സീറോ മലബാര്‍ ഉയിര്‍പ്പുകാലം നാലാം ബുധന്‍ മെയ് 14 യോഹ. 5: 30-38 അയച്ചവന്റെ ഇഷ്ടം നിറവേറ്റുന്നവർ

“സ്വമേധയാ ഒന്നും ചെയ്യാന്‍ എനിക്ക് സാധിക്കുകയില്ല. ഞാന്‍ ശ്രവിക്കുന്നതുപോലെ, ഞാന്‍ വിധിക്കുന്നു. എന്റെ വിധി നീതിപൂര്‍വകവുമാണ്. കാരണം, എന്റെ ഇഷ്ടമല്ല; എന്നെ അയച്ചവന്റെ ഇഷ്ടമാണ് ഞാന്‍ അന്വേഷിക്കുന്നത്” (30). താൻ എന്താണ് ഈ ഭൂമിയിൽ ചെയ്യുന്നതെന്ന് ഈശോ വ്യക്തമാക്കുകയാണ്. സ്വന്തം ഇഷ്ടമല്ല, തന്നെ അയച്ച പിതാവായ ദൈവത്തിന്റെ ഇഷ്ടമാണ് താൻ നിർവഹിക്കുന്നത് എന്ന് അവിടുന്നു പറയുന്നു. ഗെത്സമെനിൽവച്ചുള്ള പ്രാർഥനയുടെ ഒടുവിലും ഈശോ ഇതു തന്നെ ആവർത്തിക്കുന്നു – എന്റെ ഹിതമല്ല; അങ്ങയുടെ ഹിതം നിറവേറട്ടെ. അങ്ങനെ താൻ യഥാർഥ ദൈവപുത്രനാണ്‌ എന്ന് അവിടുന്ന് തെളിയിക്കുന്നു.

ദൈവത്തിന്റെ ഇഷ്ടം ചെയ്യുമ്പോഴാണ് നമ്മളും ദൈവത്തിന്റെ മക്കളായിത്തീരുന്നത്. ദൈവത്തിന്റെ മകനും മകളും ആയിത്തീരാനുള്ള ഏകമാർഗം ദൈവത്തിന്റെ ഹിതം ഭൂമിയിൽ നിറവേറ്റുകയാണ്‌. നമ്മുടെ ജീവിതത്തിലെ വലിയ ആകുലതകൾക്കും സങ്കടങ്ങൾക്കും കാരണം ദൈവത്തിന്റെ ഹിതം നിറവേറ്റാതെ നമ്മുടെ ഹിതം നിറവേറ്റാൻ നമ്മൾ ശ്രമിക്കുന്നതുകൊണ്ടാണ്. നമ്മെയൊക്കെ ദൈവം ഭൂമിയിലേക്ക് അയച്ചിരിക്കുന്നവരാണ്. അയച്ചവന്റെ ഹിതം നമ്മളും നിറവേറ്റുക.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.