സീറോ മലബാര്‍ നോമ്പുകാലം ആറാം ബുധൻ മാർച്ച് 29 മത്തായി 18: 15-20 പരസ്പരം തിരുത്തി ഐക്യപ്പെടുക 

പരസ്പരം തിരുത്തി ഐക്യപ്പെടുന്നതിനെക്കുറിച്ചുള്ള സന്ദേശമാണ് ഈശോ ഇന്ന് നമുക്ക് നൽകുന്നത്. എല്ലാവരോടും ഐക്യത്തിൽ ജീവിക്കേണ്ടവരാണ് നമ്മൾ. നമുക്ക് ആരെയും തള്ളിക്കളയാനില്ല. വിജാതീയനെയും ചുങ്കക്കാരനെയും പോലെ ആയിരിക്കട്ടെ എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം അവരെ തള്ളിക്കളയുക എന്നല്ല. മറിച്ച്, ഈശോയ്ക്ക് ചുങ്കക്കാരോടും വിജാതീയരോടും ഏതു മനോഭാവമായിരുന്നോ ഉണ്ടായിരുന്നത് ആ മനോഭാവം നമ്മളും പുലര്‍ത്തുക എന്നാണ്. ചുങ്കക്കാരോടും വിജാതീയരോടുമൊപ്പം വിരുന്നിനിരിക്കുന്ന ശൈലിയാണ് യേശുവിനുണ്ടായിരുന്നത് (മര്‍ക്കോ. 2:15).

നമ്മള്‍, നമുക്ക് തുല്യതയുള്ളവര്‍ക്കൊപ്പമാണ് സാധാരണ വിരുന്നുണ്ണുക. “അവര്‍ നിനക്ക് ചുങ്കക്കാരെയും വിജാതീയരെയും പോലെ ആയിരിക്കട്ടെ” എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം, അവരോടൊപ്പം വിരുന്നിനിരിക്കുക, അവരെ തുല്യരായി കാണുക, തള്ളിക്കളയാതിരിക്കുക എന്നാണ്. തള്ളിക്കളയാനായി നമുക്കാരുമില്ല. എല്ലാവരെയും ചേര്‍ത്തുപിടിക്കേണ്ടവരാണ് നമ്മള്‍; പരസ്പരം തിരുത്തി ഐക്യപ്പെടേണ്ടവരാണ് നമ്മൾ. കാരണം നമ്മുടെ മാതൃക എല്ലാവരെയും ചേര്‍ത്തുപിടിച്ച ഈശോയാണ്.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.