സീറോ മലബാർ മംഗളവാര്‍ത്താക്കാലം ഒന്നാം ബുധന്‍ നവംബർ 30 യോഹ. 8: 26-30 എപ്പോഴും

“ഞാന്‍ എപ്പോഴും അവിടുത്തേക്ക് ഇഷ്ടമുള്ളത് പ്രവര്‍ത്തിക്കുന്നു” (29) എന്നാണ് യേശു പറയുന്നത്. “ഇത് പറഞ്ഞപ്പോള്‍ വളരെപ്പേര്‍ അവനില്‍ വിശ്വസിച്ചു” എന്ന് 30-ാം വചനവും പറയുന്നു. യേശു എപ്പോഴും ദൈവത്തിന് ഇഷ്ടമുള്ള കാര്യങ്ങളായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.

‘എപ്പോഴും’ എന്ന പദം നമ്മള്‍ ശ്രദ്ധിക്കേണ്ടതാണ്. നമ്മളും ദൈവത്തിന് ഇഷ്ടമുള്ളത് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നവരും താല്‍പര്യപ്പെടുന്നവരുമാണ്. പക്ഷേ, ‘എപ്പോഴും’ അങ്ങനെയാണോ? മിക്കപ്പോഴും നമ്മുടേതായ ചില താല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നവരായിരിക്കും നമ്മള്‍. ചിലപ്പോഴൊക്കെ ദൈവഹിതം അനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യും. പക്ഷേ, എപ്പോഴും ദൈവഹിതത്തിന് അനുസരിച്ച് ജീവിക്കേണ്ടവരാണ് നമ്മള്‍. രാവും പകലും ദൈവഹിതമനുസരിച്ച് പ്രവര്‍ത്തിക്കണം. ദുഃഖത്തിലും സന്തോഷത്തിലും ദാരിദ്ര്യത്തിലും സമ്പത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും ദൈവത്തിന് ഇഷ്ടമുള്ളത് മാത്രം പ്രവര്‍ത്തിക്കുക. അപ്പോഴേ മറ്റുള്ളവര്‍ ക്രിസ്തുവില്‍ വിശ്വസിക്കൂ, നമ്മളില്‍ വിശ്വസിക്കൂ.

ഫാ. ജി. കടൂപ്പാറയില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.