സീറോ മലങ്കര ആഗസ്റ്റ് 14 മർക്കോ. 12: 38-44 നിയമജ്ഞർക്ക് വിമർശനവും വിധവയ്ക്ക് പ്രശംസയും

യഹൂദ മതനിയമങ്ങളിൽ ആഴമായ അറിവുനേടി ജനങ്ങൾക്ക് വ്യാഖ്യാനിച്ചുകൊടുക്കുന്ന നിയമജ്ഞരുടെ കപടനാട്യത്തെ യേശു നിശിതമായി വിമർശിക്കുകയും ഇവരുടെയൊക്കെ ചൂഷണത്തിന് വിധേമായി നിര്‍ദ്ധനയായിത്തീർന്ന വിധവയുടെ ദൈവാശ്രയത്തെ അകമഴിഞ്ഞ് പ്രശംസിക്കുകയും ചെയ്യുന്ന വേദഭാഗമാണിത്. ആൺതുണയില്ലാതെ ജീവിക്കേണ്ടിവരുന്ന വിധവകളുടെ സംരക്ഷണം യഹൂദപാരമ്പര്യത്തിൽ സമൂഹത്തിന്റെ ഉത്തരവാദിത്വമായിരുന്നു. വിധവകളെയോ, അനാഥരെയോ പീഡിപ്പിക്കരുതെന്നു (പുറ. 22:22) മാത്രമല്ല, ദശാംശത്തിന്റെ ഒരംശം ഇവരുടെ പരിപാലനത്തിനായി നല്‍കുകയും വേണം (നിയ. 26:12). ഇതിനായി കോടതി നിയോഗിക്കുന്ന നടത്തിപ്പുകാരന് അവരുടെ സ്വത്തുക്കളുടെ മേൽനോട്ടത്തിനും അവകാശമുണ്ടായിരുന്നു. എന്നാൽ, കാലാന്തരത്തിൽ സംരക്ഷകന്റെ കണ്ണ് അവരുടെ സമ്പത്തിൽ മാത്രമാവുമ്പോൾ അവർ “വിധവകളുടെ ഭവനങ്ങൾ വിഴുങ്ങുന്നവരായി” മാറും. എന്നാൽ “വിധവകൾക്കുവേണ്ടി വാദിക്കുവിൻ” (1:17) എന്ന ഏശയ്യാ പ്രവാചകന്റെ നിർദ്ദേശമാണ് യേശു ഇവിടെ നടപ്പാക്കുന്നത്.

ക്രിസ്തീയചിന്തയിൽ അധികാരവും സമ്പത്തും അറിവും ഒരുവന് അനുഗ്രഹവഴിയാകുന്നത് സമൂഹത്തിലെ അവശരെയും ആലംബഹീനരെയും കരുതുമ്പോഴാണ്. ഇവിടെ നിയമജ്ഞർ നീണ്ട അങ്കിയും പൊതുസ്ഥലത്തെ ബഹുമാനത്തോടെയുള്ള അഭിവാദനവും സിനഗോഗിലെയും വിരുന്നുശാലകളിലെയും പ്രമുഖമായ ഇരിപ്പിടവും സേവനത്തിനായല്ല, ചൂഷണത്തിനായാണ് ഉപയോഗിക്കുന്നത്. മാത്രമല്ല, ഇതൊക്കെ മാനുഷികമഹത്വം കൊണ്ടുവരുന്ന പുറംമോടികളായി മാറിയിരിക്കുന്നു. സൗജന്യമായി കൊടുക്കേണ്ടുന്ന അറിവും സേവനവും പ്രതിഫലത്തിലും മനുഷ്യപ്രശംസയിലും കുടുങ്ങിക്കിടക്കുമ്പോൾ നിയമജ്ഞർക്ക് നഷ്ടപ്പെടുന്നത് ദൈവത്തിൽ നിന്നുള്ള പ്രതിഫലമാണ്.

വലിയ ഭണ്ഡാരപ്പെട്ടിയിൽ സമ്പന്നർ ശബ്ദമുള്ള വിലകൂടിയ നാണയങ്ങളിട്ട് പ്രാർത്ഥിക്കാൻ വരുന്നവരുടെ ശ്രദ്ധയും പ്രശംസയും നേടിയപ്പോൾ, ആദ്യമായി വിധവയുടെ വിലകുറഞ്ഞ ചെമ്പുനാണയത്തിന് വലിയ വിലയുണ്ടായിരിക്കുന്നു. ആരും കേൾക്കാത്ത ഇവളുടെ നാണയത്തിന്റെ ശബ്ദം സ്വർഗ്ഗവാതിലിലൂടെ ദൈവസന്നിധിയിൽ പ്രവേശിച്ചിരിക്കുന്നു. ഇനിയും കയ്യിൽ ഒന്നും അവശേഷിക്കുന്നില്ലെങ്കിലും തന്നെ ദൈവം നോക്കിക്കൊള്ളുമെന്ന് നിഷ്ക്കളങ്കമായി അവൾ വിശ്വസിച്ചു. ഫരിസേയ മനോഭാവം വെടിഞ്ഞ് നമുക്ക് ലഭിച്ചിരിക്കുന്ന സ്ഥാനമാനങ്ങൾ ദൈവമഹത്വത്തിനായി ഉപയോഗിക്കാം. പാവങ്ങളുടെ ഇടയിൽ ദൈവസാന്നിദ്ധ്യമായി പരിണമിച്ച് ദൈവത്തിൽ നിന്ന് പ്രതിഫലം വാങ്ങുന്നവരായി നമുക്ക് മാറാം. പൂർണ്ണമായും ദൈവത്തിലാശ്രയിച്ച് ജീവിതത്തിലെ പ്രയാസങ്ങളെ നേരിടാൻ നമുക്കിന്ന് പരിശ്രമിക്കാം (കൂടുതൽ വിശദീകരണത്തിന് നവംബർ 9, 18 മെയ് 25 തീയതികളിലെ വിചിന്തനം കാണുക).

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.