സീറോ മലബാര്‍ നോമ്പുകാലം അഞ്ചാം വെള്ളി മാര്‍ച്ച്‌ 24 യോഹ. 8: 49-59 അബ്രാഹത്തിനു മുമ്പ് ഞാനുണ്ട്

‘ഞങ്ങളുടെ മരിച്ചുപോയ പിതാവായ അബ്രാഹത്തേക്കാള്‍…’ എന്ന് യഹൂദര്‍ പറയുമ്പോള്‍, അബ്രാഹത്തെ തങ്ങളുടെ പിതാവായി അവര്‍ അംഗീകരിക്കുന്നുണ്ടെന്നു വ്യക്തം. വിശ്വാസികളുടെ പിതാവാണ് അബ്രാഹം. വിശ്വാസത്തിന്റെ കാര്യത്തിൽ ഏറ്റവും വലിയ മാതൃകകളിലൊരാള്‍. എന്നാല്‍, ആ അബ്രാഹത്തിന്റെ മക്കൾ എന്ന് അഭിമാനിക്കുന്നവര്‍ യേശുവില്‍ വിശ്വസിക്കുന്നില്ല എന്നത് നമ്മൾ ശ്രദ്ധിക്കണം. യേശുവിനെ എറിയാന്‍ അവർ കല്ലുകള്‍ എടുക്കുകയാണ് (59).

അബ്രാഹത്തെ പിതാവ് എന്നു വിളിക്കുകയും യേശുവിനെ ദൈവപുത്രന്‍ എന്ന് അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നത് മൗഢ്യമാണ്. തങ്ങള്‍ക്ക് ഇഷ്ടമുള്ളതില്‍ മാത്രം വിശ്വസിക്കുകയും സത്യമായ മറ്റു ചില കാര്യങ്ങള്‍ തള്ളിപ്പറയുകയും ചെയ്യുന്ന യഹൂദരെപ്പോലെയാണോ അനുദിനജീവിതത്തില്‍ നാം എന്ന് ധ്യാനിക്കേണ്ടതാണ്. സഹനത്തിന്റെയും സങ്കടത്തിന്റേതുമായ കാലങ്ങളിലും അബ്രാഹത്തിന്റെ വിശ്വാസം നമുക്ക് മാതൃകയാകണം. ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കാതിരിക്കില്ല.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.