സീറോ മലങ്കര ഡിസംബർ 06 യോഹ. 16: 25-33 ഇടുങ്ങിയ വഴി

പരസ്യജീവിതകാലത്ത് ഈശോ ഉപമകൾവഴി ജനങ്ങളെ പഠിപ്പിക്കുകയും ശിഷ്യന്മാർക്ക് അവയെല്ലാം രഹസ്യമായി വ്യാഖ്യാനിച്ചുകൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ അതെല്ലാം ശിഷ്യന്മാർക്ക് മനസിലാക്കാനോ, ഗ്രഹിക്കാനോ സാധിച്ചിരുന്നില്ല. എന്നാൽ ശിഷ്യന്മാരോടൊത്ത് തന്റെ അവസാന പെസഹ ആഘോഷിച്ചതിനുശേഷം ഈശോ പറയുന്ന കാര്യങ്ങൾ ഗ്രഹിക്കാൻ ശിഷ്യന്മാർക്ക് സാധിക്കുന്നു എന്നത് ശ്രദ്ധേയമാണ്. പരിശുദ്ധ കുർബാന നമ്മെ സ്വർഗീയരഹസ്യങ്ങളിലേക്ക് ചേർത്തുനിർത്തുമെന്നതിന് വലിയൊരു സാക്ഷ്യമാണിത്.

എമ്മാവൂസിലേക്കുപോയ ശിഷ്യന്മാരുടെ മൂടപ്പെട്ട കണ്ണുകൾ തുറക്കപ്പെട്ടതും ഈശോ അപ്പം മുറിച്ചുനല്‍കിയപ്പോഴാണ്. ഓരോ വ്യക്തിയുടെയും ജീവിതസാഹചര്യങ്ങളിലൂടെ സ്വർഗം എന്ത് നേടാൻ ആഗ്രഹിക്കുന്നു എന്നത് പരിശുദ്ധ കുർബാന അനുഭവത്തിലൂടെ നമുക്കും അനുഭവവേദ്യമാക്കാൻ സാധിക്കും. തുടർന്നും ഈശോ ശിഷ്യന്മാരോട് പറയുന്നു, ഇവയെല്ലാം ഗ്രഹിച്ചിട്ടും താന്താങ്ങുടെ വഴിയിലേക്ക് നിങ്ങൾ ചിതറിപ്പോകും. കാരണം വാഗ്ദാനമായ പരിശുദ്ധാത്മാവിനെ അവർ സ്വീകരിച്ചിരുന്നില്ല. എന്നാൽ ശിഷ്യന്മാരുടെ ജീവിതത്തിൽ പെന്തക്കൊസ്തി അനുഭവം ഉണ്ടായതിനുശേഷം ശിഷ്യന്മാർക്ക് ജീവൻ ക്രിസ്തുവും മരണം നേട്ടവുമായി മാറി.

സ്വർഗത്തിലേക്കുള്ള വഴി ഞെരുക്കമുള്ളതും വാതിയിൽ ഇടുങ്ങിയതുമാണ്. നമ്മുടെ ജീവിതത്തിൽ നാമും സഞ്ചരിക്കേണ്ടിയിരിക്കുന്നത് ഈ ഇടുങ്ങിയ വഴിയിലൂടെയാണ്. അതിനായി പിതാവായ ദൈവത്തിന്റെ ഇരുകരങ്ങളാകുന്ന പുത്രൻ തമ്പുരാനെയും (പരിശുദ്ധ കുർബാന) പരിശുദ്ധാത്മാവിനെയും നിരന്തരം കൂടെ ചേർത്തുനിർത്താം.

ഫാ. തോമസ് ചെറുതോട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.