സീറോ മലങ്കര ഒക്ടോബർ 08 മത്തായി 8: 5-13 വിശ്വാസം

ഫാ. ജോസഫ്‌ കുടിലില്‍

യേശു ഒരു ശതാധിപന്റെ അഭ്യർത്ഥന മാനിച്ച്‌, അവന്റെ വിശ്വാസത്തിൽ ആകൃഷ്ടനായി അദ്ദേഹത്തിന്റെ സേവകനെ സുഖപ്പെടുത്തുന്നതാണ് ഇന്നത്തെ സുവിശേഷത്തിന്റെ സാരംശം. ഈ സുവിശേഷഭാഗത്തിൽ സൗഖ്യം പ്രാപിക്കുന്ന ഭൃത്യനെ സൗഖ്യദായകനായ യേശുവിന്റെ ചാരത്ത് കാണാൻ സാധിക്കുന്നില്ല. യേശുവിന്റെ സാമീപ്യം പോലും ആവശ്യമില്ല യേശുവിന് ഒരു അത്ഭുതപ്രവർത്തി ചെയ്യാൻ എന്ന് ആ ശതാധിപൻ മനസ്സിലാക്കുന്നു. അത്രമേൽ ആഴത്തിലുള്ള വിശ്വാസം ശതാധിപൻ പ്രകടമാക്കിയതുകൊണ്ടാണ് പത്താം വാക്യത്തിൽ യേശുതമ്പുരാൻ ഇപ്രകാരം പറയുന്നത്: “ഇതുപോലെയുള്ള വിശ്വാസം ഇസ്രായേലിൽ ഒരുവനിൽ പോലും ഞാൻ കണ്ടിട്ടില്ല.”

ഈ ശതാധിപന്റെ ജീവിതമാതൃക നമുക്കും സ്വീകരിക്കാം. ആദ്ധ്യാത്മികജീവിതത്തിലെ പ്രാർത്ഥന എന്ന വലിയ ആയുധത്തിലൂടെ ദൈവം നമ്മുടെ മധ്യേ അത്ഭുതം പ്രവർത്തിക്കുമെന്ന് നമുക്ക് ഉറച്ചു വിശ്വസിക്കാം. എശയ്യ പ്രവാചകന്റെ വാക്കുകൾ നമ്മെ ബലപ്പെടുത്തട്ടെ. “ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടു കൂടെയുണ്ട്‌. സംഭ്രമിക്കേണ്ടാ, ഞാനാണ്‌ നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലതുകൈ കൊണ്ട് ഞാന്‍ നിന്നെ താങ്ങിനിര്‍ത്തും” (ഏശയ്യാ 41:10).

യേശു തന്റെ മുമ്പിൽ വന്നവരോട് ഒറ്റ ചോദ്യമേ ചോദിച്ചിട്ടുള്ളൂ. നീ വിശ്വസിക്കുന്നുവോ? അവിടെ അവൻ നമ്മുടെ ജാതിയോ, കുലമോ, പാരമ്പര്യമോ ഒന്നും അന്വേഷിച്ചില്ല. ശതാധിപന്റെ വിശ്വാസത്തിന്റെ ആഴവും യേശു കണ്ടു. ശിലാതുല്യമായ വിശ്വാസം വളർത്താൻ നമുക്ക് പരിശ്രമിക്കാം. ആകാശത്തിന്റ കീഴിൽ നമ്മുടെ രക്ഷക്കായിട്ട് വേറൊരു നാമവും നൽകിയിട്ടില്ല എന്ന് തിരിച്ചറിഞ്ഞു (അപ്പ. പ്രവ. 4:12) യേശുവിലുള്ള വിശ്വാസം ഹൃദയത്തിൽ ഉറപ്പിച്ച് അധരം കൊണ്ട് ഏറ്റുപറയാം (റോമാ 10:9).

ഫാ. ജോസഫ് കുടിലിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.