സീറോ മലങ്കര ജൂലൈ 03 യോഹ. 20: 19-29 ദുക്‌റോനോ തിരുനാൾ

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ഭാരതത്തിന്റെ അപ്പോസ്തോലനും വിശ്വാസത്തിൽ നമ്മുടെ പിതാവുമായ മാർതോമ്മാ ശ്ലീഹായുടെ ദുക്‌റോനോ തിരുനാൾ നാം ഇന്ന് ആഘോഷിക്കുന്നു. ഉത്ഥിതനായ യേശുവിന്റെ ദർശനത്തിൽ “എന്റെ കര്‍ത്താവേ, എന്‍റെ ദൈവമേ!” (യോഹ. 20:28) എന്ന് ഉറക്കെ ഉദ്ഘോഷിച്ച തോമ്മാശ്ലീഹാ താൻ അനുഭവിച്ചറിഞ്ഞ ക്രിസ്തുവിനെ ഭാരതത്തിലെ ജനങ്ങൾക്ക് പകർന്നുനൽകുന്നതിനായി ദീർഘയാത്ര ചെയ്ത് എ.ഡി. 52-ൽ ഇവിടെയെത്തുകയും ദക്ഷിണേന്ത്യയിൽ തന്റെ പ്രേഷിതപ്രവർത്തനം നടത്തുകയും ചെയ്തു. അദ്ദേഹം രൂപപ്പെടുത്തിയ ക്രിസ്തീയസമൂഹങ്ങൾ കൊടുങ്ങല്ലൂര്‍, പാലയൂര്‍, കോട്ടക്കാവ്, കോക്കമംഗലം, നിരണം, കൊല്ലം, നിലയ്ക്കൽ തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചു വളരുകയും ഭാരതത്തിലെ ക്രിസ്തുസാന്നിധ്യത്തിന്റ അടയാളങ്ങളായി മാറുകയും ചെയ്തു. തോമാശ്ലീഹായുടെ രക്തസാക്ഷിത്വം തമിഴ്നാട്ടിലെ ചെന്നൈക്കടുത്തുള്ള മൈലാപ്പൂരില്‍ വച്ച് എ.ഡി. 72-ല്‍ സംഭവിച്ചുവെന്ന് ചരിത്രവും പാരമ്പര്യവും സാക്ഷിക്കുന്നു. അതിനാൽ തന്നെ മൈലാപ്പൂർ ആദ്യനൂറ്റാണ്ട് മുതല്‍ സഭയിലെ അറിയപ്പെടുന്ന തീർത്ഥാടനകേന്ദ്രവുമാണ്.

മൂന്ന് അപ്പോസ്തോലന്മാരുടെ കബറിനു മുകളിൽ മാത്രമേ അൾത്താര പണിത് ദേവാലയം നിർമ്മിച്ചിട്ടുള്ളൂ. റോമിലെ വി. പത്രോസിന്റെ ബസിലിക്കയും, സാന്റിയാഗോയിലെ വി. യാക്കോബിന്റെ കത്തീഡ്രലും, ചെന്നൈയിലെ തോമാശ്ലീഹായുടെ ബസിലിക്കയും. ക്രിസ്തുവിന്റെ സഭയുടെ പ്രധാന വിശേഷണങ്ങളിലൊന്നായ അപ്പസ്തോലികത ഭാരതസഭക്കു ലഭിച്ചിരിക്കുന്നത് മാർതോമ്മാ ശ്ലീഹായിലൂടെയാണ്. നാലു സുവിശേഷകന്മാരും തോമസിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ടെങ്കിലും വി. യോഹന്നാന്റെ സുവിശേഷത്തില്‍ നിന്നാണ്, അദ്ദേഹത്തിന്റെ വ്യക്തിത്വത്തെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം നമുക്കു ലഭിക്കുന്നത്.

മറ്റു ശിഷ്യന്മാർക്കു ലഭിച്ച ക്രിസ്തുദർശനം തനിക്കും ലഭിക്കണമെന്ന് വാശി പിടിച്ചതിൽ നിന്നുമാണ് ‘സംശയാലുവായ തോമസ്’ എന്ന ശീർഷകത്തിലും തോമാശ്ലീഹാ അറിയപ്പെടുന്നത്. എന്നാൽ അസാധാരണ ധൈര്യവും യേശുവിനും സുവിശേഷത്തിനും വേണ്ടി മരിക്കാനുമുള്ള സന്നദ്ധതയും പെന്തക്കോസ്തിക്കു മുമ്പു തന്നെ തോമാശ്ലീഹായിൽ പ്രകടമായിരുന്നു. മാർ തോമാശ്ലീഹാ നമുക്ക് അഭിമാനിക്കാനുള്ള കാരണം എന്നതുപോലെ തന്നെ സുവിശേഷപ്രഘോഷണത്തിനുള്ള മാതൃകയുമാണ്. അനുഭവിച്ചറിഞ്ഞ യേശുവിനെ അനേകർക്ക് പകർന്നുനൽകുക എന്നതാണ് ക്രിസ്തുശിഷ്യന്റെ നിയോഗം. താൻ കണ്ടുവിശ്വസിച്ച സത്യത്തെ കലർപ്പ് കൂടാതെ തോമാശ്ലീഹാ നമുക്ക് പകർന്നുതന്നു. ഇന്നും യേശുവിനെ അറിയാതെയും വ്യക്തിജീവിതത്തിൽ അനുഭവിക്കാതെയും മുന്നോട്ടുപോകുന്ന അനേകർ നമുക്ക് ചുറ്റുമുണ്ട്. ഈ വിശ്വാസവെളിച്ചം എല്ലാവരിലുമെത്തിക്കുന്നതിന് നമുക്ക് നിരന്തരം പരിശ്രമിക്കാം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.