സീറോ മലങ്കര ഒക്ടോബർ 01 മത്തായി 18: 1-5 വി. കൊച്ചുത്രേസ്യ

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

സഭയിൽ ഏറ്റവും കൂടുതൽ സ്നേഹിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും അനുകരിക്കപ്പെടുകയും ചെയ്യുന്ന വിശുദ്ധയാണ് കൊച്ചുത്രേസ്യ. യേശുവിനെ അസാധാരണമായ വിധത്തിൽ സ്നേഹിക്കുകയും അങ്ങനെ ചെയ്യാൻ എല്ലാവർക്കും സാധിക്കുമെന്ന് തന്റെ ഇരുപത്തിനാലു വർഷത്തെ ജീവിതത്തിനിടയിൽ കാട്ടിത്തരികയും ചെയ്ത വിശുദ്ധ. ഒരു ചെറിയ മുറിയിലിരുന്നു മാത്രം പ്രാർത്ഥിച്ചവൾ, ലോകം മുഴുവൻ സഞ്ചരിച്ച് സുവിശേഷപ്രഘോഷണം നടത്തിയ വി. ഫ്രാൻസിസ് സേവ്യറിനൊപ്പം സഭയുടെ മിഷൻ പ്രവർത്തന മദ്ധ്യസ്ഥയാണ്. “ഒരു ആത്മാവിന്റെ കഥ” എന്ന ഓർമ്മക്കുറിപ്പുകൾ മാത്രം എഴുതിയവൾ വലിയ പണ്ഡിതന്മാരോടൊപ്പം വേദപാരംഗതന്മാരുടെ ഗണത്തിലാണ്. ചെറുപുഷ്പമെന്നും ഉണ്ണിയീശോയുടെ കൊച്ചുത്രേസ്യായെന്നും അറിയപ്പെടുന്ന തെരേസയിൽ നിന്നും പ്രസരിച്ച വിശുദ്ധിയുടെ വെളിച്ചം ലോകത്തെ മുഴുവൻ പ്രകാശപൂരിതമാക്കി.

ഫ്രാൻസിലെ ലിസ്യുവിൽ നിന്നും ഏകദേശം നൂറു കിലോമീറ്റർ ദൂരത്തിലുള്ള അലൻകോൺ എന്ന പ്രദേശത്ത് സെലി ഗുവേരിന്റെയും ലൂയി മാർട്ടിന്റെയും ഒൻപതു മക്കളിൽ ഏറ്റവും ഇളയവളായി 1873 ജനുവരി രണ്ടിന് കൊച്ചുത്രേസ്യ ജനിച്ചു. ഇളയവളെന്ന നിലയിലും അസാധാരണ സൗന്ദര്യവും മനം കവരുന്ന പെരുമാറ്റരീതികളും കാരണം അവൾ വീട്ടിൽ എല്ലാവരുടെയും ഓമനയായിത്തീർന്നു. രോഗങ്ങളും വേദനകളുമൊക്കെ ഉണ്ടായിരുന്നപ്പോഴും മാർട്ടിൻ ഭവനം ഒരു കൊച്ചുസ്വർഗ്ഗമായിരുന്നു. 1886-ൽ പതിമൂന്നാമത്തെ വയസ്സിൽ അവൾ പൂർണ്ണമായും ദൈവത്തിനു സമർപ്പിച്ചു. 1888-ൽ ബിഷപ്പിന്റെ പ്രത്യേക അനുവാദത്തോടെ ലിസ്യുവിലെ കർമ്മലീത്താ മഠത്തിൽ ചേർന്നു. തന്റെ സഹോദരിമാരായ മരിയയുടെയും പൗളിന്റെയും സാന്നിധ്യം സന്തോഷപ്രദമായിരുന്നുവെങ്കിലും, അവരോടൊത്തല്ല ദൈവത്തോടൊത്തായിരിക്കാനാണ് താൻ മഠത്തിൽ ചേർന്നതെന്ന ചിന്തയിൽ തെരേസ അവിടെ ജീവിച്ചു.

കർമ്മലീത്താ മഠത്തിലെ ജീവിതത്തിൽ ക്രിസ്തീയവിശ്വാസത്തിൽ വിശുദ്ധി പ്രാപിക്കുന്നതിന് വഴിത്തിരിവായ വലിയൊരു കണ്ടുപിടുത്തം തെരേസ നടത്തി. സ്വർഗ്ഗത്തിലേയ്ക്ക്‌ പോകാൻ തെരേസ കണ്ടുപിടിച്ച എളുപ്പവഴിയാണ് പിന്നീട് പ്രസിദ്ധമായ തെരേസയുടെ “ചെറിയ മാർഗ്ഗം” (Little Way). ഒരുപാട് പ്രവൃത്തിക്കുക എന്നതിനേക്കാൾ ചെയ്യുന്ന ഓരോ പ്രവൃത്തിയും ഒരുപാട് സ്നേഹത്തോടെ ചെയ്യുക എന്നതായിരുന്നു അവളുടെ വഴി. നീണ്ടകാലത്തെ രോഗത്തിനുശേഷം 1897 സെപ്റ്റംബർ 30-ന് അവൾ തന്റെ നിത്യസമ്മാനത്തിനായി എടുക്കപ്പെട്ടു. 1925 മെയ് 17-ന് പിയൂസ് പതിനൊന്നാമൻ മാർപാപ്പ തെരേസയെ വിശുദ്ധയായും പിന്നീട് വി. ജോൺപോൾ രണ്ടാമൻ മാർപാപ്പ സഭയിലെ മുപ്പത്തിമൂന്നാമത്തെ വേദപാരംഗതയായും വി. കൊച്ചുത്രേസ്യായെ ഉയർത്തി (കൂടുതൽ വിശദീകരണത്തിന് ജനുവരി 31, ഫെബ്രുവരി 20, ആഗസ്റ്റ് 05 തീയതികളിലെ വിചിന്തനം കാണുക).

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.