സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം നാലാം ചൊവ്വ ഒക്ടോബർ 04 ലൂക്കാ 14: 7-14 മാതൃക

അന്ത്യ അത്താഴവേളയില്‍ സ്വന്തം ശിഷ്യരുടെ പാദങ്ങള്‍ കഴുകിത്തുടക്കാന്‍ അവരുടെ മുമ്പില്‍ മുട്ടുകുത്തിയ ക്രിസ്തു, നേരത്തെ തന്നെ എളിമപ്പെടുന്നതിനെക്കുറിച്ചു പറയുമ്പോള്‍ നമ്മള്‍ മനസിലാക്കണം, അത് പറയാനുള്ള യോഗ്യത അവനേ ഉള്ളൂ എന്ന്.

നമ്മള്‍ ആഡംബരത്തിന്റെ മധ്യേയിരുന്ന് ദാരിദ്ര്യത്തെക്കുറിച്ച് വാചാലരാകുമ്പോഴും, അഹങ്കാരത്തിന്റെ കസേരയിലിരുന്ന് എളിമയെക്കുറിച്ചു സംസാരിക്കുമ്പോഴും, എല്ലാവരെയും കബളിപ്പിച്ച് ഒന്നാം സ്ഥാനത്ത് നിലകൊള്ളുമ്പോഴും ക്രിസ്തുവിന്റെ പ്രബോധനത്തിനു വിരുദ്ധമായിട്ടാണ് ജീവിക്കുന്നത് എന്ന് ഓര്‍മ്മിക്കുക. എളിമപ്പെടുക എന്നത് ധീരമായ ഒരു കര്‍മ്മമാണ്. അവസാന സ്ഥാനമാണെങ്കിലും അത് സ്വീകരിക്കുന്നതും വിജയിക്കാനാവുന്ന സാഹചര്യങ്ങളിലും തോറ്റുകൊടുക്കുന്നതും പരാജയമല്ലെന്ന് നമ്മള്‍ നമ്മുടെ മനസിനെ പറഞ്ഞു പഠിപ്പിക്കേണ്ടിയിരിക്കുന്നു.

യഥാര്‍ത്ഥ എളിമ ഉള്ളവനേ ഒടുവിലത്തെ സ്ഥാനത്തു നില്‍ക്കാനും സംഘര്‍ഷങ്ങളില്‍ സംയമനം പാലിക്കാനും തോറ്റുകൊടുക്കാനും സാധിക്കൂ; അത് ധീരതയാണ്. ആ ധീരതയിലേക്കു വളരാനാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്. അത് കണ്ടാണ് മറ്റുള്ളവര്‍ പഠിക്കേണ്ടത്. വാക്കിലല്ല, കര്‍മ്മങ്ങളിലാണ് കാര്യം.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.