സീറോ മലബാര്‍ ശ്ലീഹാക്കാലം ഒന്നാം ഞായർ ജൂൺ 05 യോഹ. 20: 19-23 പന്തക്കുസ്താ തിരുനാള്‍

സഹായകനായ പരിശുദ്ധാത്മാവിനെ ഈശോ വാഗ്ദാനം ചെയ്യുന്നു. ജീവിതത്തിൽ മറ്റുള്ളവരുടെ സഹായം നമ്മൾ തേടാറുണ്ട്. അപകടസാഹചര്യങ്ങളിൽ ആരെങ്കിലും നമ്മെ സഹായിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവരായി നമ്മിലാരുണ്ട്? ജീവിതസാഹചര്യങ്ങളിൽ വിജയിക്കുന്നതിന് മാനുഷികസഹായം തേടുന്ന നമുക്ക്, ഈശോ വാഗ്ദാനം ചെയ്യുന്ന യഥാർത്ഥ സഹായകനെക്കുറിച്ചുള്ള അറിവുണ്ടോ?

പരിശുദ്ധാത്മാവാണ് നമ്മുടെ ഏറ്റവും വലിയ സഹായകൻ. അനുദിന ജീവിതത്തിലെ ക്ലേശങ്ങളിൽ സഹായിക്കുന്നവൻ, സങ്കടകരമായ സാഹചര്യങ്ങളിൽ ആശ്വസിപ്പിക്കുന്നവൻ, കൃത്യമായ തെരഞ്ഞെടുപ്പുകൾ നടത്താൻ പ്രേരണ നൽകുന്നവൻ… ഇതൊക്കെയാണ് പരിശുദ്ധാത്മാവ്. പരിശുദ്ധാത്മാവിനെ നമുക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത് ഈശോയാണ്. അതുകൊണ്ടു തന്നെ സുനിശ്ചിതമായ വാഗ്ദാനമാണത്.

വാഗ്ദാനങ്ങളിൽ വിശ്വസ്തനായവന്റെ വാഗ്ദാനം സ്ഥൈര്യലേപനം എന്ന കൂദാശ വഴി നമ്മിലും പൂർത്തിയായതാണ്. ആ പരിശുദ്ധാത്മാവിന്റെ നിയന്ത്രണമനുസരിച്ചാണോ നമ്മൾ ജീവിക്കുന്നതെന്ന് വ്യക്തിപരമായി ഉത്തരം പറയേണ്ട ചോദ്യമാണ്. അതുപോലെ തന്നെ, ജീവിതത്തിൽ ആരുടെ സഹായമാണ് എപ്പോഴും തേടുന്നതെന്നും ചിന്തിക്കണം.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.