സീറോ മലങ്കര സെപ്റ്റംബർ 09 ലൂക്കാ 8: 19-21 യേശുവിന്റെ അമ്മയും സഹോദരരും

യേശുവിന്റെ അമ്മയും സഹോദരരും യേശുവിനെ കാണാനായി വരുന്നു. പക്ഷേ ജനക്കൂട്ടം നിമിത്തം അടുത്തെത്താൻ സാധിക്കുന്നില്ല. യേശുവിനെ അവരുടെ വരവിനെക്കുറിച്ച് അറിയിച്ചപ്പോൾ “ദൈവവചനം കേൾക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് എന്റെ അമ്മയും സഹോദരരും” (ലൂക്ക 8:21) എന്നാണ് യേശുതമ്പുരാൻ പറയുക.

ദൈവവചനം പാലിക്കുന്നവരൊക്കെയും ദൈവത്തിന്റെ മക്കളാണ് എന്ന് ദൈവം സാക്ഷ്യപ്പെടുത്തുന്നു. റോമാ ലേഖനത്തിൽ നാം ദൈവമക്കളും അവകാശികളുമാണെന്ന് വി. പൗലോസ് ശ്ലീഹാ ഓർമ്മിപ്പിക്കുന്നു. ദൈവവചനം കേട്ടിട്ട് അത് പാലിക്കുന്നവരാകാൻ വി. യാക്കോബ് ശ്ലീഹായും ഓർമ്മിപ്പിക്കുന്നു (യാക്കോബ് 1: 22-24). നാമെല്ലാവരും ദൈവത്തെ അനുസരിക്കണമെന്നും അവിടുത്തോട് ചേർന്ന് ജീവിക്കണമെന്നുമാണ് ദൈവത്തിന്റെ ആഗ്രഹം. കാരണം കല്പനകൾ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ് ദൈവത്തെ സ്നേഹിക്കുന്നത് (യോഹ. 14:21).

പരിശുദ്ധ ദൈവമാതാവിനെ യേശുവിന്റെ അമ്മയായി തിരഞ്ഞെടുക്കാൻ കാരണം, അവൾ വചനം സ്വീകരിക്കുകയും പാലിക്കുകയും ചെയ്തവളാണ്. അതുകൊണ്ടുതന്നെയാവണം അവൾ ദൈവമാതാവായി തിരഞ്ഞെടുക്കപ്പെട്ടത്. വചനം നിറഞ്ഞവളിലാണ് വചനം വന്നുവസിച്ചത്.

ഇന്നത്തെ വചനഭാഗം ദൈവത്തിന്റെ സഹോദരരാകാനുള്ള മാർഗം ഈശോ നമുക്ക് ഉപദേശിച്ചുതരുന്നു. ദൈവവചനം പഠിക്കുക, പാലിക്കുക. ദൈവവചനം പഠിക്കുകയും പാലിക്കുകയും ചെയ്യുന്നവൻ ഉറപ്പുള്ള പാറമേൽ ഭവനം പണിതവനു തുല്യൻ. അതിനെ ഇളക്കാൻ തിരമാലകൾക്കോ, കാറ്റിനോ ആവില്ല. വചനം പാലിക്കുന്നവന്റെ ദൈവത്തിലുള്ള ബന്ധം അത്രയും സുദൃഢമായിരിക്കും. പുഴയ്ക്കരികെ നടപ്പെട്ട വൃക്ഷംപോലെ അവനിൽ എന്നും തളിരും ഫലങ്ങളും ഉണ്ടാകും (സങ്കീ. 1:3).

ഫാ. തോമസ് തൈക്കാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.