

തേജസ്കരണ കാലത്തിലെ ഒന്നാം ഞായറാഴ്ചയായ ഇന്ന്, സുവിശേഷത്തിൽ രണ്ട് പുത്രന്മാരുടെ രൂപാന്തരീകരണമാണ് നാം വിചിന്തനം ചെയ്യുന്നത്. “മാനസാന്തരപ്പെടുവിൻ; സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു” (മത്തായി 4:17) എന്ന് പ്രസംഗിച്ച്, പരസ്യജീവിതം ആരംഭിക്കുന്ന യേശുവിന്റെ തുടർന്നുള്ള പഠിപ്പിക്കലിൽ പ്രധാനമായും ലക്ഷ്യം വച്ചത്, ശ്രോതാക്കളെ സ്വർഗ്ഗരാജ്യത്തിന്റെ അവകാശികളാക്കിത്തീർക്കുക എന്നതായിരുന്നു. യേശുവിന്റെ പ്രഭാഷണങ്ങളിലും ഉപമകളിലുമൊക്കെ ദൈവരാജ്യമാണ് നിറഞ്ഞുനിന്നിരുന്നത്.
മത്തായി ശ്ലീഹായുടെ സുവിശേഷത്തിൽ മാത്രം കാണുന്ന രണ്ട് പുത്രന്മാരുടെ ഉപമയും ദൈവരാജ്യകേന്ദ്രീകൃതമാണ്. പിതാവിന്റെ സ്വത്തിൽ മക്കൾക്കാണ് ആദ്യം അവകാശം. പിന്നീടാണ് കുടുംബത്തിന് പുറത്തു നിന്നുള്ളവർക്ക് അവകാശം. ദൈവത്തിന്റെ സ്വന്തം ജനം എന്ന് മേനി നടിച്ചിരുന്ന ഇസ്രായേല്യരിൽ പലരും ദൈവരാജ്യത്തോട് വിമുഖത കാണിച്ചപ്പോൾ അവർക്ക് ശക്തമായ താക്കീത് നൽകാൻ വേണ്ടി യേശു പഠിപ്പിച്ച ഉപമയാണ് ഇത്.
ദൈവരാജ്യത്തിന്റെ അവകാശം ആർക്കും തീറെഴുതി വച്ചിട്ടില്ല എന്നും അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കാൻ തയ്യാറാകുന്ന ആർക്കും – ചുങ്കക്കാരും പാപികളും ഉൾപ്പെടെ ആർക്കും – അതിൽ പ്രവേശിക്കാം എന്നും മിശിഹാതമ്പുരാൻ നമ്മെ ഓർമ്മിപ്പിക്കുന്നു. നമുക്കും ഒരു രൂപാന്തരം ഉണ്ടാകണം. പോകാമെന്നു പറഞ്ഞിട്ട് പോകാതിരുന്ന പുത്രനാണോ, പോവില്ല എന്നു പറഞ്ഞിട്ട് പോയ പുത്രനാണോ പിതാവിന്റെ ഇഷ്ടം നിറവേറ്റിയത് എന്ന യേശുവിന്റെ ചോദ്യത്തിന് ശ്രോതാക്കളുടെ മറുപടി, രണ്ടാമൻ എന്നാണ്. യേശു അത് ശരിവയ്ക്കുന്നു. ശേഷം പശ്ചാത്താപത്തെക്കുറിച്ച് ഒന്നുകൂടി അടിവരയിട്ട് പ്രബോധിപ്പിക്കുന്നു.
ഇത് ശ്രവിക്കുന്ന എനിക്ക് ഇന്ന് രൂപാന്തരം സംഭവിക്കുന്നുണ്ടോ? സ്വർഗ്ഗരാജ്യത്തിന്റെ അവകാശിയാകണം എന്ന ചിന്തയിൽ ജീവിതം നയിക്കാൻ സാധിക്കുന്നുണ്ടോ? ഇന്ന് എന്റെ ജീവിതത്തിന്റെ അവസാന ദിനമായാൽ ഞാൻ എവിടെയായിരിക്കും? സ്വർഗ്ഗരാജ്യത്തിൽ എത്തുമോ എന്ന് ഉറപ്പു പറയാൻ സാധിക്കുമോ?
ഫാ. ഡാനിയേൽ കൊഴുവക്കാട്ട്