
അനേകം ഫരിസേയരും സദുക്കായരും യോഹന്നാന്റെ അടുക്കൽ സ്നാനമേൽക്കാൻ എത്തിയിരുന്നു (7). മാനസാന്തരത്തിനു യോജിച്ച ഫലം പുറപ്പെടുവിക്കുവിൻ എന്നാണ് യോഹന്നാൻ അവരോട് ആവശ്യപ്പെട്ടത്. യോഹന്നാൻ നൽകിയ സ്നാനം സ്വീകരിക്കാനും അവന്റെ വാക്കുകൾ കേൾക്കാനും അവർ എത്തി എന്നതാണ് പ്രധാനം.
എന്നെ സംബന്ധിച്ച് ആരാണ് യോഹന്നാൻ? ജീവിതത്തിൽ മാറ്റം വരുത്തണമെന്ന് എന്നോട് ആവശ്യപ്പെടുന്നത് ആരൊക്കെയാണ്? എന്റെ മാതാപിതാക്കൾ, ജീവിതപങ്കാളി, മക്കൾ, അധികാരികൾ, സഹപ്രവർത്തകർ… ആരിലൂടെയാണ് എന്റെ മനസ്സിന് മാറ്റം വരുത്താൻ ദൈവം ശ്രമിക്കുന്നത്. അത്തരം നല്ല വ്യക്തികളെ ദൈവം അയയ്ക്കുമ്പോൾ അവരിലൂടെ വരുന്ന ദൈവഹിതം തിരിച്ചറിയാൻ, അതിനനുസരിച്ചു പ്രവർത്തിക്കാൻ നാം ശ്രമിക്കുക. മറ്റുപലരുടെയും ജീവിതത്തിൽ യോഹന്നാനായി മാറാനുള്ള ദൈവവിളി നമുക്കുണ്ട്. മാനസാന്തരത്തിനു യോജിച്ച ഫലം പുറപ്പെടുവിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്.
ഫാ. ജി. കടൂപ്പാറയിൽ MCBS