സീറോ മലബാര്‍ ദനഹാക്കാലം അഞ്ചാം ഞായര്‍ ഫെബ്രുവരി 05 യോഹ. 3: 1-21 രക്ഷ പ്രദാനം ചെയ്യുന്ന വെളിച്ചം 

നിക്കൊദേമോസിനെ വിശ്വാസത്തിലേക്കു നയിച്ച ഈശോ, ലോകത്തിലെ എല്ലാ മനുഷ്യരും നിത്യജീവന്‍ പ്രാപിക്കണമെന്ന് ആഗ്രഹിക്കുന്നു. “ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചത്, ലോകത്തെ ശിക്ഷക്കു വിധിക്കാനല്ല; പ്രത്യുത അവന്‍ വഴി ലോകം രക്ഷ പ്രാപിക്കാനാണ്” എന്ന വചനം നമുക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ്. ശിക്ഷിക്കുന്ന, ഭയപ്പെടുത്തുന്ന ദൈവത്തേക്കാള്‍ ക്ഷമിക്കുന്ന, കരുണയുള്ള, സ്‌നേഹിക്കുന്ന ദൈവത്തിന്റെ മുഖം ഇന്നത്തെ വചനം നമ്മുടെ മനസുകളില്‍ കോറിവയ്ക്കുന്നു. ലോകത്തെ നന്മയിലേക്ക്, രക്ഷയിലേക്ക് നയിക്കാന്‍ വന്ന ഈശോയെ നാം ഓരോരുത്തരും മനസിലാക്കുന്നത് എപ്രകാരമാണ്?

നമ്മളെ സംബന്ധിച്ച് ഭയന്ന് മാറിനില്‍ക്കേണ്ട ആളല്ല ഈശോ. സ്‌നേഹത്തോടെ അടുത്തണയേണ്ട ആളാണ് ഈശോ. ഈശോയുമായുള്ള നമ്മുടെ വ്യക്തിപരമായ ബന്ധത്തേയും വിലയിരുത്തേണ്ടത് ആവശ്യമാണ്. സ്‌നേഹിക്കുന്ന, മനസിലാക്കുന്ന, അലിവുള്ള, കരുണയുള്ള ആളാണ് ഈശോ എന്ന ബോധ്യം മനസിലുണ്ടെങ്കിലേ കൂടുതല്‍ പ്രാര്‍ത്ഥിക്കാനും അവിടുത്തെ സന്നിധിയില്‍ ആയിരിക്കാനും നമുക്ക് സാധിക്കൂ. നിനവേ നഗരത്തെ ശിക്ഷിക്കാതിരുന്നപ്പോള്‍ യോന പറഞ്ഞത് നമ്മള്‍ ഓര്‍മ്മിക്കണം: “അവിടുന്ന് ദയാലുവും കാരുണ്യവാനും ക്ഷമാശീലനും സ്‌നേഹനിധിയും ശിക്ഷിക്കുന്നതില്‍ വിമുഖനും ആണെന്ന് ഞാനറിഞ്ഞു” (യോന. 4:2). ദൈവത്തെക്കുറിച്ചുള്ള ഈ അറിവ് നമുക്കും ഉണ്ടായിരിക്കണം. രക്ഷ പ്രദാനം ചെയ്യുന്ന വെളിച്ചമാണ് ദൈവം.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.