞ ഒരാളുടെ സാന്നിധ്യം മറ്റു വ്യക്തികളില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചുള്ള സൂചന ഇവിടെ നമ്മള്‍ കാണുന്നു.

നമ്മളും അനുദിനം എത്രയോ പേരെ സന്ദര്‍ശിക്കുന്നു, എത്രയോ പേരോട് സംസാരിക്കുന്നു. നമ്മുടെ സാന്നിധ്യവും സംസാരവും മറ്റുള്ളവരിലേക്ക് ദൈവാനുഭവത്തിന്റെ ചാലുകള്‍ കീറുന്നുണ്ടോ എന്ന് ധ്യാനിക്കേണ്ടതുണ്ട്. അതോ നമ്മുടെ ഇടപെടലുകള്‍ ദൈവാനുഭവത്തെ കെടുത്തിക്കളയുകയാണോ ചെയ്യുന്നത്? ഏത് സന്ദര്‍ശനത്തെയും ദൈവാനുഭവത്തിന്റെ അവസരവും വേദിയുമാക്കാന്‍ നമുക്ക് ശ്രമിക്കാം. നമ്മുടെ സാന്നിധ്യം മറ്റുള്ളവരിലെ ദൈവബോധത്തെ ഉണര്‍ത്തട്ടെ.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.