സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം ഏഴാം ഞായർ ഒക്ടോബർ 23 മത്തായി 12: 22-32 മുന്‍വിധി 

ദൈവം നമ്മിലേക്ക് മറ്റുള്ളവരിലൂടെ നല്‍കാന്‍ ഉദ്ദേശിക്കുന്ന പല നന്മകളും നമ്മുടെ മുന്‍വിധികള്‍ കൊണ്ട് ഇല്ലാതാകാറുണ്ട്. ഇന്നത്തെ വചനവും സമാനമായ ഒരു സംഭവത്തിലേക്ക് നമ്മെ നയിക്കുന്നു. അന്ധനും ഊമനുമായ ഒരു പിശാചുബാധിതനെ സൗഖ്യമാക്കിയ യേശുവിനെക്കുറിച്ച് ഫരിസേയര്‍ പറയുന്നത്, യേശു പിശാചുക്കളുടെ തലവനായ ബേല്‍സെബൂലിനെക്കൊണ്ടാണ് പിശാചുക്കളെ പുറത്താക്കുന്നത് എന്നാണ്. യേശുവിന്റെ അത്ഭുതങ്ങളെയും അവനിലൂടെ വന്ന അടയാളങ്ങളെയും അംഗീകരിക്കാതിരിക്കുന്നവര്‍, അവനിലൂടെ സംഭവിക്കേണ്ടിയിരിക്കുന്ന ഉപരിനന്മകള്‍ക്ക് വിഘാതമാകുകയാണ്. അതിനു കാരണം യേശുവിനെക്കുറിച്ചുള്ള അവരുടെ മുന്‍വിധികളാണ്.

നമ്മുടെ അനുദിനജീവിതത്തിലും ഇതുപോലെ നിരവധി നന്മകള്‍ നമ്മുടെ മുന്‍വിധികള്‍ മൂലം സംഭവിക്കാതെ പോകുന്നില്ലേ. വ്യക്തികളെക്കുറിച്ച്, സാഹചര്യങ്ങളെക്കുറിച്ച്, ദിവസത്തെക്കുറിച്ച്, തീയതിയെക്കുറിച്ച് ഒക്കെയുള്ള ചില മുന്‍വിധികള്‍ അവയിലൂടെ സംഭവിക്കേണ്ട നന്മകള്‍ ദൈവഹിതം എന്നിവയ്ക്ക് വിഘാതമായി മാറുന്നില്ലേ എന്ന് ധ്യാനിക്കേണ്ടിയിരിക്കുന്നു.

ഫാ. ജി. കടൂപ്പാറയില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.