
ഈശോ തന്റെ ശിഷ്യന്മാർക്കു നൽകുന്ന വിവിധ ഉപദേശങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. വ്യത്യസ്തങ്ങളായ സാഹചര്യങ്ങളിൽ എങ്ങനെ പെരുമാറണമെന്ന് ഈശോ ശിഷ്യരോടു പറയുന്നു. അവയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത്, പശ്ചാത്തപിക്കുന്നവനോട് ക്ഷമിക്കുക എന്നതാണ്. യേശു പറയുന്നത്, ദിവസത്തില്‍ ഏഴുപ്രാവശ്യം ഒരാള്‍ നമുക്കെതിരായി പാപം ചെയ്യുകയും ഏഴുപ്രാവശ്യം തിരിച്ചുവന്ന് പശ്ചാത്തപിക്കുന്നു എന്ന് അവന്‍ പറയുകയും ചെയ്താല്‍ അവനോട് ക്ഷമിക്കണമെന്നാണ്. ക്ഷമിക്കാതിരിക്കാൻ നമുക്ക് നിരവധി കാരണങ്ങളുണ്ടാകാം. പക്ഷേ, ക്ഷമിക്കാനാണ് യേശു നമ്മോടു പറയുന്നത്.
ഇതുവരെയുള്ള ജീവിതത്തിൽ നമ്മൾ ചെയ്തിട്ടുള്ള അനവധി പാപങ്ങൾ ദൈവം നമ്മോട് ക്ഷമിച്ചിട്ടുണ്ട്. ദൈവം ക്ഷമിച്ച പാപങ്ങൾ നമ്മൾ പിന്നീടും ആവർത്തിച്ചിട്ടുണ്ട്. അങ്ങനെയുള്ള നമുക്ക് എങ്ങനെയാണ് മറ്റുള്ളവരോട് ക്ഷമിക്കാതിരിക്കാൻ പറ്റുക? നിരുപാധികമായ ക്ഷമയാണ് ഞാൻ എന്ന ക്രിസ്തുശിഷ്യനെ അടയാളപ്പെടുത്തേണ്ടത്.
ഫാ. ജി. കടൂപ്പാറയിൽ MCBS




