
മകനേ, മകളേ… നിന്റെ ഹൃദയം എവിടെയാണ് എന്നൊരു ചോദ്യം ദൈവം നമ്മോടു ചോദിച്ചാല്‍ എന്തായിരിക്കും നമ്മുടെ മറുപടി. ‘അവരുടെ ഹൃദയം എന്നില്‍നിന്ന് ഏറെ അകലെയാണ്’ എന്ന് ഏശയ്യായുടെ പ്രവചനത്തെ ഉദ്ധരിച്ച് യഹൂദരെക്കുറിച്ച് യേശു പറയുന്നുണ്ട്. എന്നെ സംബന്ധിച്ച് ആ വചനം എന്തുമാത്രം ശരിയാണ് എന്ന് വ്യക്തിപരമായി ആലോചിച്ച് ഉത്തരം കണ്ടെത്തേണ്ട കാര്യമാണ്. ‘നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയം’ എന്ന വചനംകൂടി ഇതിനോട് ചേര്‍ത്തുവായിക്കുന്നതും നന്നായിരിക്കും.
സൗന്ദര്യത്തിലോ, പണത്തിലോ, പ്രസിദ്ധിയിലോ, അധികാരത്തിലോ, കഴിവിലോ ആണോ നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്? എങ്കിൽ സംശയമില്ല; ഹൃദയം അവിടെത്തന്നെ. ദൈവത്തില്‍നിന്ന് ദൂരെ മാറ്റി ഹൃദയം വയ്ക്കുന്ന ഒരാള്‍ക്ക് എങ്ങനെയാണ് ദൈവത്തിന്റെ മകള്‍/ മകന്‍ എന്ന് അവകാശപ്പെടാന്‍ സാധിക്കുക? ഹൃദയം ദൈവത്തിലർപ്പിച്ചു ജീവിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്.
ഫാ. ജി. കടൂപ്പാറയില്‍ MCBS