

യേശുനാഥന്റെ മഹത്വീകരണത്തെ സംബന്ധിക്കുന്ന വചനഭാഗമാണ് ഇന്നത്തെ നമ്മുടെ ചിന്താവിഷയം. വചനം ഇപ്രകാരം പറയുന്നു: “പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ അവന്റെ മുഖഭാവം മാറി. വസ്ത്രം വെണ്മയോടെ ശോഭിച്ചു.” പിതാവുമായുള്ള തന്റെ സംഭാഷണം യേശുവിലുണ്ടാക്കുന്ന മാറ്റം വലുതാണ്. ആ മഹത്വം കൂടെയുണ്ടായിരുന്ന ശിഷ്യന്മാർ ദർശിച്ചു എന്നാണ് വചനം പറഞ്ഞുവയ്ക്കുന്നത്.
അനുദിന ജീവിതത്തിൽ പ്രാർത്ഥനയിലൂടെ ദൈവം സമ്മാനിക്കുന്ന മാറ്റം സ്വന്തമാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ? ദൈവത്തെ മഹത്വപ്പെടുത്തുമ്പോൾ നാം കൂടുതൽ മഹത്വീകരിക്കപ്പെടുന്നതായി നമ്മുടെ ചുറ്റുമുള്ളവർക്ക് കണ്ടു ബോധ്യപ്പെടാൻ കഴിഞ്ഞിട്ടുണ്ടോ? പ്രാർത്ഥനയിലൂടെ ശാരീരികവും മാനസികവുമായ മാറ്റം നാം സ്വന്തമാക്കേണ്ടതായിട്ടുണ്ട്. അനേകർക്ക് വഴിവിളക്കായി നമ്മുടെ ജീവിതം മാറാൻ അത്തരം മാറ്റങ്ങൾ നമ്മെ സഹായിക്കും.
ഫാ. ഫിലിപ്പ് മാത്യു, വെട്ടിക്കാട്ട്