സീറോ മലബാര്‍ ദനഹാക്കാലം നാലാം വെള്ളി ഫെബ്രുവരി 03 മത്തായി 23: 34-39 മിശിഹായെപ്രതി ജീവൻ അർപ്പിക്കുന്നവർ 

നിയമജ്ഞരുടെയും ഫരിസേയരുടെയും കപടനാട്യത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഭാഗമാണ് വി. മത്തായിയുടെ സുവിശേഷം 27-ാം അധ്യായം. അതിലെ 34, 35 വാക്യങ്ങളിൽ, തനിക്കു വേണ്ടി ജീവൻ അർപ്പിക്കുന്നവരെക്കുറിച്ച് ഈശോ പ്രതിപാദിക്കുന്നു. “അതുകൊണ്ട്, ഇതാ, പ്രവാചകന്മാരെയും ജ്ഞാനികളെയും നിയമജ്ഞരെയും ഞാന്‍ നിങ്ങളുടെ അടുക്കലേക്ക് അയക്കുന്നു. അവരില്‍ ചിലരെ നിങ്ങള്‍ വധിക്കുകയും ക്രൂശിക്കുകയും ചെയ്യും; ചിലരെ നിങ്ങള്‍ നിങ്ങളുടെ സിനഗോഗുകളില്‍ വച്ച് ചമ്മട്ടി കൊണ്ട് അടിക്കുകയും പട്ടണംതോറും പിന്തുടര്‍ന്ന്  പീഡിപ്പിക്കുകയും ചെയ്യും. അങ്ങനെ, നിരപരാധനായ ആബേലിന്റെ രക്തം മുതല്‍ ദേവാലയത്തിനും ബലിപീഠത്തിനും മധ്യേ വച്ച് നിങ്ങള്‍ വധിച്ച ബറാക്കിയായുടെ പുത്രനായ സഖറിയായുടെ രക്തം വരെ, ഭൂമിയില്‍ ചൊരിയപ്പെട്ട എല്ലാ നീതിമാന്മാരുടെയും രക്തം നിങ്ങളുടെമേല്‍ പതിക്കും.”

മിശിഹായെപ്രതി ജീവനർപ്പിച്ച എല്ലാ നീതിമാന്മാരുടെയും സ്മരണ ഇവിടെ കടന്നുവരികയാണ്. തനിക്കു വേണ്ടി ജീവനർപ്പിച്ച എല്ലാ പ്രവാചകന്മാരെയും ജ്ഞാനികളെയും നിയമജ്ഞരെയും നീതിമാന്മാരേയും ഈശോ ഓർമ്മിക്കുന്നു. അവരുടെ ആരുടേയും ജീവിതബലി വെറുതെയായിരുന്നില്ല എന്ന് അവിടുന്ന് സൂചിപ്പിക്കുന്നു. ഏത് നിഷേധാത്മക സാഹചര്യത്തിലും ഈശോയ്ക്കു വേണ്ടി നമ്മളും ജീവിക്കേണ്ടതാണ്; ജീവിതം നൽകേണ്ടതാണ് എന്ന ബോധ്യം നമ്മിലും വളരട്ടെ. നീതിമാന്മാരുടെ ജീവിതം ദൈവസന്നിധിയിൽ വിലയുള്ളതാണ്.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.