
‘തന്റെ പന്ത്രണ്ട് പേരെ മാത്രം’ കൂട്ടിക്കൊണ്ട് യേശു ജറുസലേമിലേക്കു പോവുകയാണ്. ഒറ്റിക്കൊടുക്കപ്പെടുമെന്നും ശത്രുക്കളുടെ കരങ്ങളിൽ ഏൽപിക്കപ്പെടുമെന്നും മരണവിധിവാചകം കേൾക്കേണ്ടിവരുമെന്നും അനീതിയും അപമാനവും ഏൽക്കേണ്ടിവരുമെന്നും മുൾക്കിരീടം അണിയേണ്ടിവരുമെന്നും ഒടുവിൽ മരിക്കേണ്ടിവരുമെന്നും ശിഷ്യന്മാരോടു പറയുന്നു. സെബദിപുത്രന്മാരുടെ മാതാവിന്റെ അഭ്യർഥനയോടുള്ള പ്രതികരണത്തിൽ ഇക്കാര്യം കൂടുതൽ വ്യക്തമാക്കുകയും ചെയ്യുന്നു.
“എന്റെ പാനപാത്രം തീർച്ചയായും നിങ്ങൾ കുടിക്കും.” ജീവിതത്തിലെ സഹനങ്ങളെല്ലാം – രോഗവും തെറ്റിധാരണയും ദാരിദ്ര്യവും – യേശുവിന്റെ പാനപാത്രത്തിൽ പങ്കുചേരുന്ന അവസരങ്ങളാണല്ലോ. അത് പാനം ചെയ്യാനുള്ള ശക്തിക്കായിട്ടാണ് നാം പ്രാർഥിക്കേണ്ടത്. “ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന്‍ വന്നിരിക്കുന്നു” എന്ന വാക്യവും നമ്മുടെ മനസ്സിൽ തെളിഞ്ഞുനിൽക്കട്ടെ. മറ്റുള്ളവരെ മോചിപ്പിക്കാൻ സ്വജീവന്‍ നൽകിയ യേശുവിനെപ്പോലെ നമുക്കും മറ്റുള്ളവർക്കായി ജീവിക്കാൻ സാധിക്കട്ടെ.
ഫാ. ജി. കടൂപ്പാറയില്‍ MCBS




